ഗുരുവായൂർ ∙ ദേവസ്വം കൊമ്പൻ ഗോകുലിന്റെ ജഡം മലയാറ്റൂർ കോടനാട് വനത്തിൽ സംസ്കരിച്ചു. ആനയെ ക്രൂരമായി മർദിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെങ്കിലും മരണകാരണം മറ്റൊരാനയുടെ കുത്തേറ്റ് ശ്വാസകോശത്തിനുണ്ടായ അണുബാധയെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നിട്ടില്ല. ഫെബ്രുവരി 13ന് കോഴിക്കോട് ജില്ലയിലെ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിനിടെയാണ് ഗുരുവായൂർ ദേവസ്വത്തിന്റെ കൊമ്പൻ പീതാംബരന്റെ കുത്തേറ്റ് ഗോകുലിന് പരുക്കേറ്റത്.
ആനയെ പുന്നത്തൂർ കോട്ടയിലെത്തിച്ചു പരിശോധിച്ചതിൽ മുറിവു പുറമേ മാത്രമാണെന്നും ആന്തരികാവയവങ്ങളെ ബാധിച്ചിട്ടില്ലെന്നുമാണ് ദേവസ്വം വെറ്ററിനറി ഡോക്ടർ അറിയിച്ചത്.
പക്ഷേ ആന്തരികക്ഷത പരിശോധനയ്ക്കായി പോർട്ടബിൾ എക്സ്റേ, ലാബോറട്ടറി, കോളനോസ്കോപി സംവിധാനങ്ങൾ വേണമെന്ന ആവശ്യം ഇതുവരെ ദേവസ്വത്തിൽ നടപ്പായിട്ടില്ല. ഒന്നര മാസത്തോളം ചികിത്സിച്ച ശേഷം ഏപ്രിൽ 27ന് ആനയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി ഗുരുവായൂർ ക്ഷേത്രത്തിൽ എഴുന്നള്ളിച്ചു. മേയ് മാസത്തിൽ തൃശൂർ പൂരത്തിലും കൊല്ലം ജില്ലയിലും ഓഗസ്റ്റ് 26ന് ഗുരുവായൂർ ക്ഷേത്രത്തിലും എഴുന്നള്ളിച്ചു.
സെപ്റ്റംബർ 9ന് രാത്രി രണ്ടാം പാപ്പാൻ ജി. ഗോകുലും കൂട്ടാളികളും ചേർന്ന് ഉറങ്ങിക്കിടന്നിരുന്ന ഗോകുലിനെ ക്രൂരമായി മർദിച്ചതിന്റെ ആഘാതത്തിൽ ആന വെള്ളവും തീറ്റയും എടുക്കാതായി.
13ന് ഉച്ചയ്ക്ക് ചരിഞ്ഞു. പാപ്പാനെ സസ്പെൻഡ് ചെയ്തതല്ലാതെ മറ്റു നടപടികൾ ഒന്നും ഉണ്ടായില്ല.
തെക്കേപ്പറമ്പ്; ആനകളുടെ ശവപ്പറമ്പ്
ആനയെ മർദിക്കും, ആന ചരിയും.
ബന്ധപ്പെട്ടവരെ സസ്പെൻഡ് ചെയ്യും. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അവരെല്ലാം തിരിച്ചെത്തും.
ഇതാണ് കാലങ്ങളായി ഗുരുവായൂർ ദേവസ്വത്തിലെ രീതി. അടുത്ത കാലത്തായി ആനക്കോട്ടയിലെ തെക്കെ പറമ്പ് ഇടിമുറിയാണ്.
ഇവിടെ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ഉറങ്ങിക്കിടക്കുകയായിരുന്ന ഗോകുലിനെ 6 പേർ ചേർന്ന് അർധരാത്രി വരെ മർദിച്ചത് ഇവിടെയാണ്.
ഇവരിൽ പാപ്പാനല്ലാത്ത 5 പേർ ആരാണെന്നു പോലും ദേവസ്വം അന്വേഷിക്കുന്നില്ല. 1990 ജനുവരി രണ്ടിന് ആനക്കോട്ടയിൽ ഉദ്യോഗസ്ഥന്മാരുടെ മേൽനോട്ടത്തിൽ ക്രൂരമർദനത്തിൽ വേണുഗോപാലൻ എന്ന ആന ചരിഞ്ഞു.
റിട്ട.
ജില്ലാ സെഷൻ ജഡ്ജ് കെ.അരവിന്ദാക്ഷ മേനോൻ അന്വേഷണ കമ്മിഷനായി. ആനക്കോട്ടയിൽ പാലിക്കേണ്ട
നിർദേശങ്ങൾ റിപ്പോർട്ട് ആക്കി നൽകി. 1990 ഓഗസ്റ്റ് 31ന് റിപ്പോർട്ട് നടപ്പാക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.
ഒന്നും നടന്നില്ല. 2012 ജൂലൈ 12ന് പാപ്പാന്മാരുടെ മർദനമേറ്റ് കൊമ്പൻ അർജുൻ ചരിഞ്ഞു.
വനംമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. കേസെടുത്തു.
എല്ലാം തേഞ്ഞുമാഞ്ഞു പോയി. കഴിഞ്ഞ വർഷം കൃഷ്ണ, ജൂനിയർ കേശവൻ എന്നീ ആനകളെ പാപ്പാന്മാർ ക്രൂരമായി മർദിച്ചത് സമൂഹമാധ്യമത്തിൽ പ്രചരിച്ചു.
