
അയൽവാസിയെ കൊലപ്പെടുത്തിയ കേസ്: അച്ഛനും മകനും ജീവപര്യന്തവും 5 വർഷം തടവും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ അച്ഛനും മകനും ജീവപര്യന്തം തടവിനു പുറമേ 5 വർഷം 10 മാസം തടവും 2.60 ലക്ഷം രൂപ വീതം പിഴയും. ജീവപര്യന്തം ഒഴികെയുള്ള ശിക്ഷ ആദ്യം അനുഭവിച്ച ശേഷം മാത്രം ജീവപര്യന്തം ശിക്ഷ തുടങ്ങാൻ കോടതി പ്രത്യേകം നിർദേശിച്ചു. അയൽവാസികളായ മാമ്പുള്ളി റബീഷ്, ശോഭിത്ത് എന്നിവരെ ആക്രമിക്കുകയും റബീഷ് കൊല്ലപ്പെടുകയും ചെയ്ത കേസിൽ മണലൂർ ഉല്ലാസ് റോഡ് തിരുത്തിയിൽ വേലുക്കുട്ടി (67), മകൻ അനിൽകുമാർ (41) എന്നിവരെയാണ് ഒന്നാം അഡീഷനൽ ജില്ലാ ജഡ്ജി ടി.കെ.മിനിമോൾ ശിക്ഷിച്ചത്.
2014 ഏപ്രിൽ ഒന്നിനാണ് സംഭവം. റബീഷും ശോഭിത്തും പ്രതികളുടെ വീടിനു മുന്നിലൂടെ നടന്നുപോകവേ ശോഭിത്തിന്റെ വീട്ടുകാരുമായി വൈരാഗ്യം ഉണ്ടായിരുന്ന പ്രതികൾ ഇവരെ തടഞ്ഞുനിർത്തി അരിവാൾ കൊണ്ടു വെട്ടിയും ചവിട്ടിയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ റബീഷ് ആശുപത്രിയിൽ വച്ച് മരിച്ചു. ശോഭിത്ത് ഐസിയുവിൽ ചികിത്സയിൽ കഴിയേണ്ടി വന്നു. അന്തിക്കാട് പൊലീസ് ആണ് അന്വേഷണം നടത്തിയത്.
കോടതിയിൽ തെളിവെടുക്കുന്നതിനു മുൻപ് ശോഭിത്ത് വാഹനാപകടത്തിൽ മരിച്ചത് പ്രോസിക്യൂഷന് പ്രതിസന്ധിയായി. എങ്കിലും സംഭവസമയത്ത് ഓടിയെത്തിയവരുടെ മൊഴികളും ശാസ്ത്രീയ തെളിവുകളും തുണയായി. വിചാരണയുടെ അവസാനവേളയിൽ ഒളിവിൽ പോയ ഒന്നാം പ്രതിയെ കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ നിലമ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. കെ.ബി.സുനിൽകുമാർ അഡ്വ. ലിജി മധു എന്നിവർ ഹാജരായി.