കൊരട്ടി ∙ ആറ്റപ്പാടം എലിസബത്ത് ഗാർഡനിലെ വീട്ടിൽ കരിയാട്ടിൽ ജോയ് (57) കുത്തേറ്റു മരിച്ചു,മകൻ ക്രിസ്റ്റി (37) അറസ്റ്റിൽ . ചൊവ്വാഴ്ച രാത്രി 8.30നും 10.30നും ഇടയിലായിരുന്നു സംഭവം. മരണവിവരം പൊലീസിനെ അറിയിച്ചതു മകൻ തന്നെയാണ്. വിവരം അറിഞ്ഞു പൊലീസ് എത്തുമ്പോൾ ജോയ് രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. കഴുത്തിന്റെ ഇടതു വശത്തുണ്ടായിരുന്ന കത്തി കൊണ്ടുള്ള കുത്താണു മരണകാരണമെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.
നിർമാണ തൊഴിലാളിയാണു ക്രിസ്റ്റി.വീട്ടിൽ ജോയിയും ക്രിസ്റ്റിയും മദ്യപിച്ചു വഴക്കുണ്ടാക്കുന്നതു പതിവായിരുന്നെന്നു നാട്ടുകാർ പറഞ്ഞു. ചൊവ്വാഴ്ചയും ഇരുവരും ഒരുമിച്ചിരുന്നു മദ്യപിച്ചു പരസ്പരം വാക്കുതർക്കവും ബഹളവും ഉണ്ടായി.
ഇതിനിടെ പുറത്തേക്കു പോയ ജോയ് തന്നെ മകൻ മർദിച്ചെന്നു അയൽവാസികളോടു പറഞ്ഞ ശേഷം വീട്ടിലേക്കു തിരിച്ചെത്തിയപ്പോൾ ഇരുവരും തമ്മിൽ വീണ്ടും വഴക്കുണ്ടാകുകയും ക്രിസ്റ്റി വീട്ടിലുണ്ടായിരുന്ന കത്തി കൊണ്ടു കുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
ഏറെ നേരം ചോര വാർന്നു കിടന്ന ശേഷമാണു ജോയ് മരിച്ചത്. കത്തി സംഭവസ്ഥലത്തു നിന്നു പൊലീസിനു ലഭിച്ചു.
ഡിവൈഎസ്പി പി.സി.ബിജുകുമാർ, ഇൻസ്പെക്ടർ അമൃതരംഗൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇന്നലെ രാവിലെ സയന്റിഫിക് ഓഫിസർ, ഫിംഗർപ്രിന്റ് എക്സ്പേർട്ട്, ഫൊട്ടോഗ്രഫർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
എസ്ഐമാരായ സി.പി.ഷിബു, ഇ.എസ്.റെജിമോൻ, എഎസ്ഐമാരായ വി.ആർ.രഞ്ജിത്, പി.എൻ.ഷീബ, സീനിയർ സിപിഒ ശരത് ഗോപി, സിപിഒമാരായ ജിതിൻ ജെൻസൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ജോയിയുടെ സംസ്കാരം ഇന്ന് 10നു കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
ഭാര്യ; ജെസി, മകൾ: ജെസ്മി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]