
ചാലക്കുടി ∙ ഇൻഡോർ സ്റ്റേഡിയം നിർമിക്കാൻ ആഗ്രഹിക്കുന്നവർ ചാലക്കുടിയിലേക്കു വരിക. പനമ്പിള്ളി സ്മാരക ഗവ.കോളജിന്റെ ഈ സ്റ്റേഡിയം കൺനിറയെ കാണുക.
ഒരു ഇൻഡോർ സ്റ്റേഡിയം എങ്ങനെ നിർമിക്കരുത് എന്നു മനസ്സിലാക്കാനും പഠിക്കാനും ഇതുപകരിക്കും. 2014ലായിരുന്നു ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം. 11 വർഷം പിന്നിട്ടിട്ടും ഒരു സർവകലാശാല മത്സരമോ ഇന്റർ കോളീജിയറ്റ് മത്സരമോ പോലും നടത്താൻ ഉപകരിച്ചിട്ടില്ല.
മൂന്നര കോടി രൂപ ചെലവിട്ടാണു സ്റ്റേഡിയവും കളിക്കളവും ഒരുക്കിയത്.
എന്നാൽ കാറ്റും മഴയും വന്നാൽ അവ ‘സ്റ്റേഡിയത്തിനകത്തു കളിക്കുന്ന’ സ്ഥിതിയായി. നിർമാണം കഴിഞ്ഞ് അധികം വൈകാതെ സ്റ്റേഡിയം ചോരാൻ തുടങ്ങിയതോടെ റഫോൾഡ് ഷീറ്റുപയോഗിച്ചു ചോർച്ച പരിഹരിച്ചു. സ്റ്റേഡിയത്തിന്റെ ഭിത്തി പോലും റഫോൾഡ് ഷീറ്റ് ഉപയോഗിച്ചാണു നിർമിച്ചതെന്നതാണ് കൗതുകം.
മതിയായ സുരക്ഷയില്ലാത്തതിനാൽ കായികോപകരണങ്ങൾ സൂക്ഷിക്കാൻ കഴിയാത്ത സ്ഥിതിയായി. 5 ലക്ഷം രൂപയുടെ കായിക ഉപകരണങ്ങൾ ഉണ്ടെങ്കിലും സൂക്ഷിക്കാൻ മതിയായ സൗകര്യമില്ല.
രാത്രി സാമൂഹികവിരുദ്ധരുടെ താവളവുമായി. സ്ക്രൂ ഉപയോഗിച്ചുറപ്പിച്ച റഫോൾഡ് ഷീറ്റുകൾ ഇളക്കിമാറ്റി അകത്തുകടക്കുന്ന ‘വിദഗ്ധർ’ കയ്യിൽ കട്ടിയതെല്ലാം കൊമ്ടുപോകുന്നതും പതിവായി. പ്രശ്നങ്ങൾ പരിഹരിക്കാനായി 2020ൽ അന്നത്തെ എംഎൽഎ ബി.ഡി.ദേവസിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.57 കോടി രൂപ അനുവദിച്ചു.
കായിക വകുപ്പ് എൻജിനീയറിങ് വിഭാഗത്തിനു നിർമാണാനുമതി നൽകി. ഇൻഡോർ കോർട്ട് സിവിൽ വർക്കുകൾ, വുഡൻ ഫ്ലോർ, വൈദ്യുത കണക്ഷൻ, വൈദ്യുതീകരണ ജോലികൾ, അഗ്നിസുരക്ഷാ സംവിധാനം ഒരുക്കൽ എന്നിവയാണ് ഈ ഫണ്ട് ഉപയോഗിച്ചു നടത്തുകയെന്നതായിരുന്നു പ്രഖ്യാപനം.
തുടർ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി അകത്തു സൂക്ഷിച്ചിരുന്ന മുറ്റത്തു വിരിക്കാനുള്ള കോൺക്രീറ്റ് കട്ടകൾ പുറത്തേക്കു മാറ്റി വച്ചതാണു പ്രധാനമായി നടന്നത്.
സ്റ്റേഡിയത്തിന്റെ തറ കോൺക്രീറ്റിടുകയും ചെയ്തു. 1.52 കോടി രൂപ അനുവദിച്ചതിൽ വുഡൻ പാനലിങ് 80 ലക്ഷം നീക്കി വച്ചിരുന്നെങ്കിലും അതു പ്രഖ്യാപനം മാത്രമായി.
അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതിനാൽ സ്റ്റേഡിയത്തിന് ഇതുവരെ കെട്ടിട നമ്പർ പോലും ലഭിച്ചില്ല.
11 വർഷമായിട്ടും വൈദ്യുത കണക്ഷൻ ലഭിക്കാത്തതും ശുദ്ധജല സൗകര്യം ഒരുക്കാത്തതും വലിയ പരാതിക്കു കാരണമാണ്.നിർമാണം നടത്തിയതു പിഡബ്ല്യുഡിയാണ്.
30 അടി ഉയരമുള്ളതാണു സ്റ്റേഡിയം. കാവൽക്കാരനില്ലെന്നതും നിരീക്ഷണ ക്യാമറകളുടെ അഭാവവും പരിഹരിക്കപ്പെടണം.
പുറത്തു വീശുന്ന കാറ്റ് സ്റ്റേഡിയത്തിനകത്ത് പ്രശ്നം സൃഷ്ടിക്കുന്ന അവസ്ഥയ്ക്ക് ഇപ്പോഴും മാറ്റമില്ല.
കരാട്ടേ മത്സരം മാത്രമാണ് സ്റ്റേഡിയത്തിൽ പ്രധാനമായും നടന്നത്. കോളജിലെ വിദ്യാർഥികൾ കായികപരിശീലനം നടത്തുന്നുണ്ടെങ്കിലും സ്റ്റേഡിയം വിഭാവനം ചെയ്ത കാര്യങ്ങളൊന്നും ഇന്നും കൈവരിക്കാനായില്ല.
ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ജില്ലയിലെ കലാലയത്തിലാണ് ഈ ദുർഗതിയെന്നതും ശ്രദ്ധേയം. (തുടരും) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]