
പുഴയ്ക്കലിൽ ഇഴയൽ തന്നെ; മുതുവറയിൽ മാരക കുരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ ഒന്നരക്കിലോമീറ്റർ റോഡ് കടന്നുകിട്ടാൻ 2 മണിക്കൂർ യാത്ര! ഗതാഗതക്കുരുക്കിന്റെ മാരക ‘വേർഷൻ’ ആണു തൃശൂർ – കുന്നംകുളം റോഡിൽ മുതുവറയ്ക്കും പുഴയ്ക്കലിനുമിടയിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.40നു മുതുവറയിലെത്തിയ വാഹനങ്ങൾ പുഴയ്ക്കലിൽ സിവിൽ ലൈൻ റോഡിലേക്കു തിരിഞ്ഞതു രാത്രി എട്ടരയ്ക്കു ശേഷം. ദിവസങ്ങളായി പുഴയ്ക്കൽ മേഖലയിൽ ഇതു തന്നെയാണു സ്ഥിതി. തിരക്കേറെയുള്ള വൈകുന്നേരങ്ങളിൽ ഗതാഗതക്കുരുക്ക് ഇതിലും നീളുമെന്നു സ്ഥിരം യാത്രക്കാർ പറയുന്നു.
പൂങ്കുന്നത്തിനും പുഴയ്ക്കലിനുമിടയിൽ റോഡ് കോൺക്രീറ്റിങ് നടക്കുന്നതിനാൽ ഒരുവശത്തേക്കു മാത്രമായി റോഡ് അടച്ചുകെട്ടിയ നിലയിലാണ്. എറണാകുളം, പാലക്കാട് ഭാഗത്തു നിന്നു കോഴിക്കോട്, കുന്നംകുളം ഭാഗങ്ങളിലേക്കു പോകുന്ന വണ്ടികൾ നഗരഹൃദയത്തിലേക്കു പ്രവേശിക്കാതെ കിഴക്കേക്കോട്ട, പാട്ടുരായ്ക്കൽ വഴി പൂങ്കുന്നത്തെത്തി പുഴയ്ക്കൽ വഴിയാണു മുൻപു കടന്നുപോയിരുന്നത്. പൂങ്കുന്നം ഭാഗത്തു റോഡ് വൺവേ ആക്കി അടച്ചുകെട്ടിയതോടെ വാഹനങ്ങൾക്കു നേരിട്ടു പുഴയ്ക്കലിലെത്താൻ കഴിയാത്ത അവസ്ഥയായി. എല്ലാ വാഹനങ്ങളും പടിഞ്ഞാറേക്കോട്ടയിലെത്തി അയ്യന്തോൾ വഴിയാണു പുഴയ്ക്കലിലെത്തുന്നത്. ഇതോടെ ഈ റോഡ് മൊത്തം തിരക്കും കുരുക്കുമായി.
പുഴയ്ക്കലിൽ പതിവായുള്ള ബ്ലോക്കിനു പുറമേ ഇവിടെ ഗതാഗതം നിയന്ത്രിക്കാൻ ആവശ്യത്തിനു പൊലീസ് ഇല്ലാത്തതാണു ദുരിതം വർധിപ്പിക്കുന്നത്. വാഹനങ്ങൾ ഇരു ദിശയിൽ നിന്നുമെത്തി മുതുവറയ്ക്കും പുഴയ്ക്കലിനുമിടയിൽ റോഡിൽ ഒന്നിച്ചുകൂടി സ്തംഭിച്ചു കിടക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. കഴിഞ്ഞ ദിവസങ്ങളിൽ വൈകിട്ടു പുഴയ്ക്കലിൽ വാഹനങ്ങൾ അനങ്ങാതെ കുരുങ്ങിക്കിടക്കുന്ന അവസ്ഥയുണ്ടായി. പുഴയ്ക്കലുമായി ചേർന്നു കിടക്കുന്ന എല്ലാ റോഡുകളിലേക്കും ഈ കുരുക്കു നീളുന്നു.