ഹൈക്കോടതി കേസ് എടുത്തു. റിപ്പോർട്ട് നൽകാൻ സ്പെഷൽ ടീമിനെ നിയോഗിച്ചു.
ആനക്കോട്ടയിൽ സിസിടിവി സ്ഥാപിക്കുമെന്ന് ദേവസ്വം ഹൈക്കോടതിക്ക് ഉറപ്പു നൽകി. ഇതുവരെ നടപ്പായില്ല.
20 ആനകൾക്ക് ഷെഡ് നിർമിച്ചതും മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ പണി തുടങ്ങിയതും മാത്രമാണ് നടപ്പാക്കാൻ ശ്രമിച്ചത്. രാഷ്ട്രീയ താൽപര്യത്തിന് അനുസരിച്ച് പാപ്പാന്മാരെ മാറ്റരുതെന്ന് 2011 സെപ്റ്റംബർ 9ന് സബ് കോർട്ടിന്റെ വിധിയുണ്ട്.
എന്നാൽ ഗോകുലിന്റെ ഒന്നാം പാപ്പാനെ മാറ്റിയത് രാഷ്ട്രീയ കാരണങ്ങളാലാണ്. കൊമ്പൻ രവികൃഷ്ണന്റെ പാപ്പാനായിരുന്ന ശ്രീകുമാറിനെ ഒരു മാസം മുൻപു മാറ്റിയതും ഇതേകാരണത്താലാണ്.
രവികൃഷ്ണൻ ഇപ്പോൾ ഇടിമുറി എന്നറിയപ്പെടുന്ന തെക്കെപ്പറമ്പിലുണ്ട്.
ചട്ടം പഠിപ്പിക്കാൻ ഇരുമ്പുതോട്ടി: റിപ്പോർട്ടുണ്ടെങ്കിലും നടപടിയില്ല
തൃശൂർ ∙ ആനകളെ നിയന്ത്രിക്കാൻ ഇരുമ്പുതോട്ടി ഉപയോഗിക്കരുതെന്ന ഉത്തരവു ലംഘിച്ചു ഗുരുവായൂർ ആനക്കോട്ടയിൽ ഇരുമ്പുതോട്ടി ഉപയോഗിക്കുന്നുണ്ടെന്നു വനംവകുപ്പ് റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഹൈക്കോടതി നിർദേശപ്രകാരം കൊച്ചിയിൽ നിന്നുള്ള ഫ്ലൈയിങ് സ്ക്വാഡ് സംഘം ആനക്കോട്ടയിൽ പരിശോധന നടത്തിയ ശേഷം തയാറാക്കിയ റിപ്പോർട്ട് കഴിഞ്ഞവർഷം ഫെബ്രുവരിയിൽ സമർപ്പിക്കുകയും ചെയ്തു. അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്ന മുഴുനീള ഇരുമ്പുതോട്ടി (അങ്കുഷ്) ആനക്കോട്ടയിൽ ഉപയോഗിക്കാറില്ലെന്നാണ് അധികൃതരുടെ നിലപാട്.
വടിയുടെ തലപ്പത്തു ലോഹക്കൊളുത്തു മാത്രമുള്ള തോട്ടിക്കു നിയന്ത്രണമില്ലെന്നു പാപ്പാന്മാരും പറയുന്നു.
നീളമുള്ള ഇരുമ്പുദണ്ഡിന്റെ അറ്റത്തു മുനയും കൊളുത്തും ഘടിപ്പിച്ച ഇരുമ്പുതോട്ടികൾ ആനകളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്നതു കർശനമായി നിരോധിച്ചു കോടതിയും വനംവകുപ്പും പലവട്ടം ഉത്തരവിറക്കിയിരുന്നു. തോട്ടിയുടെ മൂർച്ചയേറിയ അഗ്രം ഉപയോഗിച്ചു കാലുകളിലും മറ്റും കുത്തി മുറിവേൽപ്പിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിൽ കർശന നടപടിയെടുക്കാൻ 3 വർഷം മുൻപു ചീഫ് വൈൽഡ് ലൈഫ് വാർഡനും ഉത്തരവിറക്കി.
ഒന്നരവർഷം മുൻപ് ആനക്കോട്ടയിൽ ആനകളെ മർദിക്കുന്ന ദൃശ്യം പുറത്തുവന്നതിനു ശേഷം ഫ്ലയിങ് സ്ക്വാഡിനോടു പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇരുമ്പുതോട്ടി ഉപയോഗം തുടരുന്നുണ്ടെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് ആണ് അന്വേഷണ സംഘം സമർപ്പിച്ചത്. അതേസമയം, ആനയ്ക്കു പരുക്ക് ഏൽക്കാത്ത വിധം ചെറിയ ലോഹമുന മാത്രമുള്ള വടിത്തോട്ടികളാണു കേരളത്തിൽ ഉപയോഗിക്കുന്നതെന്നും അങ്കുഷിനു മാത്രമാണു നിരോധനമുള്ളതെന്നും പാപ്പാന്മാർ പറയുന്നു. ഇക്കാര്യത്തിലെ അനിശ്ചിതത്വം നീക്കാനോ വ്യക്തമായ മാർഗനിർദേശം നൽകാനോ വനംവകുപ്പിനും കഴിഞ്ഞിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]