
മണ്ണുത്തി– വടക്കഞ്ചേരി ആറുവരിപ്പാതയ്ക്കു കുറുകെ, മുകളിൽ നിന്ന് സൂര്യാസ്തമയം കാണാം; നീന്തിക്കുളിക്കാം..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി തൃശൂർ – പാലക്കാട് പാതയിലെ അത്ഭുതമൂറുന്ന കൗതുക കാഴ്ചയാണ് ചുവന്ന മണ്ണ് നീർപാലം. 36.85 കിലോമീറ്ററുള്ള പീച്ചിയിലെ വലതുകര കനാലിന്റെ ഭാഗമായ നീർപാലം 24 ഗ്രാമങ്ങളിലേക്കു ജലസേചനത്തിനായുള്ള വെള്ളം വഹിച്ചുപോകുന്നു. ചുവന്ന മണ്ണിനപ്പുറമാണ് കുതിരാൻ. ചുവന്ന മണ്ണിലെ നീർപാലം കടന്ന് കിഴക്കോട്ട് സഞ്ചരിക്കുമ്പോഴാണു കുതിരാൻ തുരങ്കം. ടിപ്പുവിന്റെ പടയോട്ടകാലത്ത് നിർമിച്ചതെന്ന് കരുതുന്ന കുതിരാൻ വഴിയുള്ള പാത പ്രധാനമായും മൂന്ന് തവണ വികസിപ്പിച്ചു.
പഴയ റോഡ് നിർമിച്ചപ്പോഴും ദേശീയപാത 47 പൂർത്തീകരിച്ചപ്പോഴും പിന്നീട് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ദേശീയപാത 544 ലെ മണ്ണുത്തി വടക്കഞ്ചേരി ആറുവരിപ്പാതയുടെ നിർമാണ സമയത്തും നീർപാലം അനക്കമില്ലാതെ തുടർന്നു. 120 മീറ്ററോളം നീളമുള്ള നീർപാലം ആർച്ച് ആകൃതിയിലുള്ള കൽത്തൂണുകളിലാണ് നിർമിച്ചിട്ടുള്ളത്. കേരളത്തിലെ ആദ്യത്തെ ആറുവരി ദേശീയപാത ചുവന്ന മണ്ണ് വഴി കടന്നു പോയപ്പോഴും നീർപാലത്തിന്റെ തൂണുകളിൽ മാറ്റം വരുത്തേണ്ടി വന്നില്ല.
6 വരികളിലെ ഗതാഗതവും നീർപാലത്തിന്റെ ആർച്ചിനുള്ളിലൂടെ കടന്നുപോകുന്നു. വേനൽക്കാലം തുടങ്ങിയാൽ നാട്ടുകാർക്കും കുട്ടികൾക്കും നീർപാലം ഉല്ലാസ കേന്ദ്രമാകും. ആറുവരിപ്പാതയ്ക്കു കുറുകെ മുകളിൽ നിന്ന് സൂര്യാസ്തമയം കാണാം. നീന്തി കുളിക്കാം. ഒരുഭാഗത്ത് കൈവരികൾ ഉള്ളതിനാൽ സുരക്ഷിതമായി നടക്കാനും ആവും. 1949 മുതൽ 1957 വരെയുള്ള പീച്ചി ഡാമിന്റെ നിർമാണ കാലത്തിൽ തന്നെയാണ് ചുവന്ന മണ്ണിലെ നീർപാലവും പൂർത്തിയായത്.
എന്നാൽ കൂടുതൽ സഞ്ചാരികൾ ഒരേസമയം പാലത്തിനു മുകളിൽ എത്തുന്നത് അപകട ഭീഷണി ഉയർത്തുന്നു. ഉല്ലാസത്തിന് എത്തുന്നവർക്ക് തടസ്സമാകുന്ന വിധത്തിൽ ലഹരി സംഘങ്ങൾ എത്തുന്നതിനെതിരെ പൊലീസും നാട്ടുകാരും ജാഗ്രത പാലിക്കുന്നുമുണ്ട്.