തൃശൂർ ∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം നടന്ന തെക്കൻ ജില്ലകളിൽ കഴിഞ്ഞ തവണത്തെക്കാൾ പോളിങ് കുറഞ്ഞു. തൃശൂരിൽ 2015നെ അപേക്ഷിച്ച് 2020ൽ പോളിങ് ശതമാനം കുറയുകയാണ് ചെയ്തത്.
എന്തായിരിക്കും ഇന്ന് തൃശൂരിലെ സ്ഥിതി? കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പോളിങ് ശതമാനം മറികടക്കുമോ? മുൻ തദ്ദേശ തിരഞ്ഞെടുപ്പുകളിലെ കണക്ക് ഇങ്ങനെ:
2020ലെ പോളിങ് ശതമാനം, 2015ലെ പോളിങ് ശതമാനം എന്ന ക്രമത്തിൽ;
∙പഞ്ചായത്ത്തല പോളിങ്– 76.34% , 78.78%
∙നഗരസഭാതല പോളിങ്– 76.39% , 78.95%
∙കോർപറേഷൻ– 64.71% , 71.88%
വിരൽത്തുമ്പാൽ വിധിയെഴുത്ത്
തൃശൂർ ∙ ഒരു മാസം കൂട്ടിക്കിഴിച്ച്, രണ്ടുവട്ടം ആലോചിച്ചുറപ്പിച്ച്, മൂന്നു മുന്നണിയിലേക്കും ഉറ്റുനോക്കി ജനം ഇന്നു പോളിങ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു പോളിങ് സമയം.
ജില്ലയിലെ 24 വിതരണ കേന്ദ്രങ്ങളിൽ നിന്നു റിട്ടേണിങ് ഓഫിസർമാരുടെയും തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെയും നേതൃത്വത്തിൽ പോളിങ് സാമഗ്രികളുടെ വിതരണങ്ങളുടെ വിതരണം പൂർത്തിയാക്കി. സുരക്ഷാ സന്നാഹങ്ങൾ ഉൾപ്പെടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.
വിധി കാത്ത് 7208 സ്ഥാനാർഥികൾ
86 ഗ്രാമപഞ്ചായത്തുകൾ, 16 ബ്ലോക്ക് പഞ്ചായത്തുകൾ, 7 നഗരസഭകൾ, തൃശൂർ കോർപറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 7208 സ്ഥാനാർഥികളാണു ജനവിധി തേടുന്നത്.
111 തദ്ദേശ സ്ഥാപനങ്ങളിലായി 54,204 കന്നി വോട്ടർമാർ ഇക്കുറി വിരലുകളിൽ മഷിയണിയും. അന്തിമ വോട്ടർ പട്ടിക അനുസരിച്ചു ജില്ലയിൽ 27,36,817 വോട്ടർമാരുള്ളതിൽ 14,59,670 സ്ത്രീകളും, 12,77,120 പുരുഷന്മാരും 27 ട്രാൻസ്ജൻഡർമാരും ഉൾപ്പെടുന്നു.
15,753 പോളിങ് ഉദ്യോഗസ്ഥർ
തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി ജില്ലയിൽ 15,753 പോളിങ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
3282 പ്രിസൈഡിങ് ഓഫിസർമാരും 3282 ഫസ്റ്റ് പോളിങ് ഓഫിസർമാരും 6564 പോളിങ് ഓഫിസർമാരും ഇതിൽ ഉൾപ്പെടുന്നു. ഒരു പ്രിസൈഡിങ് ഓഫിസറും 3 പോളിങ് ഓഫിസറുമടക്കം നാല് ഉദ്യോഗസ്ഥരാണ് ഒരു ബൂത്തിലുണ്ടാകുക. 20% ഉദ്യോഗസ്ഥരെ കരുതൽ ആയി സൂക്ഷിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്തുകളിൽ 2749, നഗരസഭകളിൽ 317, കോർപറേഷനിൽ 216 എന്നിങ്ങനെ ആകെ 3282 പോളിങ് സ്റ്റേഷനുകളാണ് ജില്ലയിൽ ഉള്ളത്. 81 പ്രശ്നബാധിത ബൂത്തുകളിലേക്കു വെബ് കാസ്റ്റിങ് സംവിധാനവും ഏർപ്പെടുത്തി.
4757 അംഗ പൊലീസ് സേന
തിരഞ്ഞെടുപ്പിനു സുരക്ഷയൊരുക്കാൻ ജില്ലയിൽ 4757 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.
കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിൽ തൃശൂർ സിറ്റി പരിധിയിൽ 1648 ബൂത്തുകളിലായി ഡിവൈഎസ്പിമാർ, ഇൻസ്പെക്ടർമാർ, എസ്ഐമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സുരക്ഷ ഒരുക്കും. റൂറൽ പൊലീസ് മേധാവി ബി.
