ഗുരുവായൂർ ∙ തൈക്കാട്, ഇരിങ്ങപ്പുറം മേഖലകളിൽ തെരുവുനായ്ക്കളെ ഭയന്ന് ജനം. ഇന്നലെ കാലത്ത് 3 പേരെ തെരുവുനായ ആക്രമിച്ചു.
മിനിയാന്ന് വൈകിട്ട് 5 മുതൽ രാത്രി 9 വരെ 12 പേരെ തെരുവുനായ കടിച്ചു. ഒരു സ്ത്രീയുടെ ചെവി കടിച്ചെടുത്തു. ഇന്നലെ രാവിലെ 8ന് തൈക്കാട് പള്ളി റോഡിലെ വാഴപ്പിള്ളി സ്റ്റോഴ്സ് ഉടമ ചൊവ്വല്ലൂർപടി സ്വദേശി വാഴപ്പിള്ളി ജയ്സൺ (46) റോഡരികിൽ ലോട്ടറി കച്ചവടം നടത്തുന്ന തമിഴ്നാട് സ്വദേശി രാജൻ (64), ബംഗാൾ സ്വദേശി ഷറഫുൽ ഷേക്ക് (32) എന്നിവരെ നായ ആക്രമിച്ചു.
ഒരു വെളുത്ത നായയാണ് എല്ലാവരെയും ആക്രമിച്ചത്.
ഗുരുവായൂർ നഗരസഭാ പ്രദേശത്ത് അറുനൂറോളം തെരുവുനായ്ക്കൾ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. തെരുവു നായ്ക്കൾ കുറുകെ ചാടി ബൈക്ക് യാത്രക്കാർക്ക് അപകടം സംഭവിക്കുന്നതും കോഴികളെയും വളർത്തുമൃഗങ്ങളെയും കൊല്ലുന്നതും പതിവാണ്.
6 മാസം മുൻപ് തൈക്കാട്, നെന്മിനി മേഖലയിൽ 11 പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇവർക്ക് ഇതുവരെ നഷ്ടപരിഹാരമൊന്നും ലഭിച്ചിട്ടില്ല.കഴിഞ്ഞ മാർച്ചിൽ നഗരസഭയിലെ 250 തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകി.
ബാക്കി നായ്ക്കളെ കണ്ടെത്താനായില്ല.
ഗുരുവായൂരിലെ തെരുവുകൾ മാലിന്യമുക്തമായതോടെ നായ്ക്കളുടെ എണ്ണം കുറയുമെന്നായിരുന്നു പ്രതീക്ഷ. തെരുവിൽ കഴിയുന്നവർക്ക് വ്യക്തികളും സംഘടനകളും നൽകുന്ന ഭക്ഷണം വലിച്ചെറിയുന്നതാണ് നായ്ക്കളുടെ ഭക്ഷണം.
തെരുവുനായ്ക്കൾക്ക് സ്ഥിരമായി ഭക്ഷണം നൽകുന്നവരുമുണ്ട്. അപകടകാരികളായ തെരുവുനായ്ക്കളെ പോലും കൊല്ലാൻ നിയമം അനുവദിക്കുന്നില്ലെന്നും നഗരസഭ നിസ്സഹായാവസ്ഥയിലാണെന്നും നഗരസഭാ ചെയർപഴ്സൻ എം.കൃഷ്ണദാസ് പറഞ്ഞു. നായകളുടെ വന്ധ്യംകരണം നടത്തുന്ന എബിസി സംവിധാനവും ഫലപ്രദമല്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]