കണ്ണാറ ∙ കർഷകർക്ക് സഹായവും കൈത്താങ്ങുമാകുന്നതിനാണ് 30 കോടി രൂപ ചെലവിൽ കണ്ണാറയിൽ ബനാന–ഹണി പാർക്ക് നിർമിച്ചത്. എന്നാൽ 10 ഏക്കർ ഭൂമിയിലെ വിശാലമായ പറമ്പും കെട്ടിടങ്ങളും കൂടുതലും സഹായമാകുന്നത് കന്നുകാലികൾക്കും തെരുവുനായ്ക്കൾക്കുമാണ്.
കന്നുകാലികൾക്ക് മേഞ്ഞുനടക്കുന്ന പാർക്ക് തെരുവുനായ്ക്കളുടെ പ്രജനനകേന്ദ്രം കൂടിയാണ്. 2021 ഫെബ്രുവരിയിൽ ഉദ്ഘാടനം നടത്തിയ പാർക്ക് 5 വർഷം കഴിഞ്ഞിട്ടും ഒരു പഴമോ ഒരു തുള്ളി തേനോ സംസ്കരിക്കാനാവാതെ കാടും പടലും കയറി നശിക്കുകയാണ്.
കൃഷിവകുപ്പിന്റെ മോഡൽ ഹോർട്ടിക്കൾച്ചർ നഴ്സറിയുടെ സ്ഥലത്താണ് പാർക്ക് സ്ഥാപിച്ചത്.
തേൻ, വാഴപ്പഴം എന്നിവയിൽ നിന്ന് മൂല്യവർധിത ഉൽപനങ്ങൾ നിർമിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ വിശാലമായ കെട്ടിടങ്ങളിലെല്ലാം പുല്ലും കാടും വളർന്നു നിൽക്കുകയാണ്.
ചുമരുകളിലേക്ക് വള്ളിച്ചെടികൾ പടർന്നു കയറിയിട്ടുണ്ട്. ഹാളുകളിലെ പല ജനാലകളും തകർന്നു.
കിഫ്ബി 9.5% പലിശ നൽകി തൃശൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കെട്ടിടങ്ങൾ പണിഞ്ഞത്. ഏതാണ്ട് ഒരു കോടി രൂപയുടെ ഉപകരണങ്ങൾ തൽക്കാലത്തേക്കു സ്ഥാപിച്ചാണ് പാർക്കിന്റെ ഉദ്ഘാടനം കോവിഡ് കാലത്തു നടത്തിയത്.
ഉദ്ഘാടന ശേഷം പാർക്കിനു വീണ്ടും താഴു വീണു. 2023 ഒടുവിൽ കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരിച്ച് പാർക്ക് സമുച്ചയം കൈമാറി പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള പരിപാടിയും പാളി.
പാർക്കിന്റേതടക്കം 60 ഹെക്ടർ സ്ഥലം സൗജന്യ നിരക്കിൽ കാബ്കോയ്ക്ക് പാട്ടത്തിനു നൽകാനുള്ള കൃഷി വകുപ്പിന്റെ നിർദേശം രണ്ടര വർഷം കഴിഞ്ഞാണു റവന്യു വകുപ്പ് അംഗീകരിച്ചത്.
5% മാർക്കറ്റ് നിരക്ക് പാട്ടത്തുകയായി വേണം എന്ന് റവന്യു വകുപ്പ് ആവശ്യപ്പെട്ടു. ഇതിനിടെ തിരുവനന്തപുരം ആനയറയിലെ ഒരേക്കർ സ്ഥലം കമ്പനിക്ക് ഉടമസ്ഥാവകാശത്തിൽ നൽകുന്നത് ധനവകുപ്പും എതിർത്തു.
പലകുറി കാബിനറ്റിനു മുൻപാകെ വന്നെങ്കിലും പാട്ടനിരക്കിൽ നിശ്ചയമാകാഞ്ഞതിനാൽ കാബ്ക്കോ കമ്പനിയുടെ സർക്കാർ നടത്തേണ്ട മൂലധന നിക്ഷേപവും മുടങ്ങി.
33% ഓഹരിത്തുകയോ തത്തുല്ല്യ ഭൂമിയോ നൽകാൻ ധനവകുപ്പ് വിസമ്മതിച്ചതിനാൽ ഏറെ പണിപ്പെട്ട് നബാർഡിൽ നിന്നടക്കം ലഭിക്കേണ്ട
ഓഹരി മൂലധനവും മുടങ്ങി. 66% ഓഹരി നൽകാനുള്ള സ്വകാര്യ സംരംഭകരും പിൻവാങ്ങി.
55,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിനുള്ളിൽ കോടികൾ മുടക്കി സ്ഥാപിച്ച യന്ത്രങ്ങൾ ഇനി പ്രവർത്തിക്കുമോ എന്നും സംശയമാണ്. ആക്ഷേപങ്ങൾ ഉയർന്നതോടെ തിരഞ്ഞെടുപ്പിനു മുൻപായി എങ്ങനെയെങ്കിലും പാർക്ക് പ്രവർത്തന സജ്ജമാക്കുന്നതിനുള്ള ശ്രമത്തിലാണ് അധികൃതർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