കൃഷ്ണകുമാർ, അഡീഷണൽ എസ്പി ടി.എസ്. സിനോജ് എന്നിവരുടെ നേതൃത്വത്തിൽ റൂറൽ പരിധിയിൽ 1634 ബൂത്തുകളിലായി സുരക്ഷ ഒരുക്കും.
കൺട്രോൾ റൂം ഒരുങ്ങി
തിരഞ്ഞെടുപ്പു നടത്തിപ്പിനും നിരീക്ഷണത്തിനും കലക്ടറേറ്റിൽ ജില്ലാതല കൺട്രോൾ റൂം സജ്ജം.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ അർജുൻ പാണ്ഡ്യൻ, എഡിഎം ടി. മുരളി, ഡപ്യൂട്ടി കലക്ടർ കെ.
കൃഷ്ണകുമാർ എന്നിവരുടെ മേൽനോട്ടത്തിലാണു ജില്ലാതല കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. 81 ബൂത്തുകളിലെ വെബ് കാസ്റ്റിങ് പ്രത്യേകം നിരീക്ഷിക്കും. ഓരോ മണിക്കൂർ ഇടവിട്ടു ബൂത്തുകളിലെ പോളിങ് വിവരങ്ങൾ പോൾ മാനേജർ ആപ്പിലൂടെ പ്രിസൈഡിങ് ഓഫിസർമാർ അപ്ഡേറ്റ് ചെയ്യും.
പോളിങ് ഇങ്ങനെ
ഓരോ വോട്ടർക്കും 3 വോട്ടുകൾ ആകെ.
ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലേക്ക് ഓരോന്നുവീതം രേഖപ്പെടുത്തണം. കോർപറേഷൻ, നഗരസഭ എന്നിവിടങ്ങളിൽ ഒരു വോട്ട് മാത്രം. പോളിങ് ബൂത്തിൽ എത്തിയാൽ ഒന്നാം പോളിങ് ഉദ്യോഗസ്ഥൻ വോട്ടറുടെ തിരിച്ചറിയൽ രേഖയും വോട്ടർ പട്ടികയിലെ വിവരങ്ങളും പരിശോധിച്ച് ഉറപ്പാക്കും. രണ്ടാം പോളിങ് ഉദ്യോഗസ്ഥൻ കൈവിരലിൽ മഷി പുരട്ടി, വോട്ട് റജിസ്റ്ററിൽ സമ്മതിദായകന്റെ ഒപ്പു രേഖപ്പെടുത്തി വോട്ട് ചെയ്യാൻ സ്ലിപ് കൈമാറും.
വോട്ടിങ് യന്ത്രത്തിന്റെ ചുമതലയുള്ള പോളിങ് ഉദ്യോഗസ്ഥനു സ്ലിപ് കൈമാറുമ്പോൾ കൺട്രോൾ യൂണിറ്റിലെ ബാലറ്റ് ബട്ടൺ അമർത്തി വോട്ട് ചെയ്യാൻ മെഷീൻ സജ്ജമാക്കും. വോട്ട് രേഖപ്പെടുത്താൻ വോട്ടിങ് കംപാർട്ട്മെന്റിൽ എത്തിയ ശേഷം ബാലറ്റ് യൂണിറ്റിൽ വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാർഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടൺ അമർത്തണം. ചിഹ്നത്തിനു നേരെയുള്ള ലൈറ്റ് തെളിയും. മൂന്നു വോട്ടുകളും രേഖപ്പെടുത്തിയ ശേഷമേ നീണ്ട
ബീപ് ശബ്ദം കേൾക്കൂ. അപ്പോഴാണു വോട്ടിങ് പ്രക്രിയ പൂർത്തിയാകുക. ഓർക്കുക: ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് ക്രമത്തിലായിരിക്കും മെഷീനുകൾ ക്രമീകരിക്കുക.
ബീപ് ശബ്ദം കേൾക്കാതിരുന്നാലോ സഹായം ആവശ്യമുണ്ടെങ്കിലോ വോട്ടർമാർ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം.
ഏതൊക്കെ രേഖകൾ സാധുവാകും?
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്. പാസ്പോർട്ട്
ഡ്രൈവിങ് ലൈസൻസ്
പാൻ കാർഡ്
ആധാർ കാർഡ്
ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്
ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നു തിരഞ്ഞെടുപ്പു തീയതിക്ക് ആറുമാസം മുൻപു വരെ നൽകിയ ഫോട്ടോ പതിച്ച പാസ് ബുക്ക്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന ഓഫിസ് തിരിച്ചറിയൽ കാർഡ് … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

