
ചിറങ്ങര ∙ ദേശീയപാതയോടു ചേർന്നു കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലുള്ള മഹാവിഷ്ണു, ഭഗവതി ക്ഷേത്രങ്ങൾക്കു സമീപം നിർമിക്കുന്ന ശബരിമല ഇടത്താവളത്തിന്റെ നിർമാണം അടിയന്തരമായി പൂർത്തിയാക്കുമെന്നു സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. നിർമാണ പുരോഗതി വിലയിരുത്താൻ ജനപ്രതിനിധി–ഉദ്യോഗസ്ഥ സംഘത്തോടൊപ്പം എത്തിയതായിരുന്നു അദ്ദേഹം.
നിർമാണം ആരംഭിച്ചു 3 ശബരിമല സീസൺ പിന്നിട്ടിട്ടും ഇപ്പോഴും 70 ശതമാനം മാത്രമാണു പൂർത്തിയാക്കുവാൻ സാധിച്ചതെന്നും മെല്ലെപ്പോക്ക് അവസാനിപ്പക്കണമെന്നും എംഎൽഎ പറഞ്ഞു. 2021 മേയ് മൂന്നിനായിരുന്നു നിർമാണ കരാറായത്.
2022 ഏപ്രിൽ 25നു നിർമാണോദ്ഘാടനം നടത്തി. 15 മാസമായിരുന്നു നിർമാണ കാലാവധി.
പലവട്ടം തുടങ്ങിയും മരവിച്ചും ഇഴഞ്ഞു നീങ്ങിയ നിർമാണം ഒടുവിൽ വേഗത്തിലായതോടെ 2024 ഡിസംബർ 31നു നിർമാണം പൂർത്തിയാക്കി ശബരിമല ഭക്തർക്ക് ഇടത്താവളത്തിൽ സൗകര്യമൊരുക്കുമെന്നു ദേവസ്വം മന്ത്രി ഉറപ്പുനൽകിയിരുന്നെങ്കിലും അതും നടപ്പായില്ല.
ചെലവ് 12.24 കോടി
കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 12.24 കോടി രൂപ ചെലവിലാണു പദ്ധതി നടപ്പാക്കുന്നത്. 3 നിലകളിലായി 52,000 ചതുരശ്ര അടി വിസ്തീർണത്തിലാണു നിർമാണം.
വിശ്രമകേന്ദ്രം, അന്നദാനമണ്ഡപം, ആധുനിക പാചകശാല, ഓഡിറ്റോറിയം, 323 പുരുഷന്മാർക്കും 323 സ്ത്രീകൾക്കും താമസിക്കാനുള്ള പ്രത്യേകം ഡോർമിറ്ററികൾ, ആധുനിക രീതിയിലുള്ള ശുചിമുറികൾ, ലോക്കർ റൂം, ലിഫ്റ്റ്, വാഹന പാർക്കിങ് സൗകര്യം തുടങ്ങിയവയാണ് ഇടത്താവളത്തിന്റെ ഭാഗമായുള്ളത്. താഴത്തെ നിലയിലാണു പാർക്കിങ് സൗകര്യം സജ്ജമാക്കുക.
നാഷനൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണു നിർമാണ ചുമതല.
മണ്ഡലകാലത്തിന് ഇനി 4 മാസം മാത്രം
നവംബർ 17നാണ് അടുത്ത ശബരിമല മണ്ഡലകാലം ആരംഭിക്കുക. അതിനിനി വെറും 4 മാസങ്ങളാണുള്ളത്.
3 നിലകളിലായി നിർമിക്കുന്ന ഇടത്താവളത്തിന്റെ മുകൾനിലയുടെ മേൽക്കൂര ജോലികൾ, വിവിധ നിലകളിലെ ഡോർമിറ്ററി സംവിധാനം, ഊട്ടുപുര, ഒന്നാംനിലയുടെ ശുചിമുറികൾ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുടെ പണിയാണ് അവശേഷിക്കുന്നത്. ഇലക്ട്രിക്കൽ, പ്ലമിങ്, പെയ്ന്റിങ് ജോലികളും അഗ്നിസുരക്ഷാ സംവിധാനം ഒരുക്കലും നടത്തണം.
സാമ്പത്തിക പ്രതിസന്ധിയും തടസ്സം
സാമ്പത്തിക പ്രതിസന്ധിയും മറ്റു സാങ്കേതിക തടസ്സങ്ങളും നിർമാണം നീളാൻ കാരണമായെന്ന് അധികൃതർ പറഞ്ഞു.
നിർമാണത്തിനു മേൽനോട്ടം വഹിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും കൊച്ചിൻ ദേവസ്വം ബോർഡിന്റെയും ചീഫ് എൻജിനീയർമാരോടു നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടെന്ന് എംഎൽഎ പറഞ്ഞു.പഞ്ചായത്ത് അംഗങ്ങളായ ബിജോയ് വർഗീസ് പെരേപ്പാടൻ, വർഗീസ് പയ്യപ്പിള്ളി, ഗ്രേസി സ്കറിയ, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഫിൻസോ തങ്കച്ചൻ എന്നിവരും ദേവസ്വം ഉദ്യോഗസ്ഥരും എംഎൽഎയ്ക്ക് ഒപ്പമുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]