തൃശൂർ ∙ സംരംഭകത്വ രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടു നടത്തിയ കേരള വിമൻ ഒൻട്രപ്രനേഴ്സ് കോൺക്ലേവിന്റെ ഉദ്ഘാടനച്ചടങ്ങിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് ഒട്ടേറെ വനിതകൾ രംഗത്തു വന്നു. ഉദ്ഘാടന പ്രസംഗത്തിലുടനീളം കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെക്കുറിച്ചും വ്യവസായ വകുപ്പ് നൽകുന്ന സേവന–സഹായങ്ങളെക്കുറിച്ചും വനിതാ സംരംഭകരോടു മന്ത്രി അഭിപ്രായങ്ങൾ തേടിയിരുന്നു.
ഇതിനിടയിലാണ് പലരും അവരുടെ സംരംഭങ്ങളുമായി ബന്ധപ്പെട്ടും ഇനിയും ലഭിക്കേണ്ട പരിശീലന–സഹായങ്ങളെക്കുറിച്ചും ആവശ്യങ്ങൾ ഉയർത്തിയത്.
സദസ്സിന്റെ മുൻനിരയിലുണ്ടായിരുന്നവരാണ് ആദ്യഘട്ടത്തിൽ അഭിപ്രായങ്ങൾ വ്യക്തമാക്കിയത്.
എന്നാൽ പിന്നീട് മറ്റുവശങ്ങളിൽ നിന്നടക്കം സ്ത്രീകൾ എഴുന്നേറ്റ് ആവശ്യങ്ങളുന്നയിച്ചു. ഒടുവിൽ എല്ലാവർക്കും സമയം അനുവദിക്കാൻ കഴിയില്ലെന്നും ആവശ്യങ്ങളും പരാതികളും എഴുതി നൽകാനും നിർദേശിച്ച് മന്ത്രി തന്നെ പ്രസംഗം അവസാനിപ്പിച്ചു.
വ്യവസായ വകുപ്പും പൊതുവിതരണ വകുപ്പും ചേർന്ന് കെ–സ്റ്റോറുകൾ വഴി പ്രാദേശിക ഉൽപന്നങ്ങൾ വിൽക്കുന്ന പദ്ധതിയെക്കുറിച്ച് എത്ര പേർക്ക് അറിയാമെന്ന മന്ത്രിയുടെ ചോദ്യത്തിന് ഭൂരിഭാഗം പേരും അറിയില്ലെന്നാണ് മറുപടി നൽകിയത്.
ഇത്തരത്തിൽ വ്യവസായ വകുപ്പ് സംരംഭകർക്കു നൽകുന്ന വിവിധ സേവനങ്ങളെക്കുറിച്ച് പലർക്കും അറിവില്ലായിരുന്നു. സമാനരീതിയിൽ സേവനം ഇത്ര ദിവസത്തിനകം നൽകിയിരിക്കണമെന്നും ഇല്ലെങ്കിൽ ഉന്നത അധികാരി പിഴയൊടുക്കേണ്ട
നിയമത്തെക്കുറിച്ചും മിക്കവർക്കും അറിവുണ്ടായിരുന്നില്ല. മന്ത്രിയായ ശേഷം താൻ അവതരിപ്പിച്ച വ്യവസായ പരാതി പരിഹാര നിയമം നിയമസഭ പാസാക്കിയിരുന്നെന്നും മൂന്നു വർഷം പിന്നിട്ടും ഇതുവരെ ആരും പരാതി നൽകാത്തത് അദ്ഭുതപ്പെടുത്തിയെന്നും അറിവില്ലായ്മയാണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു.
ഉൽപന്നങ്ങൾ വിദേശത്തേക്ക് അടക്കം അയയ്ക്കുന്നതിനു സ്വകാര്യ കുറിയർ സർവീസുകൾ ഭീമമായ തുക ഈടാക്കുന്നത് ബുദ്ധിമുട്ടാണെന്നും ചെലവ് കുറവാണെങ്കിലും ഇന്ത്യൻ തപാൽ സർവീസിന്റെ കാലതാമസം തിരിച്ചടിയാണെന്നും ഇതിനു പരിഹാരം വേണമെന്നും ചിലർ അഭിപ്രായപ്പെട്ടു.
എന്നാൽ വിദേശത്തേക്കാൾ പ്രാദേശിക മാർക്കറ്റാണ് ലക്ഷ്യമിടേണ്ടതെന്നും കയറ്റുമതിക്കുള്ള പിന്തുണ സർക്കാർ നൽകുമെന്നും മന്ത്രി മറുപടി പറഞ്ഞു. വനിതാ സംരംഭകർക്കു കേരളത്തിലുടനീളം ഔട്ലെറ്റ് വേണമെന്നും വിൽപന മികച്ചതാക്കാൻ മാർക്കറ്റിങ് മേഖലയിലടക്കം വിശദമായ പരിശീലനം വേണമെന്നും അഭിപ്രായമുയർന്നു.
ഒരു മണിക്കൂറിലേറെ മന്ത്രി സംരംഭകരുമായി സംവദിച്ചു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആനി ജൂല തോമസ്, ഡയറക്ടർ പി.വിഷ്ണുരാജ്, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.ഹരികൃഷ്ണൻ, ബിപിടി എക്സിക്യൂട്ടീവ് ചെയർമാൻ കെ.അജിത്കുമാർ, ഫിക്കി പ്രതിനിധി ജ്യോതി ദീപക് അശ്വിനി തുടങ്ങിയവർ പ്രസംഗിച്ചു.
സംരംഭം തുടങ്ങാനാവശ്യമായ എല്ലാ സഹായങ്ങളും ലഭിക്കുന്ന ഏകജാലക സംവിധാനം കോൺക്ലേവിലുണ്ടായിരുന്നു. ഉദ്യം, കെ–സിഫ്റ്റ്, ജിഎസ്ടി തുടങ്ങിയ ബന്ധപ്പെട്ടുള്ള സർക്കാർ ഹെൽപ് ഡെസ്കുകളും ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ തുടങ്ങിയവയുമായി നേരിട്ട് ബന്ധപ്പെടാനുള്ള സൗകര്യവും ഇതുവഴി ഒരുക്കിയിരുന്നു.
പ്രത്യേക പാനൽ ചർച്ചകളും നടന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]