മലയാള സിനിമയിലെ മൂന്നു ജനപ്രിയ സംവിധായകരുടെ അന്തിക്കാട് സെന്ററിലെ ‘മരവട്ടിക്കൽ’ വീട്. ചുറ്റും വിശാലമായ പറമ്പും കൃഷിത്തോട്ടവും.
ഇടച്ചുമരുകൾ ഇല്ലാത്ത വീടിനുള്ളിൽ ജില്ലയിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ ചോദ്യങ്ങളുമായി ഗൃഹനാഥനും മുതിർന്ന ‘സിനിമാ കലാകാരനു’മായ സംവിധായകന്റെ ചുറ്റും കൂടി. ജനകീയ സിനിമാ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ അന്തിക്കാട്ടെ വസതിയിലായിരുന്നു ഈ സ്നേഹക്കൂട്ടായ്മ.സംസ്ഥാന സ്കൂൾ കലോത്സവത്തിനു മുന്നോടിയായി മലയാള മനോരമ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ഒത്തുചേരലായിരുന്നു പരിപാടി.സത്യൻ അന്തിക്കാടിന്റെ ഭാര്യ നിമ്മിയും മക്കളും യുവ സംവിധായകരുമായ അഖിൽ സത്യനും അനൂപ് സത്യനും അതിഥികളെ സ്വാഗതം ചെയ്തു.
ഒന്നര മണിക്കൂറോളം ചെലവഴിച്ച കുട്ടികളെ മധുരം സമ്മാനിച്ചാണ് കുടുംബം യാത്രയാക്കിയത്.
തൃശൂർ സേക്രഡ് ഹാർട്ട് സിജി എച്ച്എസ്എസിലെ ഇ.എസ്.സഫ, ഇ.പി.പാർവതി, വൈഷ്ണവി കെ.നായർ, വിവേകോദയം ബോയ്സ് എച്ച്എസ്എസിലെ എ.ഋഗ്വേദ്, ആർ.റസ്വിൻ വഹിരാജ്, കാൽഡിയൻ സിറിയൻ എച്ച്എസ്എസിലെ എം.പി.പുണ്യ, വീണാ ടി.വിനോദ്, ചെമ്പൂക്കാവ് ഹോളി ഫാമിലി സിജി എച്ച്എസ്എസിലെ ബി.പാർവതി, തെരേസ തോമസ്, തോപ്പ് സെന്റ് തോമസ് എച്ച്എസ്എസിലെ ജോൺ പോൾ, ജെ.അരവിന്ദ്, മിഷൻ ക്വാർട്ടേഴ്സ് സെന്റ് ജോസഫ്സ് സിജി എച്ച്എസ്എസിലെ ദിയ എസ്.നായർ, അന്തിക്കാട് ഗവ. ഹൈസ്കൂളിലെ പി.എൻ.ശ്രീഹരി, പി.എസ്.ദേവനാരായൺ, പി.എസ്.ധാർമിക് വേദ, കണ്ടശാംകടവ് പ്രഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക ഗവ.എച്ച്എസ്എസിലെ ഓസ്റ്റിൻ ജോബി എന്നീ വിദ്യാർഥികളാണ് പങ്കെടുത്തത്.
2018ൽ സംസ്ഥാന കലോത്സവത്തിന് തൃശൂർ വേദിയായപ്പോൾ സത്യൻ അന്തിക്കാടിനും വിടവാങ്ങിയ കലാകാരൻ ശ്രീനിവാസനുമൊപ്പം ഒന്നിച്ചിരിക്കാൻ മലയാള മനോരമ കുട്ടികൾക്ക് അവസരമൊരുക്കിയിരുന്നു.
സിനിമാ–കലോത്സവ വിശേഷങ്ങൾക്കൊപ്പം ശ്രീനിവാസന്റെ ഓർമകളും സംഗമത്തിൽ ഉയർന്നു.
കളിയിൽ അൽപം കാര്യം
കേരളത്തിൽ സ്കൂൾ കലോത്സവങ്ങൾ പ്രസിദ്ധിയാർജിക്കുമ്പോൾ ഞാൻ മദ്രാസിൽ (ഇന്നത്തെ ചെന്നൈ) സിനിമ പഠിക്കാനുള്ള കഷ്ടപ്പാടിലായിരുന്നു. നാട്ടിൽ മടങ്ങിയെത്തിയ ശേഷമാണ് കലോത്സവം ശ്രദ്ധിച്ചുതുടങ്ങിയത്.
കലോത്സവങ്ങൾ ചിലപ്പോൾ സിനിമയിലേക്ക് അവസരമാകാറുണ്ട്. എന്നാൽ സിനിമാ പ്രവർത്തകർ ആർട്ടിസ്റ്റുകളെ തേടി കണ്ടെത്തുകയാണ് പതിവ്.
സമൂഹമാധ്യമങ്ങളുടെ ഈ കാലത്ത് കലോത്സവത്തിനു വലിയ പ്രസിദ്ധിയുണ്ട്. നമ്മുടെ കഴിവ് എല്ലാവരും അറിയാൻ എളുപ്പമായി.
കുട്ടികൾ ശ്രദ്ധിക്കേണ്ടത് ഇത്തരം അവസരങ്ങൾ ഭാവിയിലേക്കുള്ള മുതൽക്കൂട്ടായി സ്വീകരിക്കുക എന്നതാണ്.
