കളിയല്ല കഥകളി
കലോത്സവത്തിന്റെ കഥകളി വേദിയിലേക്കു കെ.എ.അശ്വിൻ കൃഷ്ണ എത്തുന്നതു മൂന്നു തലമുറയുടെ ആശീർവാദവുമായാണ്. 30 വർഷമായി കഥകളി, ഓട്ടൻതുള്ളൽ രംഗത്തു സജീവമായ അച്ഛൻ ഡോ.സദനം അരുൺ ബാബുവാണ് അശ്വിനെ കലാരംഗത്തേക്കു കൈപിടിച്ചു കയറ്റിയത്.
തീവ്രഭാവാഭിനയത്താൽ വെള്ളിത്തിരയെ പൊള്ളിച്ച ‘വാനപ്രസ്ഥം’ സിനിമയിൽ മോഹൻലാലിന്റെ ബാല്യകാലം അവതരിപ്പിച്ചത് അരുൺ ബാബു ആണ്. അശ്വിന്റെ മുത്തച്ഛൻ കലാനിലയം ബാലകൃഷ്ണനിൽനിന്നു തുടങ്ങുന്നതാണ് കുടുംബത്തിന്റെ കഥകളിപ്പെരുമ.
ബാലകൃഷ്ണന്റെ രംഗാവതരണങ്ങൾ കണ്ടാണ് അരുൺ ബാബു കഥകളി പഠിക്കുന്നത്. അശ്വിനും മുത്തച്ഛൻ റോൾ മോഡലായിരുന്നു.
മുത്തച്ഛന്റെ കഥകളി അവതരണം ആദ്യ നിരയിലിരുന്നു കാണുന്നത് അശ്വിൻ ശീലമാക്കി. ആറാം വയസ്സിൽ മുത്തച്ഛനിൽനിന്നു കഥകളി പഠിച്ചുതുടങ്ങി.
കഥകളി സംഗീതത്തിൽ അരുൺ ബാബു ആയിരുന്നു ഗുരു. 8 വർഷമായി കഥകളി പഠിക്കുന്ന അശ്വിൻ ആദ്യമായാണു കലോത്സവത്തിനെത്തുന്നത്. എച്ച്എസ്എസ് വിഭാഗം കഥകളി സിംഗിൾ, കഥകളി സംഗീതം എന്നിവയിൽ അശ്വിൻ മത്സരിക്കും.
കലൂർ കതൃക്കടവ് സെന്റ് ജൊവാക്കിംസ് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. കേന്ദ്രസർക്കാരിന്റെ കൾചറൽ ടാലന്റ് സേർച് സ്കോളർഷിപ് ലഭിച്ചിട്ടുണ്ട്.
സംഗീതപരമ്പര
വൈക്കം മഹാദേവ ക്ഷേത്രത്തിലെ പുലർകാല കീർത്തനങ്ങൾ കായൽപരപ്പിലേക്കിറങ്ങുമ്പോൾ അക്കരെ പള്ളിപ്പുറത്തെ സന്ദീവനി വീട്ടിലും സംഗീതമുണരും.
അച്ഛൻ ആർഎൽവി സന്ദീപ് മുരളീധരൻ പാടിക്കൊടുക്കുന്നത് മകൻ എസ്.മഹാദേവൻ ഏറ്റുപാടും. അച്ഛന്റെ ശിക്ഷണത്തിൽ, 4 വർഷങ്ങൾക്കിടെ മൂന്നാം തവണയാണു കഥകളിസംഗീതത്തിൽ മഹാദേവൻ മാറ്റുരയ്ക്കുന്നത്. മുത്തച്ഛനും കഥകളി സംഗീത ഗുരുവുമായ ചേർത്തല തങ്കപ്പപ്പണിക്കരുടെ സാമീപ്യത്തിൽ നിന്നാണു കഥകളിസംഗീതത്തോടു സന്ദീപിനു താൽപര്യം തോന്നിത്തുടങ്ങിയത്.
പഠിക്കാൻ തുടങ്ങിയതു 17ാം വയസ്സിൽ, അരങ്ങേറിയപ്പോൾ വയസ്സ് 27.
