
കൊടുങ്ങല്ലൂർ ∙ നഗരസഭ പ്രദേശത്തെ റോഡുകളിൽ ഭൂരിഭാഗവും തകർന്നു ഗതാഗത യോഗ്യമല്ലാതായി. കാൽനടയാത്രക്കാർക്കു പോലും ദുരിതം.
ഇരുചക്ര വാഹനങ്ങളും കാറുകളും റോഡിലെ കുഴികളിൽ വീണു അപകടം പതിവായി. നഗരസഭയിലെ 44 വാർഡുകളിലും പുനർനിർമിക്കേണ്ട റോഡുകൾ ഏറെയാണ്.
വിവിധ പദ്ധതികളിൽ റോഡുകൾക്കു പണം മാറ്റി വയ്ക്കാറുണ്ടെങ്കിലും ഒന്നും യാഥാർഥ്യമാകുന്നില്ല.
കൊടുങ്ങല്ലൂർ – ചന്തപ്പുര – ഉഴുവത്തുകടവ്, ചന്തപ്പുര – വയലാർ, കാവിൽക്കടവ് – വയലാർ, ലോകമലേശ്വരം – തിരുവള്ളൂർ, ലോകമലേശ്വരം – ഒ.കെ. ആശുപത്രി, ചന്തപ്പുര – അമൃത ക്ഷേത്രം, പടിഞ്ഞാറേ നട
– ആശാൻ നഗർ, മേത്തല – പടന്ന, ടികെഎസ് പുരം – ചിത്തിര – പടന്ന, മുസിരിസ് റോഡ്, കാവിൽക്കടവ് – മുസിരിസ് റോഡ് എന്നിവയെല്ലാം തകർന്നു.കെഎസ്ആർടിസി ബസ് സ്റ്റാൻഡ് റോഡ്, മുസിരിസ് റോഡ് എന്നിവ കഴിഞ്ഞ വർഷം ടൈൽ പാകിയ റോഡുകളാണ്. ടൈൽ പാകിയ റോഡുകളിൽ ടൈൽ റോഡും പഴയ ടാറിങ് റോഡും ചേരുന്നിടത്തു തകർച്ച പൂർണമാണ്.
റോഡിലെ ഗർത്തങ്ങളിൽ കയറിയിറങ്ങിയാണ് വാഹനങ്ങൾ പോകുന്നത്.
മുസിരിസ് റോഡിൽ പലയിടത്തും വലിയ ഗർത്തങ്ങളാണ്. നഗരസഭ 44,43,42 വാർഡുകളിൽ പലയിടത്തും റോഡ് തകർച്ച രൂക്ഷമാണ്. മേത്തലയിൽ ശുദ്ധജല പദ്ധതിക്കു വേണ്ടി പൈപ്പ് സ്ഥാപിക്കാൻ പൊളിച്ച റോഡ് പുനർനിർമിച്ചില്ല.
കാലവർഷം കനത്തതോടെ ഇൗ പ്രദേശങ്ങളിൽ റോഡിന്റെ തകർച്ച പൂർണമായി. കൃത്യമായി അറ്റകുറ്റപ്പണി ഇല്ലാത്തതും റോഡ് നിർമാണത്തിനു അനുവദിക്കുന്ന ഫണ്ടിന്റെ കുറവും ആണ് കൊടുങ്ങല്ലൂരിൽ റോഡുകൾ ഗതാഗതയോഗ്യമല്ലാത്തതിനു കാരണമെന്നു ചൂണ്ടിക്കാണിക്കുന്നു.
ഫണ്ട് വകയിരുത്തും; പണി പിന്നീട്
നഗരസഭാ ബജറ്റിൽ 34 വാർഡുകളിൽ റോഡുകളുടെ നവീകരണത്തിനും അറ്റകുറ്റപ്പണിക്കും ഫണ്ട് വകയിരുത്തിയിട്ടുണ്ട്. സാങ്കേതിക അനുമതി, ടെൻഡർ നടപടി ക്രമങ്ങൾ പൂർത്തിയായി റോഡ് നിർമാണത്തിലേക്ക് പ്രവേശിക്കുമ്പോൾ അടുത്ത വർഷം ആകുമെന്നു നിഗമനം. അതുവരെ തകർന്ന റോഡുകൾ എല്ലാം അതേ പടി തന്നെ ആയിരിക്കും.
ടെൻഡർ എടുക്കാൻ ആളില്ല
തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം കൊടുങ്ങല്ലൂർ നഗരസഭ പ്രദേശത്തെ 8 റോഡുകൾക്ക് പണം അനുവദിച്ചു.
