
ആംബുലൻസിൽ രാസലഹരി: 2 യുവാക്കൾ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാടാനപ്പള്ളി ∙ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വാടാനപ്പള്ളി പൊലീസും ചേർന്നു നടത്തിയ പരിശോധനയിൽ ചേറ്റുവ പാലത്തിനു സമീപം നിർത്തിയിട്ടിരുന്ന ആംബുലൻസിൽ നിന്ന് രാസലഹരിയുമായി രണ്ടു യുവാക്കളെ പിടികൂടി. ചേറ്റുവ പുത്തൻപീടികയിൽ നസറുദീൻ (30), ചാവക്കാട് കൊട്ടിൽപറമ്പിൽ അസ്ലാം (24) എന്നിവരെയാണ് വാടാനപ്പള്ളി എസ്ഐ എസ്.എം.ശ്രീലക്ഷ്മി, റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് എസ്ഐ സി.ആർ.പ്രദീപ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
ആവശ്യക്കാർക്ക് പറയുന്ന സ്ഥലങ്ങളിൽ ആംബുലൻസിൽ രാസലഹരി എത്തിക്കുന്നതാണ് ഇവരുടെ രീതി. റോഡുകളിലെ പൊലീസ് പരിശോധനകളിൽ നിന്ന് ആംബുലൻസിനെ ഒഴിവാക്കുമെന്ന ധാരണയിലാണ് രാസലഹരി വിറ്റിരുന്നത്. ഇതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ, വിപണനം നടത്താനുള്ള സിപ്ലോക്ക് കവറുകൾ എന്നിവ ആംബുലൻസിൽ നിന്നു കണ്ടെടുത്തു. വാഹനത്തിൽ വച്ച് ലഹരി ഉപയോഗിക്കാനുള്ള സൗകര്യവും ചെയ്തു കൊടുത്തിരുന്നതായി പൊലീസ് പറഞ്ഞു. എസ്ഐമാരായ ജയരാജ്, മുഹമ്മദ് റാഫി,സീനിയർ സിപിഒമാരായ സി.കെ.ബിജു, സുരേഖ്, ജിനേഷ്, അരുൺ, ഷിജു, സിപിഒ എ.ബി.നിഷാന്ത് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.