അച്ഛന്റെ പാത പിന്തുടർന്ന മഹാദേവൻ ശാസ്ത്രീയ സംഗീതം, കീബോർഡ്, മൃദംഗം, വയലിൻ എന്നിവയിലും മികവു തെളിയിച്ചു. കൂട്ടുകാരൻ ലെനിൻ.സി.ജയലാലും അച്ഛന്റെ ശിക്ഷണത്തിൽ ഇത്തവണ സംസ്ഥാനതലത്തിൽ മത്സരിക്കാനെത്തുന്നതിന്റെ സന്തോഷത്തിലാണ് മഹാദേവൻ.
തലയോലപ്പറമ്പ് വിഎംബിഎസ് ഗവ. വിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയാണ്.
കുടവെച്ചൂർ സെന്റ് മൈക്കിൾസ് എച്ച്എസ്എസിലെ സംഗീതാധ്യാപകനാണ് സന്ദീപ് മുരളീധരൻ. ഭാര്യ: അമ്പിളി, അരവിന്ദ് കോട്ടയം തോട്ടക്കാട് ബിഎഡ് കോളജിൽ വിഷ്വൽ ആർട്സ് അധ്യാപിക.
പ്രതിഭാസംഗമം
അമ്മയുടെ വയറ്റിൽ പിറവി കാത്തുകിടക്കുമ്പോൾ മുതൽ അമേയ കേട്ടുതുടങ്ങിയതാണ് അച്ഛന്റെ ചിലങ്കയുടെ കിലുക്കം.
ഭൂമിയിൽ കാലുറപ്പിച്ചു നടക്കാൻ തുടങ്ങിയപ്പോൾ അച്ഛൻ തന്നെ ആ കാലുകളിൽ ചിലങ്കയണിയിച്ചു. പാലക്കാട് പുത്തൂർ ഗോവിന്ദത്തിൽ അമേയ വി.പ്രമോദ് കലോത്സവത്തിൽ മോഹിനിയാട്ടത്തിലും കേരള നടനത്തിലും നാടോടിനൃത്തത്തിലും കലോത്സവത്തിൽ പങ്കെടുക്കും.വടക്കുമ്പാടം ജെപിഎസ് സ്കൂൾ പ്രഥമാധ്യാപകൻ ഡോ.
പ്രമോദ് ദാസിന്റെയും കൊടുവായൂർ എച്ച്എസ്എസ് അധ്യാപിക വീണ ചന്ദ്രന്റെയും മകളാണ് അമേയ.പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്.
കഴിഞ്ഞ തവണ കേരള നടനത്തിൽ എ ഗ്രേഡ് നേടിയിരുന്നു. അമേയയുടെ അച്ഛൻ പ്രമോദ് 1988 മുതൽ 92 വരെ സംസ്ഥാന തലത്തിൽ മത്സരിച്ചിട്ടുണ്ട്. ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം, കന്നഡ പദ്യംചൊല്ലൽ, നാടോടിനൃത്തം എന്നീ ഇനങ്ങളിലായിരുന്നു മത്സരം.
മഞ്ജു വാരിയർ കലാതിലകം ആയ 92ലെ സംസ്ഥാന കലോത്സവത്തിൽ പ്രമോദിന് ഒരു പോയിന്റ് വ്യത്യാസത്തിലാണു കലാപ്രതിഭ പട്ടം നഷ്ടമായത്. വീണ ഒപ്പനയിൽ സംസ്ഥാനതലത്തിൽ മത്സരിച്ചിട്ടുണ്ട്.1996ൽ പ്രമോദ് കാലിക്കറ്റ് സർവകലാശാല കലാപ്രതിഭയായപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യയായിരുന്നു കലാതിലകമായത് എന്ന അപൂർവതയും ഉണ്ട്. കേരള നടനത്തിൽ പിഎച്ച്ഡി നേടിയ പ്രസാദിന് കീഴിൽ നൃത്തം പരിശീലിക്കുന്ന ഒട്ടേറെ കുട്ടികൾ ഇത്തവണയും വേദിയിൽ എത്തുന്നുണ്ട്.
ഇരുവരം
കലോത്സവത്തിലെ പഴയ കലാപ്രതിഭയുടെ മകൻ ഒന്നാന്തരം പ്രതിഭയായി വളരാതിരിക്കുന്നതെങ്ങനെ!
