
തൃശൂർ ∙ പച്ച പുതച്ചു നിൽക്കുന്ന വടക്കുന്നാഥ ക്ഷേത്രമൈതാനത്ത് അധികം അറിയപ്പെടാത്ത സുന്ദരമായ ചെറു ആനത്താവളമുണ്ട്. കൊക്കർണി പറമ്പ് എന്നു വിളിക്കപ്പെടുന്ന ഈ ആനത്താവളം വർഷങ്ങളുടെ പൈതൃക–പാരമ്പര്യവുമായി നഗരഹൃദയത്തിൽ തലയുയർത്തി നിൽക്കുന്നു.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആനകളുടെ സംരക്ഷണ–പരിപാലന കേന്ദ്രമാണ് വടക്കുന്നാഥ ക്ഷേത്രത്തിന്റെ വടക്കേ ഗോപുരത്തിനു സമീപത്തുള്ള ഈ ആന കേന്ദ്രം. ദേവസ്വം ബോർഡിന്റെ അഞ്ച് കൊമ്പൻമാരുടെ വാസസ്ഥലം. ഒരു കാലത്ത് 14 ആനകൾ വരെ ദേവസ്വം ബോർഡിനുണ്ടായിരുന്നു.
ഇന്ന് ശിവകുമാർ (എറണാകുളം ശിവകുമാർ), അച്യുതൻകുട്ടി, ഗോവിന്ദൻ, ശ്രീരാമൻ, ദേവീദാസൻ എന്നീ കൊമ്പന്മാർ മാത്രം.
ഏകദേശം 5 ഏക്കറോളമുള്ള ആനത്താളവത്തിൽ ഒട്ടേറെ കെട്ടു തറകളും സൂര്യപുഷ്കരണി, ചന്ദ്രപുഷ്കരണി എന്നീ കുളങ്ങളുമുണ്ട്. ഇതോടൊപ്പം തന്ത്രിമഠം, ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ്, ചമയപ്പുര എന്നിവയും ‘ജീവധനം’ ലൈവ് സ്റ്റോക്ക് ഓഫിസുമുണ്ട്. സൂര്യപുഷ്കരണിയിൽ നിന്നാണ് വടക്കുന്നാഥ ക്ഷേത്രാവശ്യങ്ങൾക്കുള്ള തീർഥജലം ശേഖരിക്കുന്നത്.
ഇവിടെ മറ്റാർക്കും പ്രവേശനമില്ല. ചന്ദ്രപുഷ്കരണി തന്ത്രിമാരുടെ കുളിക്കടവാണ്. പാറമേക്കാവ് ഭഗവതിയുടെ ആറാട്ട് കടവ് കൂടിയാണിത്.
ആനപ്പാപ്പാൻമാരും ഓഫിസ് ജീവനക്കാരും ഉൾപ്പെടെ 18 ജീവനക്കാരും ഇവിടെയുണ്ട്.
30 ആനകൾക്കുള്ള മുഴുവൻ സെറ്റ് ആനച്ചമയങ്ങളും ഇവിടെ സൂക്ഷിക്കുന്നു. ഓരോ വർഷവും ഇവ സ്വർണം മുക്കി പുതുക്കിപ്പണിയും. തൃപ്രയാർ ഏകാദശി, ആറാട്ടുപുഴ പൂരം, കൊടുങ്ങല്ലൂർ താലപ്പൊലി, ചോറ്റാനിക്കര മകം, തൃപ്പൂണിത്തുറ വൃശ്ചികോത്സവം എന്നീ ആഘോഷങ്ങളിലേക്കെല്ലാം ഇവിടെ നിന്നാണ് ചമയം ഒരുക്കി കൊണ്ടുപോകുന്നത്. ഇതോടൊപ്പം ദേവസ്വം ബോർഡിന്റെ ആനകളെയും നൽകും.
ഉത്സവ കമ്മിറ്റിക്കാർക്കു താങ്ങാവുന്ന തരത്തിലുള്ള ഏക്ക സംഖ്യയാണു നിലവിലുള്ളതെന്നു ജീവധനം മാനേജർ കെ.എൻ.
കൃഷ്ണൻകുട്ടി പറഞ്ഞു. ലൈവ് സ്റ്റോക്ക് ഓഫിസിന്റെ നേതൃത്വത്തിൽ 15 പശുക്കളെയും വളർത്തുന്നുണ്ട്. ദേവസ്വം എലിഫന്റ് കൺസൽറ്റന്റ് ഡോ.പി.ബി.
ഗിരിദാസിന്റെ മേൽനോട്ടത്തിലാണ് ആനകളുടെ പരിപാലനവും ചികിത്സയുമെല്ലാം. മദപ്പാടിൽ അല്ലാത്ത ആനകൾക്കിപ്പോൾ സുഖചികിത്സയുടെ കാലമാണ്. വിസ്തരിച്ചുള്ള കുളിയും മികച്ച ഭക്ഷണവുമായി അടുത്ത ഉത്സവ കാലത്തിനായി കൊമ്പന്മാർ തയാറെടുക്കുകയാണ്.
വരുമോ വ്യൂ പോയിന്റ്?
നിലവിൽ കൊക്കർണി പറമ്പിന്റെ മതിലിന്റെ പുറത്തു നിന്നു മാത്രമേ ആനകളെ ജനങ്ങൾക്കു കാണാനാകൂ.
സുരക്ഷാ കാരണങ്ങളാലാണ് കെട്ടുതറകളുള്ള ആനത്താവളത്തിലേക്കു പ്രവേശനം നിരോധിച്ചിട്ടുള്ളത്. എന്നാൽ പ്രധാന പ്രവേശന കവാടത്തിനു സമീപത്തായി റാംപ് അല്ലെങ്കിൽ വ്യൂ പോയിന്റ് സ്ഥാപിച്ചാൽ ജനങ്ങൾക്ക് കൂടുതൽ സൗകര്യത്തോടെ ആനകളെ കാണാൻ കഴിയുമെന്ന് അഭിപ്രായമുണ്ട്. സാധാരണ ദിവസങ്ങളിൽ ഇരുനൂറോളം ആളുകൾ കൊക്കർണി പറമ്പിൽ സന്ദർശനത്തിനെത്താറുണ്ട്. അവധി ദിനങ്ങളിൽ അതിൽ കൂടുതലും. അതിനാൽ മികച്ച സന്ദർശക സൗകര്യം ഒരുക്കണമെന്നാണ് ആനപ്രേമികൾ ആവശ്യപ്പെടുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]