
നഷ്ടം വിതച്ച് മിന്നൽച്ചുഴി; കർഷകർക്കു പുറമെ കെഎസ്ഇബിക്കും വൻ നഷ്ടം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാട്ടകാമ്പാൽ∙ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞായർ പുലർച്ചെ വീശിയടിച്ച മിന്നൽച്ചുഴലിയിൽ കർഷകർക്കു പുറമെ കെഎസ്ഇബിക്കും വൻ നഷ്ടം. 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.ഒട്ടേറെ പ്രദേശങ്ങളിൽ വൈദ്യുതക്കമ്പികൾ പൊട്ടിയിട്ടുണ്ട്. 3 ദിവസത്തെ പരിശ്രമത്തിനൊടുവിൽ നാൽപതോളം വൈദ്യുതക്കാലുകൾ പുനഃസ്ഥാപിച്ചു. പറമ്പുകളിൽ കൃഷിയാവശ്യത്തിനായി സ്ഥാപിച്ചതിൽ തകർന്ന വൈദ്യുതക്കാലുകളാണ് ഇനി പുനഃസ്ഥാപിക്കാനുള്ളത്.
പഴഞ്ഞിക്ക് പുറമെ കുന്നംകുളം, ഗുരുവായൂർ, പെരുമ്പിലാവ്, പുന്നയൂർക്കുളം, കേച്ചേരി, കൂനംമൂച്ചി എന്നിവിടങ്ങളിലെ ജീവനക്കാരും കരാർ തൊഴിലാളികളും ചേർന്നാണ് അതിവേഗത്തിൽ അറ്റകുറ്റപ്പണി നടത്തിയത്. ഒട്ടേറെ വീടുകളിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞതായി അസിസ്റ്റന്റ് എൻജിനീയർ ടി.കെ.ജിതേഷ് പറഞ്ഞു. ചിറയ്ക്കൽ സെന്ററിൽ പ്ലാവ് ഒടിഞ്ഞുവീണ് അടിത്തറ ഇളകിയ ട്രാൻസ്ഫോമർ പുനഃസ്ഥാപിച്ചു. മേഖലയിൽ വൻ തോതിൽ കൃഷിയും നശിച്ചിട്ടുണ്ട്. കൃഷി നശിച്ച കർഷകർ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
ഇതിന്റെ കോപ്പിയും ആധാർകാർഡ്, നികുതി രസീത്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പിയും വിളകൾക്ക് സമീപം കർഷകർ നിൽക്കുന്ന ഫോട്ടോയും കൃഷിഭവനിൽ സമർപ്പിക്കണം. കൃഷിഭവൻ അധികൃതർ സ്ഥലം സന്ദർശിച്ചശേഷമേ വിളകൾ മുറിച്ചുമാറ്റാൻ പാടുള്ളൂവെന്ന് കൃഷി ഓഫിസർ അറിയിച്ചു. അപേക്ഷകൾ 22ന് അകം സമർപ്പിക്കണം. വീടുകളുടെ മേൽക്കൂരകൾ പൂർണമായും തകർന്ന സ്ഥലങ്ങളിൽ ടാർപോളിൻ വലിച്ചുകെട്ടിയിരിക്കുകയാണ്. അപ്രതീക്ഷിതമായി വീടുകൾക്കുണ്ടായ വൻ നാശനഷ്ടം പലരെയും കഷ്ടത്തിലാക്കി. വീടുകളും കൃഷികളും നശിച്ചവർക്ക് അടിയന്തര സഹായം നൽകണമെന്ന ആവശ്യം ശക്തമാണ്.