
തൃപ്രയാർ ∙ ദേശീയപാതയിൽ ജംക്ഷന് വടക്ക് 3 പതിറ്റാണ്ട് മുൻപ് നിർമിച്ച തൃപ്രയാർ ബസ് സ്റ്റാൻഡിന്റെ നവീകരണ നടപടി നീളുന്നു. 5 വർഷം മുൻപ് എൽഡിഎഫ് ഭരണസമിതിയുടെ തുടക്കത്തിൽ ബസ് സ്റ്റാൻഡ് നവീകരണത്തിന് പ്രഥമ പരിഗണന നൽകുമെന്നു പ്രഖ്യാപനമുണ്ടായിരുന്നു.
47 സെന്റ് ഭൂമിയിൽ 8 കോടി ചെലവഴിച്ച് മൂന്ന് നിലയിൽ കെട്ടിടം നിർമിക്കാനുള്ള രൂപരേഖയുണ്ടാക്കി. നിർമാണത്തിന് മുന്നോടിയായി സ്റ്റാൻഡിലെ കച്ചവടക്കാരെ ഒരു വർഷം മുൻപ് ഒഴിപ്പിച്ചിരുന്നു.
കെട്ടിടം പൊളിച്ചുമാറ്റുന്ന കരാറുകാരൻ നവീകരണത്തിനായി ബസ് പാർക്ക് ചെയ്തിരുന്ന പഴയ കോൺക്രീറ്റ് തറയും പൊളിച്ചുനീക്കി. ഭൂമിയിലെ 3 അടിയോളം മണൽ കരാറുകാരൻ കൊണ്ടുപോയെന്ന് ആരോപിച്ച് കോൺഗ്രസ്, ബിജെപി കക്ഷികൾ സമരവുമായി രംഗത്തെത്തിയിരുന്നു.
നിലവിൽ സ്റ്റാൻഡിൽ ബസ് കയറാൻ എത്തുന്നവർ വലയുകയാണ്.
ബസുകൾ തലങ്ങും വിലങ്ങുമായി ദേശീയപാതയോരത്തും സമീപത്തെ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലുമാണ് പാർക്ക് ചെയ്യുന്നത്. വയോധികരും സ്ത്രീകളും വിദ്യാർഥികളുമാണ് കൂടുതൽ ദുരിതത്തിലാകുന്നത്.
കെട്ടിടം പൊളിച്ചുമാറ്റിയതിനോടൊപ്പം പൊതു ശുചിമുറിയും പൊളിച്ചതോടെ ആ സൗകര്യവുമില്ലാതായി. പഞ്ചായത്ത് ബദൽ സംവിധാനം ഏർപ്പെടുത്തിയിട്ടുമില്ല.
റോഡ് മുറിച്ച് കടക്കാൻ സീബ്രാലൈൻ ഇല്ല. ജംക്ഷനിൽ വർഷങ്ങളായുള്ള തകർന്ന ഡിവൈഡറും പ്രവർത്തിക്കാത്ത സിഗ്നലും വാഹനയാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നുണ്ട്. ഡിവൈഡറിൽ വെളിച്ചമില്ലാത്തതുമൂലം രാത്രികാലങ്ങളിൽ വാഹനങ്ങൾ ഇടിച്ച് അപകടമുണ്ടാകുന്നുണ്ട്.
‘ടെൻഡർ നടപടി ആരംഭിച്ചു’
തൃപ്രയാർ ∙ നിർദിഷ്ട
ബസ് സ്റ്റാൻഡ് നിർമാണത്തിനു ടെൻഡർ നടപടി ആരംഭിച്ചതായി നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.ദിനേശൻ പറഞ്ഞു. മുൻ എംഎൽഎ ഗീതാ ഗോപി, സി.സി.മുകുന്ദൻ എംഎൽഎ എന്നിവരുടെ ആസ്തിവികസന ഫണ്ടിൽ നിന്നാണ് 8 കോടി അനുവദിച്ചത്. സ്റ്റാൻഡിൽ 45 മുറികളുണ്ട്. തെക്ക് ഭാഗത്തുകൂടി സ്റ്റാൻഡിൽ കയറുന്ന ബസുകൾ വടക്ക് ഭാഗത്തുകൂടി പുറത്തേക്ക് പോകാവുന്ന രീതിയിലാണ് സംവിധാനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]