കുന്നംകുളം∙ പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ ക്രൂരമായി മർദിച്ച പൊലീസുകാർക്കെതിരെ കടുത്ത നടപടി വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയത്തിന് നഗരസഭ കൗൺസിൽ യോഗത്തിൽ സിപിഎം ഭരണസമിതി അവതരണാനുമതി നിഷേധിച്ചു. കോൺഗ്രസ് അംഗങ്ങൾ നൽകിയ പ്രമേയ നോട്ടിസ് ചട്ടപ്രകാരമല്ലെന്ന വാദം ഉന്നയിച്ചാണ് അനുമതി നിഷേധിച്ചത്.
അനുമതിയില്ലാതെ പ്രമേയം അവതരിപ്പിച്ച കോൺഗ്രസ് അംഗങ്ങൾ പിന്നീട് നഗരസഭാധ്യക്ഷയുടെ മുൻപിലെത്തി മുദ്രാവാക്യം വിളിച്ചതോടെ ബഹളത്തിൽ മുങ്ങിയ യോഗം പിരിഞ്ഞു.
കുറ്റക്കാരായ പൊലീസുകാർക്കെതിരെ പ്രമേയം ഐകകണ്ഠ്യേന പാസാക്കണമെന്ന് യോഗത്തിൽ ബിജെപിയും ആർഎംപിഐയും ആവശ്യപ്പെട്ടു. പൊലീസ് മർദനം സിപിഎം അംഗീകരിക്കുന്നില്ലെന്നും എന്നാൽ ഇതിനെ രാഷ്ട്രീയവൽക്കരിക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നും സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ നഗരസഭ സ്ഥിരസമിതി അധ്യക്ഷൻ പി.എം.സുരേഷ് പറഞ്ഞു.
1996 ഫെബ്രുവരി 6ന് തനിക്ക് നേരിടേണ്ടി വന്ന പൊലീസ് മർദനം സുരേഷ് യോഗത്തിൽ വിവരിച്ചു.
ജനങ്ങളെ ഞെട്ടിച്ച മർദനത്തെ നഗരസഭ കൗൺസിൽ യോഗം അപലപിക്കണമെന്ന് കോൺഗ്രസിലെ ബിജു സി.ബേബി, ഷാജി ആലിക്കൽ, ലെബീബ് ഹസൻ, മിനി മോൻസി എന്നിവർ ആവശ്യപ്പെട്ടു. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ ജനങ്ങൾക്ക് നീതി നൽകണമെന്നും ഇക്കാര്യം രാഷ്ട്രീയ ഭിന്നതകളില്ലാതെ ഒറ്റക്കെട്ടായി ആവശ്യപ്പെടണമെന്നും ബിജെപി പാർലമെന്ററി പാർട്ടി നേതാവ് കെ.കെ.മുരളി ആവശ്യപ്പെട്ടു.
തനിക്കെതിരെ കാപ്പ ചുമത്തി പൊലീസ് നടത്തിയ വേട്ടയാടൽ ബിജെപിയിലെ ബിനു പ്രസാദ് വിവരിച്ചു.
പ്രമേയത്തെ പിന്തുണച്ചു പൊലീസിനെതിരെ കടുത്ത വിമർശനമുയർത്തി ആർഎംപിഐ നേതാവ് ബീന രവിയും രംഗത്തെത്തി. മർദനത്തിന് ഇരയായ സുജിത്തിനെതിരെ ഒട്ടേറെ കേസുണ്ടെന്ന സിപിഎമ്മിലെ വി.കെ.സുനിൽ കുമാറിന്റെ വാദത്തെ ലെബീബ് ഹസൻ എതിർത്തതോടെ യോഗം ബഹളത്തിൽ മുങ്ങി.
പ്രമേയം അവതരിപ്പിച്ച കോൺഗ്രസ് അംഗങ്ങൾ പിന്നീട് മുദ്രാവാക്യം മുഴക്കി നടുത്തളത്തിലിറങ്ങിയതോടെ അജൻഡകൾ പാസാക്കിയെന്ന് അറിയിച്ചു നഗരസഭാധ്യക്ഷ സിപിഎമ്മിലെ സീത രവീന്ദ്രൻ യോഗം പിരിച്ചുവിട്ടു.
പൊലീസ് മർദനം: മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് മുസ്ലിം ലീഗ്
തൃശൂർ∙ പൊലീസ് ഗുണ്ടായിസത്തിൽ ജനങ്ങൾ ആകെ ഭീതിയിലാഴ്ന്നിട്ടും സമാധാനം പറയേണ്ട മുഖ്യമന്ത്രി മൗനം തുടരുന്നത് ദുരൂഹമാണെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എ.മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് സി.എച്ച്.റഷീദ്, സെക്രട്ടറി പി.എം.സാദിഖലി, ജില്ലാ ജന. സെക്രട്ടറി പി.എം.അമീർ, ട്രഷറർ ആർ.വി.അബ്ദുൽ റഹീം, കെ.എ.ഹാറൂൺ റഷീദ്, പി.കെ.മുഹമ്മദ് ഹാജി, സി.എ.ജാഫർ സാദിഖ്, എം.വി.ഷക്കീർ, പി.വി.ഉമ്മർകുഞ്ഞ്, പി.കെ.ഷാഹുൽ ഹമീദ്, ഐ.ഐ.അബ്ദുൽ മജീദ്, സി.അഷറഫ്, എം.എ.റഷീദ്, എം.എ.അസീസ്, പി.എ.അബ്ദുൽ കരീം, കെ.കെ.ഹംസക്കുട്ടി, പി.കെ.നൗഷാദ്, പി.കെ.ബഷീർ എന്നിവർ പ്രസംഗിച്ചു.
കള്ളക്കേസ് റദ്ദാക്കാൻ വി.എസ്.സുജിത്ത് ഹൈക്കോടതിയെ സമീപിക്കും
കുന്നംകുളം∙ പൊലീസ് സ്റ്റേഷനിൽ ക്രൂരമർദനത്തിനിരയായ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെതിരെ 2 വർഷം മുൻപ് പൊലീസെടുത്ത കള്ളക്കേസ് റദ്ദാക്കുന്നതിന് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും സുജിത്തിന്റെ അഭിഭാഷകനുമായ സി.ബി.രാജീവ് പറഞ്ഞു.
2023 ഏപ്രിൽ 6ന് കാണിപ്പയ്യൂരിൽ സുജിത്ത് പൊലീസുകാരെ ആക്രമിച്ച് പരുക്കേൽപിച്ചെന്നും ചില പ്രതികളെ പൊലീസിൽ നിന്ന് രക്ഷിച്ചെന്നുമാണു കേസ്.
സുജിത്ത് മദ്യപിച്ചിരുന്നതായി പൊലീസ് റിപ്പോർട്ടിൽ ഉണ്ടായിരുന്നെങ്കിലും ഇല്ലെന്നു വൈദ്യപരിശോധനയിൽ തെളിഞ്ഞു.
രണ്ട് വർഷം കഴിഞ്ഞിട്ടും സുജിത്തിനെതിരെ കുറ്റപത്രം സമർപ്പിക്കാൻ പോലും സാധിച്ചില്ല. ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കും. സുജിത്തിനെ കസ്റ്റഡിയിൽ മർദിച്ച മുൻ പൊലീസ് ഡ്രൈവർ സുഹൈറിനെ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ട് മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടിൽ സുഹൈറിനെതിരെയും പരാമർശമുണ്ടെന്നും അഡ്വ. സി.ബി.രാജീവ് വിശദീകരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]