ഗുരുവായൂർ ∙ ‘നഗര കേന്ദ്രത്തിൽനിന്നു വികസനം നാനാ ഭാഗങ്ങളിലേക്ക് വ്യാപിക്കണം, ശ്വാസം മുട്ടുന്ന വാഹനത്തിരക്കിന് പരിഹാരം കാണണം, കേന്ദ്ര–കേരള സർക്കാരുകളുടെ ഫണ്ടും കമ്പനികളുടെ സിഎസ്ആർ ഫണ്ടും ലഭ്യമാക്കുന്ന പദ്ധതികൾ തയാറാക്കണം, റോഡുകളും കാനകളും നവീകരിക്കണം, വെള്ളക്കെട്ടിന് പരിഹാരം കാണണം’– ഗുരുവായൂർ നഗരസഭയുടെ ഭരണകാര്യങ്ങളിൽ വ്യക്തമായ ബോധ്യവും വീക്ഷണവുമായി നഗരസഭാ ചെയർപഴ്സൻ സുനിത അരവിന്ദനും വൈസ് ചെയർമാൻ കെ.കെ.ജ്യോതിരാജും ‘മനോരമ’യോട് സംസാരിച്ചു. 46 വാർഡുകളിൽ നിന്നുള്ള ജനങ്ങളുടെ ശബ്ദമായി മനോരമ പ്രസിദ്ധീകരിച്ച നിർദേശങ്ങൾ ശ്രദ്ധാപൂർവം മനസ്സിലാക്കി ഇതിൽ പ്രധാനപ്പെട്ടത് ഇതിൽ ഉടൻ നടപ്പാക്കേണ്ടത് ഇത്തവണത്തെ ബജറ്റിൽ തന്നെ ഉൾപ്പെടുത്തുമെന്നും പ്രഖ്യാപിച്ചു.
ബസ് സ്റ്റാൻഡ്
നിർമാണം നടന്നു കൊണ്ടിരിക്കുന്ന ബസ് സ്റ്റാൻഡ് പോലുള്ള പദ്ധതികൾ നടപ്പാക്കുന്നതിനായിരിക്കും പ്രാഥമിക പരിഗണന. 6 മാസത്തിനുള്ളിൽ ബസ് സ്റ്റാൻഡ് തുറന്നു കൊടുക്കും. ഇതിനു ശേഷം ആവശ്യമെങ്കിൽ വൺവേയിൽ മാറ്റങ്ങൾ വരുത്തും.സ്ട്രീറ്റ് ഷോപ്പിങ് കോംപ്ലക്സിന്റെ നിർമാണവും വൈകാതെ പൂർത്തിയാക്കും.
ഷീ സ്റ്റേ ഹോമിൽ ഓൺലൈൻ ബുക്കിങ് ഏർപ്പെടുത്തും.
ഗുരുവായൂർ ബ്രാൻഡ് വിപണന വില്ലേജ്
ഗുരുവായൂരിലെത്തുന്ന തീർഥാടകരുടെ ക്ഷേമത്തിനായി നഗരസഭ ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. തീർഥാടകർ ചെലവഴിക്കുന്ന പണത്തിന്റെ ഒരു ഭാഗം നഗരസഭയിലെ സംരംഭകർക്കും കുടുംബശ്രീക്കും ലഭിക്കുന്ന വിധം ‘ഗുരുവായൂർ ബ്രാൻഡ്’ വിപണന വില്ലേജ് നടപ്പാക്കും.ഗുരുവായൂരിന്റെ തനത് ഉൽപന്നങ്ങൾ ഒരേ സ്ഥലത്ത് ലഭ്യമാക്കുകയാണ് ലക്ഷ്യം. വനിതാ വ്യവസായ സംരംഭങ്ങൾക്ക് മുൻഗണന നൽകും.
തൈക്കാട് വനിതാ വ്യവസായ കേന്ദ്രം പ്രവർത്തന സജ്ജമാക്കും.
