തൃശൂർ ∙ കോർപറേഷൻ നിർമിക്കുന്ന വഴിയോര വിശ്രമകേന്ദ്രത്തിന്റെ ചെലവ് 50 ലക്ഷം രൂപ.! ലൈഫ് പദ്ധതിയുടെ മാനദണ്ഡ പ്രകാരം 550 ചതുരശ്ര അടിയിൽ 6 വീട് കെട്ടാവുന്ന (ചതുരശ്ര അടിക്ക് 1500 രൂപ വച്ചു കണക്കാക്കിയാൽ) തുക. നാട്ടുകാരുടെ പ്രതിഷേധം വകവയ്ക്കാതെ പടിഞ്ഞാറേക്കോട്ട
– പൂങ്കുന്നം റോഡിൽ ജനവാസകേന്ദ്രത്തോടു ചേർന്ന് നടപ്പാതയിൽ ആരംഭിച്ച നിർമാണം, തറ പൂർത്തിയായശേഷം വിവാദമായതോടെ ഇപ്പോൾ നിലച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്റെ ധനസഹായം ശുചിത്വ മിഷൻ വഴി സ്വീകരിച്ച് കോർപറേഷൻ മരാമത്ത് വിഭാഗമാണ് ‘ടേക് എ ബ്രേക്’ പദ്ധതിയിൽ ഉൾപ്പെടുത്തി വിശ്രമകേന്ദ്രം നിർമിക്കുന്നത്.
30 ലക്ഷം രൂപയാണ് പദ്ധതിച്ചെലവ് എന്നാണ് മരാമത്ത് വിഭാഗം നേരത്തെ അറിയിച്ചിരുന്നത്.
ഡിവിഷൻ കൗൺസിലർക്ക് അറിയുന്നതാകട്ടെ 25 ലക്ഷം രൂപയെന്നും. എന്നാൽ 647 ചതുരശ്ര അടിയിൽ (17.20 മീറ്റർ നീളവും 3.50 മീറ്റർ വീതിയും) നിർമിക്കുന്ന വിശ്രമകേന്ദ്രത്തിന് സിവിൽ, ഇലക്ട്രിക്കൽ പ്രവൃത്തിയടക്കം 50 ലക്ഷം രൂപയാണു ചെലവു പ്രതീക്ഷിക്കുന്നതെന്നാണ് കോർപറേഷൻ സെക്രട്ടറിയുടെ റിപ്പോർട്ട്.
നാട്ടുകാരുടെ പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് കലക്ടർ മുഖേന നൽകിയ നിർദേശപ്രകാരമാണ് കോർപറേഷൻ സെക്രട്ടറി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. നഗരത്തിൽനിന്ന് വടക്കൻ ജില്ലകളിലേക്കു പോകുന്ന പ്രധാന റോഡിൽ പൊതുജനത്തിന്റെ സൗകര്യം പരിഗണിച്ചാണ് ഭിന്നശേഷിക്കാർ അടക്കമുള്ളവർക്ക് വിശ്രമകേന്ദ്രം നിർമിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇങ്ങനെ പൊതുജനത്തിന്റെ ‘സൗകര്യം’ പരിഗണിച്ച് നിർമിക്കുന്ന വിശ്രമകേന്ദ്രമാകട്ടെ വൺവേ റോഡിന്റെ വലതു വശത്ത്, അയ്യന്തോൾ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ശങ്കരയ്യർ റോഡ് ജംക്ഷനിലേക്ക് പോകുന്ന ട്രാക്കിനോടു ചേർന്നാണ്.
ഇവിടെ വാഹനങ്ങൾ പാർക്കു ചെയ്യാൻ സ്ഥലവും ഇല്ല. ഇടതു വശത്തെ ട്രാക്കിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ റോഡ് മുറിച്ചു കടക്കൽ വലിയൊരു സാഹസമാകും.
സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും ശുചിമുറി ഉപയോഗിക്കണമെങ്കിൽ 30 മീറ്റർ വീതിയുള്ള റോഡ് കുറുകെ കടക്കണം. അംഗീകൃത മാസ്റ്റർ പ്ലാൻ പ്രകാരം 22 മീറ്റർ മാത്രമേ റോഡ് വീതികൂട്ടാൻ പ്രപ്പോസൽ ഉള്ളൂവെന്നും ബാക്കിവരുന്ന സ്ഥലത്താണ് വിശ്രമകേന്ദ്രം നിർമിക്കുന്നതെന്നുമാണ് ഇതിനുള്ള ന്യായം. നിലവിൽ ഇവിടെ നടപ്പാതയില്ലെന്നും ഇരുവശത്തേക്കുമുള്ള റോഡിന്റെ നിശ്ചിത വീതി കഴിഞ്ഞുള്ള ബാക്കി സ്ഥലത്ത് നടപ്പാത നിർമിക്കുമെന്നും റിപ്പോർട്ടിൽ പറയുമ്പോൾ തന്നെയാണ് നടപ്പാത വരേണ്ട
സ്ഥലത്ത് കെട്ടിടത്തിനായി തറ നിർമിച്ചിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]