എരുമപ്പെട്ടി ∙ കൈലാസ മാനസരോവർ തീർഥാടനത്തിനു പോയി നേപ്പാളിലെ കലാപം മൂലം ചൈനാ– ടിബറ്റ് അതിർത്തിയിലെ ചെറുപട്ടണത്തിൽ കുടുങ്ങിക്കിടന്നിരുന്ന ഇന്ത്യൻ സംഘം ഇന്നലെ വൈകിട്ടോടെ നേപ്പാളിലെത്തി. എരുമപ്പെട്ടി സ്വദേശി ഡോ.
സുജയ് സിദ്ധാർഥൻ അടക്കമുള്ള 34 അംഗ സംഘമാണ് ഇന്നലെ രാവിലെ മുതൽ 200 കിലോമീറ്ററിലധികം ചൈനയിലൂടെ റോഡു മാർഗം യാത്ര ചെയ്ത് വൈകിട്ടോടെ നേപ്പാളിലെ ഹിൽസ എന്ന ഗ്രാമത്തിലെത്തിയത്. സംഘത്തിൽ 8 മലയാളികളാണുള്ളത്.
കലാപം കെട്ടടങ്ങി നേപ്പാൾ ശാന്തമായി തുടങ്ങിയതോടെയാണ് ഇവർക്ക് നേപ്പാളിൽ പ്രവേശിക്കാനായത്.
വിവിധ രാജ്യക്കാരായ ഏറെ പേർ ടിബറ്റിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കടുത്ത സമ്മർദം മൂലമാണ് തീർഥാടന സംഘാടകർ തങ്ങളെ നേപ്പാളിലെത്തിച്ചതെന്നും ഡോ. സുജയ് ഫോണിൽ പറഞ്ഞു.
വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഡോക്ടർ അറിയിച്ചു. ഈ ഗ്രാമത്തിൽ ആകെ പതിനഞ്ചിൽ താഴെ വീടുകളും രണ്ട് കടകളും മാത്രമാണുള്ളത്. സംഘാംഗങ്ങൾക്ക് ഇന്നലെ രാത്രി താമസിക്കാൻ ഇവിടത്തെ വീടുകളിലെ മുകൾനിലകളാണ് നൽകിയിട്ടുള്ളത്.
പ്രതിഫലം വാങ്ങി ഭക്ഷണമെല്ലാം ഗ്രാമീണർ തന്നെ തയാറാക്കി നൽകുന്നു. ബന്ധുക്കളോടെന്ന പോലെ വളരെ സ്നേഹത്തോടെയാണ് നേപ്പാളിലെ ഗ്രാമീണർ തങ്ങളോട് പെരുമാറുന്നതെന്നും എന്നാൽ ടിബറ്റിലെയും ചൈനയിലെയും അനുഭവം അത്ര സുഖകരമായിരുന്നില്ലെന്നും ഡോ.
സുജയ് പറഞ്ഞു.
ബെയ്സ് ക്യാംപായ ടിബറ്റിൽ നിന്ന് നേപ്പാളിലെത്തിയതോടെ ഓക്സിജൻ കുറവ് മൂലമുള്ള ബുദ്ധിമുട്ടുകൾ മാറി. ഇന്നു രാവിലെ ഹെലികോപ്റ്ററിൽ നേപ്പാളിലെ തന്നെ സിംകോട്ട് എന്ന സ്ഥലത്തെ ചെറിയ വിമാനത്താവളത്തിലെത്തിക്കുന്ന സംഘത്തിനെ 18 പേർക്ക് കയറാവുന്ന ചെറുവിമാനത്തിൽ ഇന്ത്യ അതിർത്തിയിൽ നിന്ന് 5 കിലോമീറ്റർ ദൂരെയുള്ള, നേപ്പാളിലെ തന്നെ നേപ്പാൾ ഗുഞ്ച് എന്ന സ്ഥലത്തെത്തിക്കുമെന്നും ഇവിടെ നിന്ന് വാഹനങ്ങളിൽ റോഡ് മാർഗം ഇന്ത്യൻ അതിർത്തിയിലെത്തിക്കുമെന്നുമാണ് അധികൃതർ അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ ലക്നൗ അതിർത്തിയിലെത്തുന്ന തീർഥാടകർക്ക് രണ്ടു ദിവസത്തിനുളളിൽ നാട്ടിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
കുന്നംകുളം നഗരസഭാ കൗൺസിലർ ലെബീബ് ഹസ്സൻ അറിയിച്ചതിനെ തുടർന്ന് കെ.സി. വേണുഗോപാൽ എംപിയും നേപ്പാളിൽ കുടുങ്ങിയ ഇന്ത്യൻ തീർഥാടകരെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]