
പെരുമ്പിലാവ് ∙ ജില്ലാ അത്ലറ്റിക് അസോസിയേഷൻ കുന്നംകുളത്തു നടത്തിയ ജില്ലാ മീറ്റിൽ അണ്ടർ 14 വിഭാഗം ട്രയാത്ലണിൽ മികച്ച പ്രകടനം നടത്തിയ ഒഡീഷ സ്വദേശി കെ.ബി.രാജിന് സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രതിസന്ധികളേറെ. അക്കിക്കാവ് ടിഎംവിഎച്ച്എസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
കഴിഞ്ഞ വർഷത്തെ ഉപജില്ലാ കായികോത്സവത്തിൽ 3 സ്വർണം അടക്കം 4 മെഡലുകൾ നേടിയതോടെയാണു രാജിലെ പ്രതിഭയെ അധ്യാപകർ തിരിച്ചറിഞ്ഞത്. പിന്നീട് സ്കൂളിലെ കായികാധ്യാപിക ജുഡിത് മേരീദാസന്റെയും കോച്ച് പി.എം.ഷെരീഫിന്റെയും കീഴിൽ കഠിന പരിശീലനം.
മികച്ച കായികക്ഷമത ആവശ്യമുള്ള ഈ ഇനത്തിൽ മികവ് തുടരണമെങ്കിൽ കടമ്പകൾ ഏറെ താണ്ടണം.
പരിശീലനം, പോഷകാഹാരം, പരിശീലനത്തിനു നിലവാരമുള്ള ഉപകരണങ്ങൾ, യാത്ര തുടങ്ങി കുടുംബത്തിനു താങ്ങാവുന്നതിൽ അപ്പുറമുള്ള ചിലവുകളാണു കാത്തിരിക്കുന്നത്. സംസ്ഥാന മീറ്റിൽ പങ്കെടുക്കുന്നതിനു കോച്ച് അടക്കം 3 പേരെങ്കിലും പോകണം.
4 ദിവസത്തെ താമസം അടക്കം വലിയൊരു തുക ചെലവുണ്ട്.
അസോസിയേഷൻ നടത്തുന്ന മത്സരമായതിനാൽ താരം തന്നെ എല്ലാ ചെലവും കണ്ടെത്തണം. സ്പോൺസറെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നുണ്ടെന്നു സ്കൂൾ അധികൃതർ പറഞ്ഞു.
ഭുവനേശ്വറിൽ നിന്നു തൊഴിൽതേടി കേരളത്തിലെത്തിയതാണ് രാജിന്റെ കുടുംബം. പിതാവ് ബാൽമീകി നായകിന് കൂലിപ്പണിയാണ്.
അമ്മ ജമാദേയിയുടെ ഒരു കൈ തളർന്ന നിലയിലാണ്. മുക്കിലപീടികയിലെ ക്വാർട്ടേഴ്സിലാണ് താമസം.
മകനെ വലിയൊരു കായികതാരമാക്കണമെന്നാണ് ഇവരുടെ സ്വപ്നം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]