
അപകടങ്ങളും മരണങ്ങളും വർധിക്കുന്നു; ദേശീയപാതയിൽ പുതുക്കാട് സ്റ്റാൻഡിന് മുന്നിലെ ഡിവൈഡർ അടച്ചുകെട്ടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുതുക്കാട് ∙ ദേശീയപാതയിൽ കെഎസ്ആർടിസി സ്റ്റാൻഡിനു മുന്നിലെ ഡിവൈഡർ എൻഎച്ച്എഐ ഏകപക്ഷീയമായി അടച്ചുകെട്ടി. സ്റ്റാൻഡിനു മുന്നിൽ അപകടങ്ങളും മരണങ്ങളും തുടർന്നതോടെ സുരക്ഷാ നടപടിയുടെ ഭാഗമായാണ് നടപടി. പക്ഷേ, ആരെയും അറിയിക്കാതെയും പകരം സംവിധാനം ഒരുക്കാതെയുമാണ് എൻഎച്ച്എഐ നടപടി. തൃശൂർ ഭാഗത്തേക്കുള്ള പോകുന്ന കെഎസ്ആർടിസി ബസുകൾക്ക് ഇതോടെ സ്റ്റാൻഡിൽ കയറാൻ സാധിക്കാതെയായി. പകരം സ്റ്റാൻഡിനു എതിർവശത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കണമെന്ന ആവശ്യത്തിൽ എൻഎച്ച്എഐ പ്രതികരിച്ചിട്ടുമില്ല.
ഇതോടെ സ്റ്റാൻഡിനു എതിർവശത്ത് ദേശീയപാതയിൽ തന്നെയാണ് ബസുകൾ നിർത്തി ആളുകളെ ഇറക്കുന്നതും കയറ്റുന്നതും. ഇതും വലിയ അപകടസാധ്യതയാണ്. സ്റ്റാൻഡിനു എതിർവശത്ത് ദേശീയപാതയിൽ തന്നെ നിർത്തുന്ന ബസുകൾക്ക് പിന്നിൽ മറ്റുവാഹനങ്ങൾ ഇടിക്കാൻ സാധ്യതയേറെയാണ്.
സ്റ്റാൻഡിനു എതിർവശത്ത് സർവീസ് റോഡിലേക്ക് ബസുകൾ ഒതുക്കി നിർത്താൻ ബസ്ബേയും മഴയും വെയിലും ഏൽക്കാതെ യാത്രക്കാർക്ക് ബസുകൾ കാത്തുനിൽക്കാൻ കാത്തിരിപ്പുകേന്ദ്രവും ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. എറണാകുളം ഭാഗത്തേക്കുള്ള ബസുകൾ സ്റ്റാൻഡിലേക്ക് കയറിയിറങ്ങി പോകുന്നതിന് നിലവിൽ തടസ്സമില്ല.അതേസമയം, ഡിവൈഡർ അടച്ചുകെട്ടിയത് മുൻകൂട്ടി അറിയിക്കാതെയാണെന്ന് കെ.കെ.രാമചന്ദ്രൻ എംഎൽഎ പ്രതികരിച്ചു.
ബസുകൾ നിർത്താനും യാത്രക്കാർക്ക് ഇറങ്ങാനും കയറാനും സുരക്ഷിത സംവിധാനം ഇപ്പോഴില്ല. നിലവിലെ സാഹചര്യത്തിലെ അപകടങ്ങൾ ഒഴിവാക്കാൻ നടപടിയെടുക്കണമെന്ന് എൻഎച്ച്എഐയോട് കത്ത് മുഖേന ആവശ്യപ്പെടുമെന്ന് എംഎൽഎ അറിയിച്ചു.
ഇവിടേക്ക് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കാൻ 20 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതാണ്. എൻഎച്ച്എഐ അനുമതി നൽകിയാൽ ഇവിടെ സുരക്ഷിതമായി കാര്യങ്ങൾ ചെയ്യാൻ തയാറാണെന്നും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാമെന്നും കെ.കെ.രാമചന്ദ്രൻ എംഎൽഎ അറിയിച്ചു.