
‘കുടില് പൊളിച്ച് ആന കയറിവന്നു..; അവരും എങ്ങോട്ടേലും ഓടിക്കേറി രക്ഷപ്പെട്ടു കാണുമെന്ന് വിചാരിച്ചു, പക്ഷേ…’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാലക്കുടി ∙ ‘അരിയും സാധനങ്ങളും വാങ്ങി ഞങ്ങൾ കുടിലിലേക്കു വന്നതേയുള്ളായിരുന്നു. കഞ്ഞിവയ്ക്കാൻ തുടങ്ങിയ സമയം. ചെറിയ മഴയുണ്ടായിരുന്നതുകൊണ്ടു മറ്റു ശബ്ദമൊന്നും കേൾക്കാനുണ്ടായിരുന്നില്ല. കുടില് പൊളിച്ച് ആന കയറിവന്നപ്പോ ഞങ്ങള് ചിതറിയോടി. ആർക്കൊക്കെ എന്തൊക്കെ പറ്റിയെന്നു പോലും അറിയില്ലാരുന്നു. പുഴ നീന്തിക്കേറിക്കഴിഞ്ഞപ്പോഴാ സതീഷും അംബികയും കൂടെയില്ലെന്ന് മനസ്സിലായത്. അവരും എങ്ങോട്ടേലും ഓടിക്കേറി രക്ഷപ്പെട്ടു കാണുമെന്ന് വിചാരിച്ചു. പക്ഷേ, രാവിലെ തിരിച്ചുപോയി നോക്കിയപ്പോഴാ അവര് പോയെന്നറിഞ്ഞത്..’ ആശുപത്രിക്കിടക്കയിൽ കിടന്നുകൊണ്ടു സംഭവം വിവരിക്കുമ്പോൾ രവിയുടെ ശബ്ദമിടറി.
ഭാര്യയടക്കം ഉറ്റവർ രണ്ടുപേരുടെ മരണത്തിന്റെ നടുക്കത്തിൽ സ്വന്തം പരുക്കുകൾ പോലും രവി ഓർക്കുന്നില്ല. വിഷുനാളിൽ രാത്രിയിൽ അത്താഴം കഴിക്കാനുള്ള ഒരുക്കത്തിലായിരുന്നു നാലുപേരും. 5 ദിവസം മുൻപാണിവർ തേനെടുക്കാൻ അതിരപ്പിള്ളി ചങ്ങാടക്കടവിലെത്തുന്നത്. പകൽ തേനെടുക്കാൻ പോവുകയും രാത്രി പാറപ്പുറത്തു താൽക്കാലിക കുടിലിൽ കഞ്ഞിവച്ചു കുടിച്ചു തങ്ങുകയുമാണു പതിവ്.
കാട്ടാനക്കൂട്ടം കുടിൽ തകർത്തുകയറുമ്പോൾ തന്നെ സതീഷിന്റെ നെഞ്ചിൽ ചവിട്ടേറ്റിരുന്നു. ഇരുട്ടിലെ കൂട്ടനിലവിളിക്കിടയിൽ സതീഷിനു ചവിട്ടേറ്റത് ആർക്കും തിരിച്ചറിയാനായില്ല. പാറക്കെട്ടിലെ വിള്ളലിൽ കാൽകുടുങ്ങി താൻ വീണുവെന്നു രവി പറഞ്ഞു. വീഴ്ചയിലാണു നെഞ്ചിലെ വാരിയെല്ലിനു പരുക്കേറ്റത്. വീണിടത്തു നിന്നു ചാടിയെഴുന്നേറ്റ് ഓടി പുഴയിൽ ചാടി നീന്തിയാണ് അക്കര പറ്റിയത്. ഫോൺ വെള്ളത്തിൽ വീണുപോയതിനാൽ ആരെയും രക്ഷയ്ക്കു വിളിക്കാനായില്ല. വനംവകുപ്പിന്റെ കാവൽമാടത്തിൽ രാത്രി കഴിച്ചുകൂട്ടി രാവിലെ തിരികെ നീന്തി എത്തുമ്പോഴാണ് ഉറ്റവരെ ജീവനറ്റ നിലയിൽ കണ്ടത്.
കാട്ടിൽ പോകാൻ പേടിയായി…
‘പണ്ടൊന്നും ആനകൾ ഇത്രയും ആക്രമണ വാസന കാണിച്ചിരുന്നില്ല. ഇപ്പോൾ കാട്ടിൽ പോകാൻ പോലും പേടിയായി തുടങ്ങി..’ മരിച്ചവരുടെ ബന്ധുക്കളായ ലത – ശെൽവരാജ് ദമ്പതികൾ പറയുന്നു. വനവിഭവങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുന്ന ഇവർ ജീവൻ പണയം വച്ചാണ് ഇപ്പോൾ കാട്ടിൽ പോകാറുള്ളത്. കഴിഞ്ഞ വർഷം ബൈക്കിൽ പോകുമ്പോൾ കാട്ടാനയുടെ അടിയേറ്റു വീണു ലതയ്ക്കു പരുക്കേറ്റിരുന്നു. നാലു മക്കളുടെ അമ്മയായതിനാൽ ഇനി കാട്ടിൽ പോകേണ്ടെന്നു തീരുമാനിക്കുകയാണെന്നു ലത പറഞ്ഞു. വനസംരക്ഷണ സമിതി വഴി ലഭിക്കുന്ന ജോലിക്കു പോകാനാണ് ആലോചന.
ഒന്നരമാസത്തിനിടെ നാലുമരണം
അതിരപ്പിള്ളി ∙ കഴിഞ്ഞ ഒന്നര മാസത്തിനിടെ പഞ്ചായത്തിൽ കാട്ടാനയാക്രമണങ്ങളിൽ ജീവൻ പൊലിഞ്ഞതു നാലുപേർക്ക്. ഇവരെല്ലാം ആദിവാസി കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ഷോളയാർ സ്റ്റേഷൻ പരിധിയിൽ മലക്കപ്പാറയിൽ തോട്ടം തൊഴിലാളി ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ വനംവകുപ്പ് മൃതദേഹത്തോട് അനാദരവ് കാട്ടിയതായി ആക്ഷേപമുണ്ട്. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്കു ലഭിക്കേണ്ട നഷ്ടപരിഹാരത്തുക ഇതുവരെയും ഇവർക്കു ലഭിച്ചിട്ടില്ല.