
പൂപ്പത്തി ∙ ഓണവിപണിക്കു ഖാദി വ്യവസായ യൂണിറ്റ് ഉണർന്നു. പോയ വർഷങ്ങളിലെ മികച്ച നേട്ടം ഈ വർഷവും നേടാനുള്ള ലക്ഷ്യത്തിലാണ് തൊഴിലാളികൾ.
കൂലി വർധനയടക്കമുള്ള ആവശ്യങ്ങൾ നിലനിൽക്കുമ്പോഴും വിപണിയിൽ ഖാദിയുടെ ക്വാളിറ്റിയും സ്വീകാര്യതയും നിലനിർത്താനുള്ള കഠിന ശ്രമത്തിലാണിവർ. ഖാദിയുടെ മുണ്ടുകളാണ് ഇവിടെ പ്രധാനമായും നിർമിക്കുന്നത്.
അപൂർവമായി ഷർട്ടിനുള്ള തുണിയും ഒരുക്കാറുണ്ട്. ഇവ തൃശൂർ ഓഫിസ് വഴിയാണ് വിപണിയിലേക്കെത്തുന്നത്.
പ്രദേശവാസികളായ വനിതകൾക്ക് ജോലി എന്ന ലക്ഷ്യത്തോടെയാണ് പൂപ്പത്തിയിൽ ഖാദി വ്യവസായ യൂണിറ്റ് സ്ഥാപിക്കാനായി തീരുമാനിച്ചത്.
1982 ൽ കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മാള – കുഴൂർ റോഡിലെ പൂപ്പത്തിയിൽ 50 സെന്റ് സ്ഥലത്ത് 2 കെട്ടിടങ്ങളിലായാണ് യൂണിറ്റ് തുടങ്ങിയത്. ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫിസിനു കീഴിലാണിത്.
നേരത്തെ ഇരുപതിലധികം തൊഴിലാളികൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 12 പേർ മാത്രമാണുള്ളത്. 3 പേർ തറിയും 9 പേർ നൂൽ നിർമാണത്തിലും ജോലി ചെയ്യുന്നു.
പഞ്ഞിക്കെട്ടുകൾ നൂലാക്കുകയും നൂലുകളിൽ നിന്ന് മുണ്ടും ഷർട്ടിനുള്ള തുണിയും നിർമിക്കുന്ന ജോലികളാണ് ഇവർ ചെയ്യുന്നത്.
സ്പിന്നിങ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് അവർ നിർമിക്കുന്ന കഴിയുടെ എണ്ണം അടിസ്ഥാനമാക്കിയാണ് കൂലി നൽകുന്നത്. പഞ്ഞിക്കെട്ടുകൾ യന്ത്ര സഹായത്താൽ നൂൽക്കെട്ടുകളാക്കുന്നതിനെയാണ് കഴി എന്ന് പറയുന്നത്.
ഡിഎയും ഇൻസെന്റീവും ഇതിനൊപ്പം ലഭിക്കും. തറിയിൽ ജോലി ചെയ്യുന്നവർക്ക് 60 മുണ്ടുകൾ നിർമിച്ചാൽ 4,000 രൂപ ലഭിക്കും.
തുണികളും മുണ്ടും തൃശൂർ ഖാദി ഭവൻ ഇവിടെയെത്തി ഏറ്റെടുക്കും. കളർ ചേർക്കുന്നതടക്കമുള്ള ജോലികൾ തൃശൂരിലാണ് നടക്കുന്നത്.
വരുമാനം കുറവാണെങ്കിലും ജോലിയിൽ വിട്ടുവീഴ്ചകൾക്ക് ഇവർ തയാറല്ല.
കോവിഡ് വ്യാപനത്തിനു മുൻപ് ഇരുപത്തിരണ്ടിലധികം പേർ ജോലി ചെയ്തിരുന്ന യൂണിറ്റാണിത്. ഓണക്കാലങ്ങളിൽ വിതരണം ചെയ്യുന്ന മിനിമം കൂലിയിലാണ് തൊഴിലാളികളുടെ പ്രതീക്ഷ.
കഴിഞ്ഞ വർഷം തുക ലഭിച്ചിരുന്നില്ല. നാൽപതു വർഷത്തിലധികം പഴക്കമുള്ള കെട്ടിടങ്ങളിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.
പുതിയ കെട്ടിടത്തിനായി വി.ആർ.സുനിൽകുമാർ എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 30 ലക്ഷം രൂപ 2022 ൽ അനുവദിച്ചിരുന്നു.
ഈ തുക വിനിയോഗിച്ച് 153.76 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചെങ്കിലും പൂർത്തീകരിച്ചിട്ടില്ല. വിൽപന കേന്ദ്രം, ഓഫിസ് മുറി, തറികൾ സ്ഥാപിക്കാനുള്ള ഭാഗം, ശുചിമുറി എന്നിവയാണ് പുതിയ കെട്ടിടത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും ചെലവഴിച്ച തുക ലഭിച്ചില്ലെന്ന കാരണത്താൽ കരാറുകാരൻ നിർമാണം ഉപേക്ഷിച്ചു.
പാതിവഴിയിൽ നിർമാണം മുടങ്ങിയ കെട്ടിടം ഇപ്പോൾ കാടുപിടിച്ചു കിടക്കുകയാണ്. ഈ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയാൽ കൂടുതൽ വനിതകൾക്ക് ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]