ഇതിൽ 7 റോഡുകൾ നിർമിക്കാൻ ടെൻഡർ എടുക്കാൻ ആളില്ലാത്തതിനാൽ നിർമാണം തുടങ്ങിയില്ല. 15 ലക്ഷം രൂപ മുതൽ 45 ലക്ഷം രൂപ വരെ റോഡുനിർമാണത്തിനു സംസ്ഥാന സർക്കാർ അനുവദിച്ചു. ചന്തപ്പുര – ഉഴുവത്തു കടവ് റോഡ് നിർമിക്കാൻ മാത്രമാണ് കരാർ എടുത്തത്.
3 തവണ ടെൻഡർ ചെയ്തിട്ടും ടെൻഡർ എടുക്കാൻ കരാറുകാർ എത്തിയില്ല.
മൂന്നു തവണ ക്വട്ടേഷൻ ചോദിച്ചെങ്കിലും കരാറുകാർ ശ്രദ്ധിച്ചതേയില്ല. ഇൗ റോഡുകളുടെ എസ്റ്റിമേറ്റ് തുക 2018 ലേതാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതു കാരണമാണ് കരാറുകാർ ബഹിഷ്കരിച്ചത്.
2021ലെ തുക വീതം എസ്റ്റിമേറ്റ് തയാറാക്കിയാൽ മാത്രമേ കരാർ ഏറ്റെടുക്കൂ എന്നാണ് കരാറുകാരുടെ നിലപാട്. ഇതു പരിഹരിക്കാൻ സർക്കാരിലേക്ക് കത്ത് അയച്ചു കാത്തിരിക്കുകയാണ് നഗരസഭ.
കൊടുങ്ങല്ലൂരിന് ആശ്രയം മതിലകം ബ്ലോക്ക് പഞ്ചായത്ത്…!
കൊടുങ്ങല്ലൂർ നഗരസഭയ്ക്ക് സ്വന്തമായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഇല്ല.
റോഡ് നിർമാണവുമായി ബന്ധപ്പെട്ട ഫയലുകൾ എല്ലാം മെല്ലെപ്പോക്കിൽ.
44 നഗരസഭാ വാർഡുകളിൽ ഒട്ടേറെ നിർമാണങ്ങളാണ് പുരോഗമിക്കുന്നത്. റോഡ് നിർമാണത്തിനു മാത്രം വലിയ തുകയും വകയിരുത്തിയിട്ടുണ്ട്. 44 വാർഡുകളിലായി ഇത്തവണ 34 വാർഡുകളിലും റോഡ് നവീകരണത്തിനു പദ്ധതി തയാറാക്കിയിട്ടുണ്ട്.
ബജറ്റിൽ തുകയും വകയിരുത്തി. എന്നാൽ, ഇൗ ഫയലുകളിൽ സാങ്കേതിക അനുമതി ലഭിക്കേണ്ടതു മതിലകം ബ്ലോക്ക് പഞ്ചായത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറിൽ നിന്നാണ്.
കൊടുങ്ങല്ലൂർ നഗരസഭയിലെ മുഴുവൻ ഫയലുകളും മതിലകം ബ്ലോക്ക് പഞ്ചായത്തിൽ എത്തിച്ചു പരിശോധന നടത്തിയ ശേഷമേ അനുമതി നൽകൂ.
നഗരസഭയിലെ അസിസ്റ്റന്റ് എൻജിനീയർക്കു മേൽനോട്ടച്ചുമതലയാണുള്ളത്. മതിലകം ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്കു 7 പഞ്ചായത്തുകളിലെ പ്രവൃത്തികൾക്കു പുറമേ മതിലകം ബ്ലോക്ക് പഞ്ചായത്ത് നൽകുന്ന മറ്റു പ്രവൃത്തികളും നോക്കേണ്ടതുണ്ട്.ഇതെല്ലാം കഴിഞ്ഞിട്ടു വേണം കൊടുങ്ങല്ലൂരിലെ ഫയലുകൾ നോക്കാൻ.
സമീപ നഗരസഭകളായ ഇരിങ്ങാലക്കുട, ചാവക്കാട്, ഗുരുവായൂർ എന്നിവിടങ്ങളിൽ എല്ലാം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ തസ്തികയുണ്ട്. കൊടുങ്ങല്ലൂരിൽ മാത്രം പോസ്റ്റ് ഇല്ലാത്തതാണ് പ്രതിസന്ധി.
ഓവർസീയർ ഒഴിവുകളിലും നിയമം പൂർത്തിയായി. എൻജിനീയറിങ് വിഭാഗത്തിനു മാത്രമായി ആകെയുള്ളത് രണ്ടു ക്ലാർക്കുമാരും.
ഇതെല്ലാം റോഡ് നിർമാണവുമായി ബന്ധപ്പെട്ട പ്രതിസന്ധികളാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]