
തൃശൂർ ∙ ജില്ലാ ആസ്ഥാനത്തു നിർമിക്കാൻ ഉദ്ദേശിക്കുന്ന കെഎസ്ആർടിസി ബസ് സ്റ്റേഷനു വേണ്ടി ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് കേരള തൃശൂർ ചാപ്റ്റർ തയാറാക്കിയ ഡിസൈൻ മന്ത്രി കെ.രാജനു കൈമാറി. മലയാള മനോരമ, ബിൽഡേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെ നടത്തിയ ‘ലെറ്റ്സ് സ്റ്റാൻഡ് ടുഗെദർ’ ക്യാംപെയ്നിന്റെ ഭാഗമായി ഉയർന്നുവന്ന നിർദേശങ്ങൾ ഉൾപ്പെടുത്തിയ ഡിസൈൻ ആണ് പി.ബാലചന്ദ്രൻ എംഎൽഎയുടെ സാന്നിധ്യത്തിൽ കൈമാറിയത്.
തൃശൂരിന്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന തരത്തിലായിരിക്കും സ്റ്റാൻഡ് നിർമിക്കുകയെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.
ക്യാംപെയ്നിന്റെ ഭാഗമായി വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവരിൽനിന്ന് നേരത്തേ ഡിസൈനുകൾ ക്ഷണിച്ചിരുന്നു. ജില്ലയ്ക്കു പുറത്തുനിന്നുള്ളതടക്കം 10 എൻജിനീയറിങ് കോളജുകളും സ്വകാര്യ സ്ഥാപനങ്ങളും മത്സരത്തിൽ പങ്കെടുത്ത് ഡിസൈനുകൾ തയാറാക്കി. ഡിസൈൻ തയാറാക്കുന്നതിനായി കെഎസ്ആർടിസി സ്റ്റാൻഡ് സന്ദർശനവും വിവിധ സംഘടനകളുടെ നിർദേശങ്ങൾ സമാഹരിക്കുന്നതിനായി മന്ത്രിയെ ഉൾപ്പെടെ പങ്കെടുപ്പിച്ച് സെമിനാറുകളും സംഘടിപ്പിക്കുകയുണ്ടായി.
യാത്രക്കാരും കെഎസ്ആർടിസി ജീവനക്കാരും തൃശൂരിലെ സാമൂഹിക സന്നദ്ധ പ്രവർത്തകരും വിവിധ സംഘടനാ ഭാരവാഹികളും നിർദേശങ്ങൾ നൽകി.
എല്ലാം പരിഗണിച്ചാണ് ബിൽഡേഴ്സ് അസോസിയേഷൻ പുതിയ രൂപകൽപന തയാറാക്കിയത്. പി.ബാലചന്ദ്രൻ എംഎൽഎയുടെ നവകേരള സദസ്സ് ഫണ്ടിൽ നിന്ന് 7 കോടി രൂപയും 2024- 25 ആസ്തി വികസന ഫണ്ടിൽനിന്ന് രണ്ടരക്കോടി രൂപയും ഉപയോഗിച്ചാണ് സ്റ്റാൻഡ് നവീകരിക്കുക. ആവശ്യമെങ്കിൽ എംഎൽഎ ഫണ്ടിൽനിന്ന് ഇനിയും തുക നൽകുമെന്ന് പി.ബാലചന്ദ്രൻ പറഞ്ഞു. ഭക്ഷണശാല, താമസ സൗകര്യം, ജീവനക്കാർക്കുള്ള വിശ്രമമുറി, വിവിധ നിലവാരത്തിലുള്ള കാത്തിരിപ്പുകേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ രൂപകൽപന.
ജീവനക്കാരുടെ താമസസ്ഥലം, അവർക്കു സൗകര്യപ്രദമായ നിലയിൽ, സ്റ്റാൻഡിൽനിന്ന് മറ്റെവിടേക്കെങ്കിലും മാറ്റാൻ സ്ഥലം ലഭ്യമാകുമോ എന്നതും പരിശോധിക്കാമെന്ന് എംഎൽഎ പറഞ്ഞു. പ്രോജക്ട് കോ ഓർഡിനേറ്റർ എൻ.ഐ.വർഗീസ്, ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ തൃശൂർ ചാപ്റ്റർ വൈസ്ചെയർമാൻ മിജോയ് മാമു, സെക്രട്ടറി വിൽസൺ ജോർജ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷിജു ജോസഫ്, പി.വി.എൻ.മേനോൻ, മലയാള മനോരമ കോ ഓർഡിനേറ്റിങ് എഡിറ്റർ എ.ജീവൻ കുമാർ എന്നിവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]