തൃശൂർ ∙ ‘ഒരു കാണാനൂലിൽ ദൈവം കോർത്തു നമ്മെ..’ എന്നു പാടാൻ മാളവികയ്ക്ക് ആത്മസുഹൃത്തായി ശിവഗംഗയുണ്ട്. കൂട്ടുകാരിയുടെ അവസരം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി മാത്രം ചുരുങ്ങിയ സമയംകൊണ്ടു കഥകളി പഠിച്ചെടുത്തു ശിവഗംഗ സംസ്ഥാന കലോത്സവത്തിനെത്തി.
കഥകളി ഗ്രൂപ്പ് ഇനത്തിൽ കണ്ണൂർ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസിനു വേണ്ടി ഇരുവരും ചേർന്ന് എ ഗ്രേഡ് നേടുകയും ചെയ്തു. 3 വർഷമായി സെന്റ് തെരേസാസിൽനിന്നു കഥകളി ഗ്രൂപ്പ് ഇനത്തിൽ പങ്കെടുക്കാനെത്തുന്നത് ഒരേ സംഘമാണ്. പ്ലസ്ടു വിദ്യാർഥിയായ മാളവിക ജ്യോതിഷും മറ്റൊരു പെൺകുട്ടിയും ആയിരുന്നു സ്ഥിരം സംഘം.
ഒരുക്കങ്ങൾ നടത്തുന്നതിനിടെ ജില്ലാ കലോത്സവത്തിനു രണ്ടുമാസം മുൻപു രണ്ടാമത്തെയാൾ അസൗകര്യങ്ങൾമൂലം പിന്മാറി.
എന്തുചെയ്യുമെന്നറിയാതെ മാളവിക തളർന്നുപോയി. കലോത്സവത്തിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെട്ടെന്നു മനസ്സിലുറപ്പിച്ചു.
ശിവഗംഗ മാളവികയുടെ മുന്നിലെത്തി പറഞ്ഞു: ‘നിന്റെ കൂടെ ഞാനുണ്ട്.’ മദ്ദളം, കേളി ഇനത്തിൽ മത്സരിക്കാൻ തയാറെടുത്തിരുന്ന ശിവഗംഗ ഇതോടെ കഥകളിപഠനത്തിലേക്കു പൂർണമായി മാറി. എ ഗ്രേഡ് പ്രതീക്ഷയുണ്ടായിരുന്ന മദ്ദളത്തിലെ മത്സരം ഒഴിവാക്കി കഠിന പരിശീലനം.
ആദ്യമായി മത്സരിക്കുന്നതിന്റെ പകപ്പില്ലാതെ ജില്ലാതലത്തിൽ മാളവികയ്ക്കൊപ്പം മിന്നുന്ന പ്രകടനം കാഴ്ചവച്ചു സംസ്ഥാനതലത്തിനു യോഗ്യത നേടി. മത്സരിക്കാൻ തയാറെടുത്തു നിൽക്കെ മറ്റൊരു പ്രതിസന്ധി.
കഥകളി വേഷത്തിൽ കാണാൻ ഏറ്റവും ആഗ്രഹിച്ച മുത്തച്ഛൻ മരിച്ചു. ജില്ലാ കലോത്സവത്തിന്റെ തലേന്നായിരുന്നു വേർപാട്. ബകാസുര വധമാണ് ഇവർ അവതരിപ്പിച്ചത്. കലാമണ്ഡലം വെങ്കിട്ടരാമനാണു ഗുരു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

