
ചാലക്കുടി ∙ കിഫ്ബി ഫണ്ടിൽനിന്ന് 35.15 കോടി അനുവദിച്ചിട്ടും പാലം കടക്കാതെ പാറക്കൂട്ടം പാലം നിർമാണം. പാലത്തിന്റെ അനുബന്ധ റോഡിന് ഭൂമി ഏറ്റെടുക്കാനായി സർവേക്കല്ലുകൾ സ്ഥാപിച്ചതല്ലാതെ നടപടികൾ എങ്ങുമെത്തിയില്ല.
ചാലക്കുടി, കൊടുങ്ങല്ലൂർ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ചു പറയൻ തോട്ടിൽ നിർമിക്കാനുദ്ദേശിക്കുന്ന കോട്ടാറ്റ് പാറക്കൂട്ടം പാലത്തിന്റെ നിർമാണമാണ് ഇനിയും ആരംഭിക്കാത്തത്. ചാലക്കുടി നഗരസഭയെയും മാള പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്.
നിലവിൽ ഈ ഭാഗത്തു ചെറിയൊരു തടയണയുണ്ട്. അതിനു മുകളിലൂടെ കാൽനടയായി പോകാനാകും.
പാലത്തിനായുള്ള പ്രദേശവാസികളുടെ കാത്തിരിപ്പിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും നടപടികൾ ഇഴയുകയാണ്.
കിഫ്ബി ഫണ്ടിൽ നിന്ന് തുക അനുവദിച്ചതു പാലം നിർമാണത്തിനും അനുബന്ധ റോഡ് ഒരുക്കാനുമായാണ്. പാലത്തിലേക്കുള്ള ചാലക്കുടി നഗരസഭയുടെ പ്രദേശത്തെ അനുബന്ധ റോഡിന്റെ സ്ഥലമേറ്റെടുക്കൽ നടപടികളാണ് ഒച്ചിഴയുന്നതിലും പതുക്കെ പോകുന്നത്.
അപ്രോച്ച് റോഡിനു സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ വൈകുന്നതാണ് നിർമാണം ആരംഭിക്കുന്നതിനു തടസ്സമെന്ന് അധികൃതർ പറയുന്നു.
എന്നാൽ അപ്രോച്ച് റോഡ് നിർമിക്കും മുൻപേ പാലം നിർമാണം പൂർത്തിയാക്കണമെന്നാണ് ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും ആവശ്യം. പദ്ധതിയുടെ പരിസ്ഥിതി സാമൂഹിക ആഘാത പഠനത്തിനു വിജ്ഞാപനം ഇറങ്ങിയെങ്കിലും ഏജൻസിയെ നിയോഗിക്കുകയോ പഠനം പൂർത്തിയാക്കുകയോ ചെയ്തിട്ടില്ല. ഭൂമിയുടെ തരം തിരിച്ചും സർവേ നമ്പറുകൾ ശേഖരിച്ചും റവന്യു ഉദ്യോഗസ്ഥർ കലക്ടർക്കു റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി ഇനിയും ലഭ്യമായിട്ടില്ല.
റവന്യു വകുപ്പാണ് ഉത്തരവ് നൽകേണ്ടത്. ഇക്കാര്യം ഗസറ്റിൽ വിജ്ഞാപനം ചെയ്യണം. മൈനർ ഇറിഗേഷന്റെ കനാലും വാതക പൈപ്പ് ലൈനും പോകുന്നത്, ഏറ്റെടുക്കാൻ തീരുമാനിച്ച ഭൂമിയിലാണ്.
ഇക്കാര്യത്തിൽ മൈനർ ഇറിഗേഷൻ കനാൽ മാറ്റി സ്ഥാപിച്ചു ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും 400 മീറ്റർ ദൂരം കനാൽ മാറ്റി സ്ഥാപിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടു കാരണം നടപ്പായില്ല. പിന്നീടു കനാലും വാതക പൈപ്പ് ലൈനും ഒഴിവാക്കാനായി റോഡിന്റെ അലൈൻമെന്റ് മാറ്റി അനുമതിക്കായി സമർപ്പിച്ചു.
പാലം നിർമാണത്തിനു കിഫ്ബിയുടെ ഭരണാനുമതിയും സാമ്പത്തിക അനുമതിയും നേരത്തെ ലഭിച്ചിരുന്നു.
4.5 കിലോമീറ്റർ നീളത്തിലാണു അപ്രോച്ച് റോഡ് നിർമിക്കുന്നത്. ചാലക്കുടി കെഎസ്ആർടിസി റോഡിന്റെ തുടർച്ചയായി റെയിൽവേ അടിപ്പാത, തോട്ടവീഥി, പാറക്കൂട്ടം, ഗുരുതിപ്പാല പഞ്ചായത്ത് വഴി വരെയുള്ള 4.5 കിലോമീറ്റർ ദൂരമാണു ബിഎം ആൻഡ് ബിസി ടാറിങ് നടത്തി നവീകരിക്കാൻ പദ്ധതിയിട്ടത്. നിലവിലെ റോഡ് വീതി കൂട്ടി നവീകരിക്കുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കാനുള്ള തുകയും നിലവിലുള്ള അനുമതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
പാലം നിർമാണ സ്ഥലത്തും കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടി വരും.
റോഡിന് നേരത്തെ 5 മീറ്റർ വീതിയുണ്ടായിരുന്നത് ഇരട്ടിയാക്കാനാണു തീരുമാനം. പറയൻ തോട്ടിൽ നിർമിച്ച തടയണയിലൂടെയാണു പ്രദേശവാസികൾ ഇപ്പോൾ യാത്ര ചെയ്യുന്നത്. ഇതിലൂടെ കാൽനട
യാത്ര മാത്രമാണു സാധ്യമാകുന്നത്. 2018ലെ പ്രളയത്തിൽ തടയണയിൽ കേടുപാടുണ്ടായതു പരിഹരിച്ചെങ്കിലും അതിനു മുകളിലൂടെയുള്ള യാത്ര സുരക്ഷിതമല്ല.
പ്രളയകാലത്തു തടയണ മുങ്ങിപ്പോകുമ്പോഴും യാത്ര തടസ്സപ്പെടും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]