
ചാലക്കുടിപ്പാലത്തിൽ വിള്ളൽ; അപകടമില്ലെന്ന് അധികൃതർ
ചാലക്കുടി∙ ദേശീയപാതയിലെ ചാലക്കുടിപ്പുഴ പാലത്തിന്റെ സ്പാനുകൾക്കിടയിൽ സ്ഥാപിച്ച എക്സ്പാൻഷൻ ജോയിന്റുകൾക്കു സമീപം നേരിയ വിള്ളൽ കണ്ടെത്തി. ശക്തമായ മഴയിൽ ഇതു കൂടുതൽ അപകടകരമാകുമെന്നാണ് ആശങ്ക.
എക്സ്പാൻഷൻ ജോയിന്റിനു സമീപത്തെ തകരാർ പാലത്തിന്റെ ബലക്ഷയത്തിനു കാരണമാകുമെന്ന് ആശങ്ക ഉയരുമ്പോഴും അപകടാവസ്ഥയില്ലെന്ന നിലപാടിലാണു ദേശീയപാത, പിഡബ്ല്യുഡി ബ്രിജസ് വിഭാഗം ഉദ്യോഗസ്ഥർ.മുൻപും എക്സ്പാൻഷൻ ജോയിന്റിനു സമീപം തകരാർ കണ്ടെത്തിയിരുന്നു. ടാറിങ്ങിന് അടിയിലുള്ള ജോയിന്റിലെ ഉരുക്കു കമ്പികൾ മുൻ വർഷങ്ങളിൽ തെന്നി മാറിയ നിലയിൽ കണ്ടെത്തിയിരുന്നെങ്കിലും പിന്നീടു പരിഹരിച്ചിരുന്നു. പുഴയ്ക്കു കുറുകെ 2 പാലങ്ങളാണുള്ളത്.
ഇതിൽ ആദ്യം നിർമിച്ച പടിഞ്ഞാറു ഭാഗത്തെ പാലത്തിലാണ് അപാകത കണ്ടെത്തിയത്. ദേശീയപാതയിലെ അടിപ്പാത നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ അതിരൂക്ഷമായ ഗതാഗതക്കുരുക്കുണ്ട്. വിള്ളൽ കണ്ടെത്തിയ ഭാഗത്ത് ടാറിങ് പൊളിഞ്ഞു മാറിത്തുടങ്ങി.
തകരാർ പരിഹരിക്കണമെങ്കിൽ റോഡിന്റെ ഒരു ഭാഗമെങ്കിലും അടച്ചുകെട്ടേണ്ടി വരും. അതും വാഹനഗതാഗതത്തെ പ്രതികൂലമായി ബാധിക്കും. കാലപ്പഴക്കം കാരണം ജീർണാവസ്ഥയിലുള്ള പാലത്തിന്റെ കൈവരികളുടെ അറ്റകുറ്റപ്പണികൾ ഏതാനും ദിവസം മുൻപ് ആരംഭിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]