ഡോ. ശ്രീഹരിയുടെ കലാജീവിതം കണ്ടുപഠിച്ചു സ്വന്തം ജീവിതത്തിൽ വിജയകരമായി പകർത്തുകയാണു മകൻ കൃഷ്ണനുണ്ണി. 1996ലെ സംസ്ഥാന കലോത്സവത്തിൽ കലാപ്രതിഭയാകുകയും തട്ടകമെന്ന സിനിമയിൽ നായക കഥാപാത്രമായി അഭിനയിക്കുകയും ചെയ്ത കലാകാരനാണു നീലേശ്വരം സ്വദേശി ശ്രീഹരി. കൃഷ്ണനുണ്ണി ഇത്തവണ മിമിക്രിയിലും മോണോ ആക്ടിലും ചാക്യാർക്കൂത്തിലും മത്സരിക്കുന്നു.കോട്ടയത്ത് നടന്ന കലോത്സവത്തിൽ മൂന്നിനങ്ങളിലെ ഒന്നാം സ്ഥാനവുമായാണു ശ്രീഹരി കലാപ്രതിഭയായത്.
തട്ടകം സിനിമയിലെ വിഷ്ണു നാരായണൻ നമ്പൂതിരി എന്ന നായക കഥാപാത്രത്തിനു സംസ്ഥാന ചലച്ചിത്ര ക്രിട്ടിക്സ് പുരസ്കാരവും നേടി.
സിനിമയിലേക്കു വന്ന വിളികളെല്ലാം എംബിബിഎസ് പഠനത്തിനു വേണ്ടി മാറ്റിവച്ചു. പന്തളം കുളനട
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഡോക്ടറാണിപ്പോൾ. ഭാര്യ ഡോ.
അശ്വതിയും നൃത്തമത്സരങ്ങളിൽ പങ്കെടുത്തയാൾ. കിടങ്ങന്നൂർ എസ്വിജിവി എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിയാണു കൃഷ്ണനുണ്ണി.
കഴിഞ്ഞ രണ്ടു വർഷം സംസ്ഥാന കലോത്സവത്തിൽ മൂന്നിനങ്ങളിൽ വീതം എ ഗ്രേഡുകൾ നേടി. അച്ഛന്റെ ഗുരുക്കന്മാർ തന്നെയാണു മകനെയും കല അഭ്യസിപ്പിക്കുന്നത്.
അച്ഛനും മകനും ഒന്നിച്ചു വേദികളിൽ അവതരണങ്ങൾ നടത്താറുണ്ട്.
പിതൃദക്ഷിണ
വീണാവാദകനും സംഗീത സംവിധായകനുമായ അച്ഛൻ ബാബു നാരായണനു ദക്ഷിണ നൽകി വീണ പഠിക്കാൻ തുടങ്ങിയതാണു ദക്ഷിൺ. ഇത്തവണ വീണയിൽ മത്സരിക്കുന്നു.
അച്ഛനിൽനിന്നാണ് കല അഭ്യസിച്ചു തുടങ്ങിയതെങ്കിലും എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്തു മുറിക്കുള്ളിലിരുന്ന് പ്രഫഷനലായി ഒരു ഗാനം വീണയിൽ വായിച്ച് അച്ഛനെ തന്നെ ഞെട്ടിച്ചിട്ടുണ്ട് ദക്ഷിൺ.പതിനേഴാം വയസ്സിലാണു ബാബു നാരായണൻ സംഗീതം പഠിച്ചു തുടങ്ങിയത്. വീണയിൽ കൗതുകം തോന്നാൻ വീണ്ടും സമയമെടുത്തു.
പഠിച്ചുതുടങ്ങിയപ്പോൾ അതിവേഗം മികവു തെളിയിച്ചു. വീണയുടെ സംഗീത പശ്ചാത്തലത്തിൽ ഒട്ടേറെ പാട്ടുകൾ ചിട്ടപ്പെടുത്തി.
എം.ജി.ശ്രീകുമാറും എം.ജയചന്ദ്രനുമടക്കമുള്ളവർക്കുവേണ്ടി ഗാനങ്ങൾ ഒരുക്കി.
2019ൽ ഒരു വാഹനാപകടത്തിൽപ്പെട്ടതിനു ശേഷം വീണ വായിക്കാൻ അൽപം പ്രയാസമായി. മകനെ ലോകമറിയുന്ന വീണാവാദകൻ ആയി കാണാൻ അച്ഛൻ ആഗ്രഹിച്ചു തുടങ്ങി.
