തൃശൂർ ∙ സംസ്ഥാന കലോത്സവത്തിന് വിദ്യാർഥികളെ വരവേൽക്കാൻ ‘തൃശൂർ പൂര’മൊരുങ്ങും. ജില്ലയുടെ തനത് പാരമ്പര്യം മറ്റുള്ളവരിലേക്ക് എത്തിക്കാൻ കലോത്സവത്തിന്റെ ആദ്യദിനമായ 14ന് രാവിലെ പ്രധാനവേദിയായ തേക്കിൻകാട് മൈതാനം എക്സിബിഷൻ ഗ്രൗണ്ട് ‘സൂര്യകാന്തി’ പൂരപ്പറമ്പാകും.
ഇതര ജില്ലകളിൽ നിന്നെത്തുന്ന കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവമായിരിക്കുമെന്നു കലോത്സവ സംഘാടകസമിതി ചെയർമാൻ മന്ത്രി കെ.രാജൻ പറഞ്ഞു. 64–ാംമത് കലോത്സവത്തിന് 64 വർണക്കുടകളോടെ കുട്ടികളെ സ്വീകരിക്കും.
ഇലഞ്ഞിത്തറമേളത്തിന് സമാനമായി പാണ്ടിമേളം ഒരു മണിക്കൂർ അരങ്ങേറും. പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും മേളപ്രമാണിമാരായ കിഴക്കൂട്ട് അനിയൻ മാരാരും ചെറുശേരി കുട്ടൻ മാരാരും പ്രാമാണികത്വം വഹിക്കും.
13 മുതൽ നഗരത്തിൽ നൈറ്റ് ഷോപ്പിങ്ങിനുള്ള സൗകര്യം ഒരുക്കും.
രാത്രിയും കടകൾ തുറന്നുവയ്ക്കാനുള്ള നിർദേശങ്ങൾ നൽകിക്കഴിഞ്ഞു. സബ് കലക്ടറിന്റെ നേതൃത്വത്തിൽ ചേംബർ ഓഫ് കൊമേഴ്സിന്റെയും വ്യാപാരി വ്യവസായി സംഘടനയുടെയും അംഗങ്ങൾ ചേർന്ന് രൂപീകരിച്ച കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരം ദീപപ്രഭയാൽ അലങ്കരിക്കും.
സർക്കാർ സ്ഥാപനങ്ങൾ കോർപറേഷന്റെ നേതൃത്വത്തിൽ അലങ്കരിക്കും. രാത്രി 10 വരെ തൃശൂരിൽ നിന്ന് ചെറുവഴികളിലേക്ക് ബസ് സർവീസുകൾ നടത്തും.
സമാപനസമ്മേളനത്തിൽ മന്ത്രിമാരും എംഎൽഎമാരും പ്രതിപക്ഷ നേതാവും കേന്ദ്രമന്ത്രിയും നടൻ മോഹൻലാലും പങ്കെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
ഭക്ഷണപ്പുര സന്ദർശിച്ചു
സംസ്ഥാന കലോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി മന്ത്രിയടക്കമുള്ള ഉദ്യോഗസ്ഥർ പാലസ് ഗ്രൗണ്ടിൽ ഒരുക്കിയിട്ടുള്ള ഭക്ഷണപ്പുര സന്ദർശിച്ചു. നാളെ പാലുകാച്ചൽ കഴിയുന്നതോടെ കലവറ സജീവമാകും.
ഇതര ജില്ലകളിൽ നിന്നെത്തുന്നവർക്ക് വൈകിട്ട് മുതൽ ഭക്ഷണം നൽകും. 14 മുതൽ 25,000 പേർക്കുള്ള ഭക്ഷണം തയാറാക്കാനുള്ള ഒരുക്കങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
കലക്ടർ അർജുൻ പാണ്ഡ്യനും മേയർ നിജി ജസ്റ്റിനും പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ.ഉമേഷും കൂടെയുണ്ടായിരുന്നു.
സ്വർണക്കപ്പ് ഇന്നെത്തും
വിവിധ ജില്ലകളിലെ പര്യടനത്തിനുശേഷം സ്വർണക്കപ്പ് ഇന്ന് രാവിലെ 9ന് ചാലക്കുടിയിലെത്തും. ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകും. നാളെ 3ന് തൃശൂർ സിഎംഎസ് എച്ച്എസ്എസിൽ എത്തിച്ചേരും. തുടർന്ന് നഗരംചുറ്റിയ ശേഷം സ്വർണക്കപ്പ് പ്രധാന വേദിയിലെത്തിക്കും.
തുടർന്ന് ട്രഷറിയിൽ സൂക്ഷിക്കും. 14ന് രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

