
തൃശൂർ∙ കോഴിക്കോട്ട് ട്രെയിൻ യാത്രയ്ക്കിടെ പുറത്തേക്ക് തള്ളിയിട്ട് പണമടങ്ങിയ ബാഗും മൊബൈൽ ഫോണും കവർന്ന സംഭവത്തിൽ ജീവൻ തിരികെ കിട്ടിയത് ദൈവാനുഗ്രഹം എന്ന് അക്രമത്തിനിരയായ യാത്രക്കാരി. തലോർ വൈക്കാടൻ ജോസിന്റെ ഭാര്യ അമ്മിണി(64)യാണ് ആക്രമിക്കപ്പെട്ടത്.
രണ്ടു തവണ മരണത്തെ മുഖാമുഖം കണ്ടുവെന്ന് അമ്മിണി പറയുന്നു.
വെള്ളിയാഴ്ച പുലർച്ചെ നാലരയ്ക്ക് സമ്പർക്കക്രാന്തി എക്സ്പ്രസിലായിരുന്നു സംഭവം. സഹോദരീ ഭർത്താവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മുംബൈയിൽ നിന്നുള്ള മടക്കയാത്രയിൽ എസ്1 കംപാർട്മെന്റിലായിരുന്ന അമ്മിണിയെ ട്രെയിൻ കോഴിക്കോട് സ്റ്റേഷൻ വിട്ട് ഫ്രാൻസിസ് റോഡ് മേൽപാലത്തിന് അടുത്ത് എത്താറായപ്പോഴാണു മോഷ്ടാവ് തള്ളിയിട്ടത്.
ഒപ്പമുണ്ടായിരുന്ന സഹോദരൻ വരന്തരപ്പിള്ളി വെണ്ണാട്ടുപറമ്പിൽ വർഗീസ് ശുചിമുറിയിലേക്കു പോയ സമയത്ത് അമ്മിണി വാതിലിനു സമീപം നിൽക്കുകയായിരുന്നു. 35 വയസ്സു തോന്നിക്കുന്നയാൾ ബാഗ് പിടിച്ചുപറിച്ചു.
എതിർത്തപ്പോൾ പുറത്തേക്കു ചവിട്ടി വീഴ്ത്തി. ഒപ്പം ചാടിയ മോഷ്ടാവ് ബാഗുമായി കടന്നുകളഞ്ഞു.
തലയിടിച്ച് വീണതിനാൽ കുറച്ചു നേരത്തേക്ക് സ്തംഭിച്ചുപോയെന്ന് അമ്മിണി പറയുന്നു.
തലയുടെ പിറകുവശം പൊട്ടി ചോര ഒലിച്ചിറങ്ങി. ട്രെയിനിലെ യാത്രക്കാർ തുടർച്ചയായി വിളിച്ചു പറഞ്ഞപ്പോഴാണ് തൊട്ടടുത്ത ട്രാക്കിലൂടെ ട്രെയിൻ വരുന്നതു കണ്ടത്.
എങ്ങനെയൊക്കെയോ എഴുന്നേറ്റ് പാളത്തിൽ നിന്നു മാറിയ ഉടനെ ട്രെയിൻ കടന്നുപോയി. ഭീതിയോടെയാണ് ഈ സംഭവങ്ങൾ ഓർക്കുന്നതെന്ന് അമ്മിണി പറഞ്ഞു.
സമ്പർക്കക്രാന്തി എക്സ്പ്രസിലെ ഒരു യാത്രക്കാരൻ ചങ്ങല വലിച്ചു ട്രെയിൻ നിർത്തിയതോടെ വർഗീസും ടിടിഇയും മറ്റു യാത്രക്കാരും ഇറങ്ങി അമ്മിണിയുടെ അരികിൽ എത്തി.
റെയിൽവേ പൊലീസ് എത്തി അമ്മിണിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ചികിത്സയ്ക്ക് ശേഷം വെള്ളിയാഴ്ച തന്നെ വീട്ടിലെത്തി.
തലയിൽ 4 തുന്നലുകളുണ്ട്. 8500 രൂപയും മൊബൈൽ ഫോണും ആധാർ കാർഡും ആണ് ബാഗിൽ ഉണ്ടായിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]