സിഎസ്ആർ ഫണ്ട്
ഗുരുവായൂരിന്റെ വികസനത്തിന് താൽപര്യമുള്ള കമ്പനികളുടെ സിഎസ്ആർ ഫണ്ട് ലഭ്യമാക്കാൻ ശ്രമിക്കും. തീർഥാടകർക്കും നഗരസഭയിലുള്ളവർക്കും ഒരു പോലെ പ്രയോജനപ്പെടുന്ന പദ്ധതികൾ നടപ്പാക്കും.
ബൈപാസ് റോഡുകൾ
നഗരസഭയിലെ വിവിധ വാർഡുകളെ ബന്ധിപ്പിക്കുന്ന റോഡുകളിൽ ചിലയിടങ്ങളിൽ വീതി കൂട്ടിയാൽ ബൈപാസ് റോഡുകളായി മാറ്റാം.
ഇതിന് നാട്ടുകാരുടെ സഹകരണത്തോടെ സ്ഥലം കണ്ടെത്തി പ്രവർത്തിക്കും. തൈക്കാട് ചീപ്പ് റോഡ് നിർമാണം പരിഗണിക്കും.
തൊഴിൽ
നഗരസഭ നടത്തിയ തൊഴിൽ മേളകൾ വഴി ഒട്ടേറെ പേർക്ക് തൊഴിൽ ലഭിച്ചു.
ഈ മാതൃക തുടരും.
ടൂറിസം
ആനക്കോട്ടയും ചക്കംകണ്ടം കായലും നഗരസഭയുടെ ഭാഗമാണ്. 3 കിലോമീറ്ററിന് അപ്പുറത്താണ് കടൽ. ഇതെല്ലാം കോർത്തിണക്കി ടൂറിസം പദ്ധതികൾ നടപ്പാക്കും. ചക്കംകണ്ടത്ത് പാർക്ക്, ബോട്ടിങ് കേന്ദ്രം എന്നിവയും പരിഗണനയിലുണ്ട്.
ജംക്ഷൻ വികസനം
മഞ്ജൂളാൽ, പടിഞ്ഞാറേനട
വികസനത്തിന് മാസ്റ്റർ പ്ലാനിൽ നിർദേശമുണ്ട്. അത് നടപ്പാക്കും.
തിരക്കേറിയ മമ്മിയൂർ അത്താണി ജംക്ഷനിൽ മേൽപാലം ബജറ്റ് നിർദേശത്തിലുണ്ട്. എൻ.കെ.അക്ബർ എംഎൽഎയുടെ നേതൃത്വത്തിൽ അതിന്റെ പ്രവർത്തനങ്ങൾ ത്വരിത ഗതിയിൽ നടക്കുന്നുണ്ട്. കൈരളി ജംക്ഷൻ മുതൽ പടിഞ്ഞാറേനട
വരെ റോഡ് വീതി കൂട്ടുന്നത് മരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തും.
ഓപ്പൺ ജിം തുറക്കും
നഗരസഭയുടെ വിവിധ ഭാഗങ്ങളിലെ പാർക്കുകളിൽ ഇപ്പോൾ ഓപ്പൺ ജിം ഉണ്ട്. കഴിയാവുന്ന സ്ഥലങ്ങളിലെല്ലാം ഓപ്പൺ ജിം ഏർപ്പെടുത്തും.
അങ്കണവാടി
സ്വന്തമായി കെട്ടിടം ഇല്ലാതെ വാടകയ്ക്ക് പ്രവർത്തിക്കുന്ന കുറച്ച് അങ്കണവാടികൾ കൂടിയുണ്ട്.
അതത് പ്രദേശത്തെ ജനങ്ങൾ സ്ഥലം സൗജന്യമായി നൽകിയാൽ നഗരസഭ ആധുനിക സംവിധാനങ്ങളോടെ അങ്കണവാടി നിർമിക്കാൻ തയാറാണ്.ഇരിങ്ങപ്പുറം ജിഎൽപി സ്കൂൾ യുപി സ്കൂൾ ആക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും.