ഇതോടെ ദക്ഷിൺ സംഗീതത്തെ ജീവിതോപാസനയായി സ്വീകരിച്ചു. റിയാലിറ്റി ഷോകളിലും സിനിമകളിലുമൊക്കെ വീണ വായിച്ചു. ഗായിക കെ.എസ്.ചിത്രയ്ക്കു രവീന്ദ്രൻ സംഗീത പുരസ്കാരം സമ്മാനിക്കുന്ന വേദിയിൽ ഓർക്കസ്ട്ര ടീമിൽ ദക്ഷിണുമുണ്ടായിരുന്നു.
വിദ്യാർഥിയാണു വീണ വായിച്ചതെന്നറിഞ്ഞപ്പോൾ കെ.എസ്.ചിത്രയും വിജയ് യേശുദാസും മധു ബാലകൃഷ്ണനുമടങ്ങുന്ന സദസ്സ് എഴുന്നേറ്റുനിന്നു കയ്യടിച്ചു. ചേർത്തല ഹോളിഫാമിലി എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.
പിൻതുടർച്ച
ലോകം കാണുന്നതിനു മുൻപേ അച്ഛന്റെ ചിലങ്കയെ അറിഞ്ഞവളാണ് ആദിലക്ഷ്മി.
അമ്മ മിഥിലയുടെ വയറ്റിലുള്ളപ്പോൾ തന്നെ ആദിലക്ഷ്മി അച്ഛൻ ആർഎൽവി ലൈജുവിന്റെ ചുവടുകൾക്കു കാതോർത്തു. മൂന്നരവയസ്സു മുതൽ പിതാവിന്റെ ശിക്ഷണത്തിൽ ശാസ്ത്രീയമായി നൃത്തം അഭ്യസിക്കുന്ന ആദിലക്ഷ്മി സ്കൂൾ കലോത്സവങ്ങളിലെ സ്ഥിരസാന്നിധ്യമാണ്.തൃപ്പൂണിത്തുറ ആർഎൽവി കോളജിൽനിന്നു ഭരതനാട്യത്തിൽ ബിരുദാനന്തരബിരുദം നേടിയ പാരിപ്പള്ളി സ്വദേശി ലൈജു നൃത്ത അധ്യാപകനാണ്.
20 വർഷമായി ശിവരഞ്ജിനിയെന്ന പേരിൽ ജന്മനാട്ടിൽ നൃത്തവിദ്യാലയം നടത്തിവരുന്നു.
ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം, കേരളനടനം, നാടോടിനൃത്തം എന്നീ ഇനങ്ങളിൽ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി കാസർകോടിനു വേണ്ടി ചിലങ്കയണിഞ്ഞ ആദിലക്ഷ്മി ഇത്തവണ കൊല്ലത്തിനുവേണ്ടിയാണു മാറ്റുരയ്ക്കുന്നത്.
കാസർകോട് പരപ്പ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപികയായിരുന്ന അമ്മ മിഥിലയ്ക്കൊപ്പമായിരുന്നു നേരത്തേ ആദിലക്ഷ്മി.
ഇപ്പോൾ പാരിപ്പള്ളി എഎസ്എച്ച്എസ് സ്കൂളിലെ പ്ലസ്വൺ വിദ്യാർഥിനിയാണ്. മോഹിനിയാട്ടം, കേരളനടനം എന്നീ ഇനങ്ങളിലാണ് മത്സരിക്കുന്നത്.
കൂത്തരങ്ങ്
കലയുടെ മടിത്തട്ടിലേക്കാണു ഗൗരാങ്ക് പിറന്നു വീണത്.
അച്ഛനും അമ്മയും സഹോദരിയും വ്യത്യസ്ത കലകളിൽ കഴിവു തെളിയിച്ചവർ. ഗൗരാങ്ക് അച്ഛന്റെ വഴി തിരഞ്ഞെടുത്തു – ചാക്യാർക്കൂത്ത്. സംസ്ഥാന കലോത്സവത്തിൽ തുടർച്ചയായി 3 വർഷം ചാക്യാർക്കൂത്തിൽ ഒന്നാം സ്ഥാനം നേടിയ റെക്കോർഡിന്റെ ഉടമയാണ് അച്ഛൻ ഡോ.സഞ്ജു പാലശേരി.
