കുന്നംകുളം ∙ പൊലീസ് മർദനത്തിനിരയായ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് രണ്ടു പവൻ തൂക്കമുള്ള തന്റെ സ്വർണമാല വിവാഹസമ്മാനമായി നൽകി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. പൊലീസ് മർദനത്തിനെതിരെ ഇന്നലെ നടന്ന ജനകീയ പ്രതിഷേധ സദസ്സിനിടെയായിരുന്നു അപ്രതീക്ഷിത സംഭവം. കഴിഞ്ഞദിവസം എഐസിസി ജനറൽ സെക്രട്ടറി കെ.സി.
വേണുഗോപാൽ സന്ദർശിക്കാനെത്തിയപ്പോൾ സുജിത്തിന് വിവാഹ സമ്മാനമായി സ്വർണമോതിരം നൽകിയിരുന്നു.
ഇന്നലെ സമരത്തിനിടെ ഉദ്ഘാടകനായ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് മോതിരം സമ്മാനമായി നൽകിക്കഴിഞ്ഞ സ്ഥിതിക്ക് ഡിസിസി മാല കൂടി നൽകണമെന്ന് തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചത്. പ്രസംഗം അവസാനിച്ചയുടൻ ജോസഫ് ടാജറ്റ് സ്വന്തം കഴുത്തിൽ നിന്ന് മാലയൂരി സുജിത്തിനെ അണിയിക്കുകയായിരുന്നു.
15നാണ് സുജിത്തിന്റെ വിവാഹം. മർദനത്തിന്റെ സിസിടിവി ദൃശ്യം പുറത്തെത്തിക്കാൻ നിയമപോരാട്ടം നടത്തിയ ബ്ലോക്ക് വൈസ് പ്രസിഡന്റ് വർഗീസ് ചൊവ്വന്നൂരിന് പാർട്ടിയിൽ സ്ഥാനക്കയറ്റവും കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചു.
വർഗീസ് ചൊവ്വന്നൂരിനെ ഡിസിസി നിർവാഹകസമിതി അംഗമായി പ്രഖ്യാപിച്ച അദ്ദേഹം പ്രവർത്തകർക്കൊപ്പം നിൽക്കുന്ന നേതാക്കളെ പാർട്ടി ചേർത്തുപിടിക്കുമെന്നും പറഞ്ഞു.
പൊലീസുകാരെ പിരിച്ചുവിടണം: കേരള കോൺഗ്രസ്
തൃശൂർ ∙ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വധശ്രമത്തിനു കേസെടുത്ത് സർവീസിൽനിന്ന് പിരിച്ചുവിടണമെന്ന് കേരള കോൺഗ്രസ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. വൈസ് ചെയർമാൻ എം.പി.പോളി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സി.വി.കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
മർദിച്ച പൊലീസുകാരെ അടിച്ചു കാലൊടിക്കും: കെ.മുരളീധരൻ
തിരുവനന്തപുരം ∙ കുന്നംകുളം സ്റ്റേഷനിൽ സുജിത്തിനെ മർദിച്ച നാലു പൊലീസുകാരെയും അടിച്ചു കാലൊടിക്കുമെന്ന ഭീഷണിയുമായി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. മ്യൂസിയം പൊലീസ് സ്റ്റേഷനു മുൻപിൽ കോൺഗ്രസിന്റെ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ.
നാലുപേരെയും സേനയിൽനിന്നു പിരിച്ചുവിടുന്നതുവരെ സമരവുമായി മുന്നോട്ടുപോകും. പിരിച്ചുവിട്ടില്ലെങ്കിൽ എട്ടുമാസം കഴിഞ്ഞ് യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ പിരിച്ചുവിടും.
എന്നാൽ അതുവരെ മിണ്ടാതിരിക്കുമെന്നു കരുതണ്ട. സ്ഥിതി ശാന്തമാകുമ്പോൾ ഇവരെ പുറത്തിറക്കിയാൽ, ചുറുചുറുക്കുള്ള പ്രവർത്തകർ അടിച്ചു കാലൊടിക്കും– മുരളീധരൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]