പഴുതടച്ച ക്രമീകരണ മികവോടെ ആരംഭിച്ചെങ്കിലും കലോത്സവത്തിന്റെ ഒന്നാംദിനം തന്നെ കല്ലുകടി. ഉദ്ഘാടന സമ്മേളനം ‘അനന്ത’മായി നീണ്ടതോടെ വേദി ഒന്നിൽ 11.30ന് ആരംഭിക്കേണ്ടിയിരുന്ന മോഹിനിയാട്ടം തുടങ്ങിയതു രണ്ടുമണിക്കൂർ വൈകി.
ഇതേ വേദിയിലെ സംഘനൃത്തവും രണ്ടു മണിക്കൂർ വൈകേണ്ടിവന്നു. ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത കുട്ടികളെത്താൻ വൈകിയതോടെ മറ്റു വേദികളിലും മത്സരക്രമത്തിൽ കാലതാമസം നേരിട്ടു. ഹൈസ്കൂൾ വിഭാഗം അഷ്ടപദി 45 മിനിറ്റാണു വൈകിയതെങ്കിൽ പദ്യംചൊല്ലൽ മത്സരങ്ങൾക്കു 2 മണിക്കൂറോളം താമസമുണ്ടായി.
പെൺകുട്ടികളുടെ തുള്ളൽ മത്സരം ഒന്നര മണിക്കൂറും ആൺകുട്ടികളുടേത് ഒന്നേമുക്കാൽ മണിക്കൂറും വൈകി. അറബനമുട്ടിനും രണ്ടു മണിക്കൂറോളം താമസമുണ്ടായി.
ചാക്യാർക്കൂത്ത് രണ്ടുമണിക്കൂറും കേരളനടനം ഒന്നര മണിക്കൂറും വൈകി. ഇതോടെ പല വേദികളിലും മത്സരങ്ങൾ തീർന്നതു രാത്രി പത്തിനുശേഷം.
ഗ്രീൻ റൂം എന്നാൽ ട്രീ റൂമല്ല സർ,
തുള്ളൽ മത്സരവേദിയിൽ വസ്ത്രം മാറാൻ ഇടമില്ലാതെ മത്സരാർഥികൾ.
ഗ്രീൻ റൂം ഇല്ലാതിരുന്ന തുള്ളൽ മത്സരവേദിയിൽ മത്സരാർഥികൾ വസ്ത്രം മാറിയതും ചമയമണിഞ്ഞതും ശുചിമുറിയിൽ. തിരക്കേറിയപ്പോൾ ചിലർക്കു മുറ്റത്തു മരങ്ങളുടെ മറവിൽനിന്നു വസ്ത്രം മാറ്റേണ്ടിവന്നു.
സാഹിത്യ അക്കാദമിയിലെ കനകാംബരം വേദിയിലായിരുന്നു സംഭവം. ഗ്രീൻ റൂമില്ലെന്നതു രക്ഷിതാക്കളും അധ്യാപകരും രാവിലെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ശുചിമുറികൾക്കുള്ളിലും മരങ്ങളുടെ മറവിലും കുറ്റിച്ചെടികൾക്കിടയിലും നിന്നാണ് പലരും വസ്ത്രം മാറിയത്. സമീപത്തെ വേദി ഏഴിന്റെ ഗ്രീൻ റൂം ഉപയോഗിക്കാനും പലരും പോയി വരിനിൽക്കേണ്ടിവന്നു.
കാസർകോട് നിന്നെത്തിയ മത്സരാർഥിയുടെ ബാഗ് വരാന്തയിൽ നിന്നെടുത്തുമാറ്റാൻ ആരോ ആവശ്യപ്പെട്ടതും പരാതിക്കിടയാക്കി. അക്കാദമി ജീവനക്കാരാണു പറഞ്ഞതെന്നു രക്ഷിതാക്കൾ ആരോപിച്ചു.
പൊലീസിനോടു പരാതിപ്പെടുകയും ചെയ്തു. ഇന്ന് ഗ്രീൻ റൂം ഒരുക്കാമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം.
ഒച്ചവച്ചാലെ മൈക്ക് കിട്ടൂ
ദേശഭക്തിഗാന മത്സരത്തിൽ ആവശ്യത്തിനു മൈക്കുകൾ ഇല്ലാതിരുന്നതിൽ പ്രതിഷേധം.
ഏഴ് അംഗങ്ങളുള്ള ടീം മത്സരത്തിൽ 4 മൈക്ക് എങ്കിലും ഉണ്ടെങ്കിലേ എല്ലാവരുടെയും ശബ്ദം കേൾക്കാൻ കഴിയൂ. ആവശ്യത്തിനു മൈക്ക് ഇല്ലാതിരുന്നതോടെ ചില ഭാഗങ്ങൾ പുറത്തേക്കു കേട്ടില്ലെന്നു വിദ്യാർഥികൾ പറഞ്ഞു.
വേദിയിൽ 4 മൈക്ക് ഉണ്ടായിരുന്നെന്നും ആദ്യം പങ്കെടുത്ത ഗ്രൂപ്പ് നാലാമത്തെ മൈക്ക് മാറ്റിവച്ചതോടെ പിന്നീടുള്ള ടീമുകൾക്ക് മൈക്ക് നൽകിയില്ലെന്നും അധ്യാപകർ അറിയിച്ചു. കണ്ണൂർ സെന്റ് മേരീസ് എച്ച്എസ്, പിലിക്കോട് (കാസർകോട്) സികെഎൻഎസ് ജിഎച്ച്എസ്എസ് എന്നീ സ്കൂളുകളിലെ വിദ്യാർഥികളാണ് ആദ്യം പ്രതിഷേധിച്ചത്.
പ്രതിഷേധത്തിനെ തുടർന്ന് വിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ.ഉമേഷ് വേദിയിലെത്തി. എച്ച്എസ്എസ് വിഭാഗം മത്സരമായതോടെ നാലു മൈക്കുകൾ നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