അച്ഛന്റെ പിന്തുടർച്ചക്കാരനാവാൻ ഇത്തവണ ഗൗരാങ്ക് കൃഷ്ണനും ഹൈസ്കൂൾ വിഭാഗം ചാക്യാർക്കൂത്തിൽ മത്സരിക്കുന്നു.മലപ്പുറം മഞ്ചേരി സ്വദേശിയായ ഡോ.സഞ്ജു 1989, 90, 91 വർഷങ്ങളിലാണ് കലോത്സവത്തിൽ ചാക്യാർക്കൂത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനം നേടിയത്.
പ്രഫഷനൽ കലാകാരനായ അച്ഛന്റെ പരിശീലനത്തിനിടെ ചാക്യാർക്കൂത്തിന്റെ ശ്ലോകങ്ങൾ മനപാഠമാക്കിയായിരുന്നു ഗൗരാങ്കിന്റെ തുടക്കം. പിന്നീട് പരിശീലനം ഒരുമിച്ചായി. മഞ്ചേരി എച്ച്എംവൈഎച്ച്എസ്എസിലെ 8–ാം ക്ലാസ് വിദ്യാർഥിയാണ് ഗൗരാങ്ക്.
അച്ഛൻ പഠിച്ച അതേ സ്കൂളിൽ, അതേ ക്ലാസിൽ നിന്നാണ് ഗൗരാങ്കും തന്റെ സംസ്ഥാന കലോത്സവ യാത്ര തുടങ്ങുന്നതെന്നതും മറ്റൊരു കൗതുകം. ഗൗരാങ്കിന്റെ അമ്മ ഡോ.ഹീരയും സഹോദരി ഗൗരി പാർവതിയും നർത്തകരാണ്. അമ്മ കണ്ണൂർ യൂണിവേഴ്സിറ്റിയിലെ കലാതിലകം ആയിരുന്നു.
സ്വരത്തുടർച്ച
അച്ഛൻ പുല്ലാങ്കുഴലിലൂടെ പറഞ്ഞ കഥകൾ കേട്ടാണു നിവേദ് വളർന്നത്.
അച്ഛന്റെ കൈവശമുള്ള ഓടക്കുഴൽ വായിക്കാൻ ശ്രമിച്ചായിരുന്നു സംഗീതവഴിയിൽ പിച്ചവച്ചതും. മകന്റെ ഇഷ്ടം മനസ്സിലാക്കി അച്ഛൻ വിനോദ് കുമാർ സ്വരസ്ഥാനങ്ങൾ പകർന്നു നൽകി.
ശ്രദ്ധയിൽ പതിയുന്ന ഏതു ഗാനവും പുല്ലാങ്കുഴലിലൂടെ പുനഃസൃഷ്ടിക്കാൻ ശ്രമിച്ച് അവൻ സ്വന്തം പ്രതിഭയെ തേച്ചുമിനുക്കി. ഹൈസ്കൂൾ വിഭാഗം ഓടക്കുഴൽ മത്സരത്തിലാണ് നിവേദ് പങ്കെടുക്കുന്നത്. 23 വർഷമായി പുല്ലാങ്കുഴൽ വാദനരംഗത്തു സജീവമായ കൊപ്പം സ്വദേശി വിനോദ് കുമാറിന്റെ മകനാണ് എൻ.വി.നിവേദ്.
അമ്മ കലാമണ്ഡലം ഡോ.നിഖില വിനോദ് മോഹിനിയാട്ടം കലാകാരിയാണ്.
പത്താം വയസ്സിലാണ് നിവേദിന് അച്ഛൻ ഓടക്കുഴൽ പരിശീലനം നൽകിത്തുടങ്ങിയത്. 3 വർഷത്തിനുശേഷം അച്ഛന്റെ ഗുരുവായ കുടമാളൂർ ജനാർദ്ദനന്റെ കീഴിലാണിപ്പോൾ നിവേദിന് പരിശീലനം.
കീബോർഡ്, മെലോഡിക്ക തുടങ്ങിയവയിലും നിവേദ് മികവു പുലർത്തുന്നു. നടുവട്ടം ഗവ.
ജനതാ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് നിവേദ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