പരാജയത്തിന്റെ രസതന്ത്രം
സിനിമ പരാജയപ്പെട്ടാലും പരീക്ഷകളിൽ തോറ്റാലും അതല്ല അവസാനം, അതിനപ്പുറത്ത് വിജയം ഉണ്ടാകും. പരാജയത്തെ സ്വീകരിച്ച് പോസിറ്റീവായി ചിന്തിക്കണം.
എന്തുകൊണ്ടു പരാജയപ്പെട്ടെന്ന് മനസ്സിലാക്കുക. പരാജയ കാരണം നമ്മൾ മാത്രമായിരിക്കണമെന്നില്ല.
ചില സാഹചര്യങ്ങളും കാരണമായേക്കും. നാളെ ഈ പരാജയത്തെ എങ്ങനെ തോൽപിക്കാമെന്ന് ചിന്തിക്കണം.
യഥാർഥത്തിൽ വിജയത്തെ നേരിടുന്നതിനേക്കാൾ എളുപ്പമാണ് പരാജയത്തെ നേരിടാൻ. ഇന്നലെയാണ് പരാജയപ്പെട്ടത്, ഇന്നല്ലല്ലോ!
ഇന്നത്തെ ചിന്താവിഷയം
ഇന്ന് ഒട്ടേറെ ആനന്ദങ്ങൾ പുതുതലമുറയ്ക്കുണ്ട്.
സമൂഹ മാധ്യമങ്ങളും ലഹരിയടക്കമുള്ളവയും. അതിലേക്കു ശ്രദ്ധ തിരിക്കാൻ പ്രവണതയുണ്ടാകും.
എന്നാൽ, അവ അർഥമില്ലാത്ത കാര്യങ്ങളാണ്. സാഹിത്യത്തിലും സംഗീതത്തിലും നൃത്തത്തിലുമെല്ലാം മികവു കാട്ടിയാൽ മറ്റു ലഹരി തേടിപ്പോകേണ്ടിവരില്ല.
നമ്മൾ ചെയ്യുന്ന പ്രവൃത്തിയാണ് നമ്മുടെ ലഹരി. എന്റെ ലഹരി സിനിമ മാത്രമാണ്.
അധ്യായം ഒന്നു മുതൽ
ഹൈസ്കൂൾ പഠനകാലത്തു തന്നെ എന്റെ മനസ്സിൽ സിനിമാ മോഹമുണ്ടായിരുന്നു.
പണ്ടത്തെ സിനിമാ കൊട്ടകകളിൽ പിന്നിലേക്കു നോക്കിയാൽ പ്രൊജക്ടറിൽ നിന്നുള്ള വെളിച്ചം കാണാൻ കഴിയും. അച്ഛനമ്മമാർ പറയുമായിരുന്നു തിയറ്ററിലെത്തിയാൽ ഞാൻ പിന്നിലേക്ക് നോക്കിയിരിപ്പാണെന്ന്.
കാരണം ഈ വെളിച്ചം എവിടുന്നാണ് വരുന്നത്, സ്ക്രീനിലെ രൂപങ്ങൾ ഉണ്ടാകുന്നതെങ്ങനെ എന്നായിരുന്നു ചിന്ത. അതിന്റെ സാങ്കേതിക–സംവിധാനങ്ങളെക്കുറിച്ച് അറിയാൻ ആഗ്രഹമുണ്ടായി. അതിനു പിന്നാലെ ലക്ഷ്യത്തോടെ മുന്നേറി.
‘സന്ദേശ’ങ്ങളുടെ യാത്ര
സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ‘ഫിലിം മേക്കറെ’ സ്വാധീനിക്കുന്നത്.
നാടോടിക്കാറ്റ്, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് എന്നീ സിനിമകളുടെ കാലത്ത് തൊഴിലില്ലായ്മ വലിയ പ്രശ്നമായിരുന്നു. മനസ്സിനക്കരെയിൽ അവഗണിക്കപ്പെടുന്ന വാർധക്യമായിരുന്നു വിഷയം.
അനാഥത്വമാണ് അച്ചുവിന്റെ അമ്മയിൽ. ‘ഹൃദയപൂർവം’ സിനിമ ചെയ്യാൻ കാരണം അവയവമാറ്റ ശസ്ത്രക്രിയകൾ സജീവമായതാണ്.
മലയാള മനോരമ പ്രസിദ്ധീകരിച്ച പൊലീസ് ഇൻസ്പെക്ടറുടെ നെഞ്ചിൽ ഒരു പയ്യൻ സ്റ്റെതസ്കോപ്പിൽ ഹൃദയമിടിപ്പ് കേൾക്കുന്ന ചിത്രവും ഇതിനു വഴികാട്ടിയായി.
കഥ തുടരുന്നു
കണ്ണൂർ പാട്യംകാരനായ ശ്രീനിവാസന്റെയും അന്തിക്കാടുകാരനുമായ എന്റെയും നിരീക്ഷണങ്ങൾക്കും ആശയങ്ങൾക്കും പൊരുത്തമുണ്ടായി. കാരണം ഞങ്ങൾ ഒരേ ജീവിത സാഹചര്യങ്ങളിൽനിന്നു വന്നവരാണ്.
ബന്ധങ്ങൾ, വീട് എന്നിവയിലെല്ലാം സമാനതകളുണ്ട്. ഇടത്തരക്കാരുടെയും നമ്മുടെ ചുറ്റുമുള്ളവരുടെയും സമൂഹത്തിന്റെയും കഥകളാണ് ഞങ്ങൾ അവതരിപ്പിച്ചത്.
ആ ദർശനങ്ങൾ തുടരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