മാലിന്യം
പൊതു സ്ഥലത്തും ജലാശയങ്ങളിലും റോഡ് വക്കിലും ശുചിമുറി മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി എടുക്കും. സ്ഥിരമായി മാലിന്യം തള്ളുന്ന ഇത്തരം കേന്ദ്രങ്ങളിൽ ക്യാമറ സ്ഥാപിക്കാൻ പ്രദേശത്തെ ജനങ്ങൾ തന്നെ മുൻകൈ എടുക്കണം. മാലിന്യം വലിച്ചെറിയുന്നതിനു മാറ്റം വരണം.
ഇതിന് ബോധവൽക്കരണം നടത്തും.
ഫുഡ് കോർട്ട്
മേൽപാലത്തിനു കീഴെ ഫുഡ്കോർട്ടും ഓപ്പൺ ജിമ്മും സ്ഥാപിക്കുന്ന നടപടികൾ വേഗത്തിലാക്കും.
തെരുവു നായ ശല്യം
തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ നടപടികൾ സ്വീകരിക്കും. നടപ്പാക്കാൻ ബുദ്ധിമുട്ടുള്ള നിയമപരമായ നിർദേശങ്ങളാണ് തടസ്സമാകുന്നത്.
കുടിവെള്ളം
എല്ലാ വാർഡുകളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്.
വാർഡുകളിലെ പൊതു കിണറുകൾ നവീകരിക്കും. പൊതു കുളങ്ങളിൽ ഏറിയ പങ്കും നവീകരണം പൂർത്തിയായി.
പൂക്കോട്, തൈക്കാട് മേഖലകളിലെ ചില പ്രദേശങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് തടയാൻ ഇറിഗേഷൻ വകുപ്പിനോട് ആവശ്യപ്പെടും.
വലിയതോട് ശുചീകരണം
വലിയതോട് മാലിന്യ മുക്തമാക്കാൻ പദ്ധതികൾ തയാറാക്കും. അഴുക്കുചാൽ പദ്ധതി വന്നതോടെ മാലിന്യത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്.
കൂടുതൽ പ്രദേശത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയും മാലിന്യം തോട്ടിലേക്ക് ഒഴുകാതെ നോക്കിയും വേണ്ടത് ചെയ്യും.
നഷ്ടപ്പെട്ട ഭൂമി
പല സ്ഥലത്തും ഇപ്പോൾ ഡിജിറ്റൽ സർവേ നടന്നു വരികയാണ്.
ഇത് പൂർത്തിയായാൽ നഷ്ടപ്പെട്ട പൊതു സ്ഥലങ്ങളെ കുറിച്ചുള്ള വിവരം ലഭിക്കും.
അത്തരം സ്ഥലങ്ങൾ തിരിച്ചു പിടിക്കാൻ വേണ്ടത് ചെയ്യും.
ഗ്രൗണ്ട്
പൂക്കോട് ഗ്രൗണ്ട്, തൈക്കാട് ഗ്രൗണ്ട് എന്നിവിടങ്ങളിൽ ആധുനിക സൗകര്യങ്ങളുണ്ട്. കൂടുതൽ സ്ഥലം വാങ്ങി വികസനം നടപ്പാക്കാൻ നഗരസഭയ്ക്ക് നേരിട്ടു കഴിയില്ല.
ഏതെങ്കിലും പദ്ധതികൾ വരുന്നതിന് അനുസരിച്ച് കൂടുതൽ വികസനം നടപ്പാക്കും
ലഹരി വിരുദ്ധ ബോധവൽക്കരണം
കുട്ടികൾ ലഹരിക്ക് അടിമപ്പെടുന്നത് തടയാൻ ബോധവൽക്കരണ പരിപാടികൾ വ്യാപകമാക്കും.
റെയിൽവേ
ഗുരുവായൂരിലെ റെയിൽവേ വികസനം മുരടിച്ച സ്ഥിതിയിലാണ്. തിരുവെങ്കിടം അടിപ്പാത നടപ്പാക്കാനും വൈകിട്ടത്തെ പാസഞ്ചർ ട്രെയിൻ ആരംഭിക്കാനും കൂടുതൽ ട്രെയിനുകൾ ഏർപ്പെടുത്താനും റെയിൽവേയോട് ആവശ്യപ്പെടും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

