
ദേശീയപാത 66; തൃശൂർ ജില്ലയിൽ മാത്രം എന്തുകൊണ്ട് നിർമാണം മന്ദഗതിയിൽ? 500 ദിവസം പിന്നിട്ട് അടിപ്പാത സമരവും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ദേശീയപാത 66ന്റെ ജില്ലയിലെ തീരദേശത്തിലൂടെ കടന്നുപോകുന്ന ഭാഗത്തിന്റെ നിർമാണം മന്ദഗതിയിൽ. കാപ്പിരിക്കാട്, ചാവക്കാട്, തൃപ്രയാർ, വാടാനപ്പള്ളി, കയ്പമംഗലം, കൊടുങ്ങല്ലൂർ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഹൈവേ നിർമാണം പലയിടത്തും ഇഴയുകയാണ്. മലപ്പുറം അതിർത്തിയായ കാപ്പിരിക്കാട് മുതൽ തളിക്കുളം വരെ, തളിക്കുളം മുതൽ കൊടുങ്ങല്ലൂർ വരെ എന്നിങ്ങനെ രണ്ട് റീച്ചുകളിലായാണു നിർമാണം.
ജില്ലയിൽ 17 തീരദേശ വില്ലേജുകളിലായി 61.069 കിലോമീറ്റർ നീളത്തിലാണ് ഹൈവേ കടന്നുപോകുന്നത്. ഒരേസമയം നിർമാണമാരംഭിച്ച മലപ്പുറം ജില്ലയിൽ ഹൈവേ നിർമാണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ജില്ലയിലെ പലയിടത്തും സർവീസ് റോഡുകൾ പോലും പൂർത്തിയായിട്ടില്ല. കാപ്പിരിക്കാട് മുതൽ പെരിയമ്പലം വരെ കഷ്ടിച്ച് ഒരു കിലോമീറ്റർ മാത്രമാണ് റോഡ് ടാറിങ് നടത്തിയത്.
അതുവഴി വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. ജില്ലയിലേക്ക് കടന്നാൽ ആദ്യത്തെ അടിപ്പാതയായ പുന്നയൂർക്കുളം പഞ്ചായത്തിലെ അണ്ടത്തോടു മുതൽ നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്. അടിപ്പാതയുടെ ടാറിങ് കഴിഞ്ഞിട്ടില്ല. വാഹനങ്ങൾ സർവീസ് റോഡിലൂടെ തലങ്ങും വിലങ്ങും പോകുന്നത് അപകട ഭീഷണിയുയർത്തുന്നു.
നിന്നുള്ള കാഴ്ച.
അപകട അടിപ്പാത
കാപ്പിരിക്കാട് മുതൽ കൊടുങ്ങല്ലൂർ വരെയുള്ള അടിപ്പാതകളിലൂടെ വാഹനങ്ങൾ പോകുന്നുണ്ടെന്നല്ലാതെ ടാറിങ്ങോ മറ്റ് അറ്റകുറ്റപ്പണികളോ പൂർത്തിയായിട്ടില്ല. പല അടിപ്പാതകളുടെ അരികുകളിൽ വലിയ മൺകൂനകളും കോൺക്രീറ്റ് ബ്രിക്സ് തുടങ്ങി നിർമാണ സാധനങ്ങളും കൂട്ടിയിട്ടിരിക്കുകയാണ്. ഇതുവഴി വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയുന്നില്ല.
മൺകൂനകൾ അപകട ഭീഷണിയാകുന്നതു കൂടാതെ കടുത്ത പൊടിശല്യവുമാണ്. ചാവക്കാട് മണത്തലയിലെ റോഡ് നിർമാണം എങ്ങുമെത്താതെ കിടക്കുകയാണ്. മണ്ണിട്ട് ഉയർത്തിവേണം പണി തുടങ്ങാൻ. മണത്തല മുതൽ ഒരുമനയൂർ വരെ നിർമാണം തുടങ്ങിയിടത്തു തന്നെയാണ്. ഹൈവേയുടെ ഭാഗമായ ചേറ്റുവ പുതിയ പാലത്തിന്റെ പണി നടന്നുകൊണ്ടിരിക്കുന്നു. എന്നാൽ പലയിടത്തും പണി പ്രാരംഭഘട്ടത്തിലാണ്.
കുറേദൂരം മണ്ണിട്ട് നിരപ്പാക്കി വേണം നിർമാണം തുടങ്ങാൻ. റോഡിൽ നിറയ്ക്കാനുള്ള മണ്ണിന്റെ അഭാവമാണ് നിർമാണം വൈകാൻ കാരണമെന്ന് അധികൃതർ പറയുന്നു. നിരപ്പാക്കാനായി ഇറക്കിയ മൺകൂനകൾക്കു മുകളിൽ പുല്ലു മുളച്ചിട്ടുമുണ്ട്.
പണി തീരാതെ ബൈപാസ്
നാട്ടിക ബൈപാസ് റോഡ് ടാറിങ് കഴിഞ്ഞിട്ടുണ്ട്. തൃപ്രയാർ മേഖലയിൽ മൂന്നുപീടിക, ചെന്ത്രാപ്പിന്നി, മതിലകം എന്നിങ്ങനെ മൂന്ന് പുതിയ ബൈപാസുകളുടെ നിർമാണം നടക്കുന്നുണ്ട്. എന്നാൽ കയ്പമംഗലത്ത് ഹൈവേയുടെ നിർമാണം ഇനിയും തുടങ്ങിയിട്ടില്ല. അവിടെ സർവീസ് റോഡുകളുടെ നിർമാണമാണ് നിലവിൽ നടക്കുന്നത്. പഴയ റോഡ് വഴിയാണ് വാഹനങ്ങളിപ്പോൾ പോകുന്നത്. കൊടുങ്ങല്ലൂർ ആല യുപി സ്കൂളിന്റെ മുന്നിലൂടെയുള്ള പണി തീരാത്ത റോഡിലൂടെയാണ് വാഹനങ്ങളെ നിലവിൽ കടത്തിവിടുന്നത്.പൊടി കാരണം യാത്രക്കാരും പ്രദേശവാസികളും ദുരിതത്തിലായി. എറണാകുളം ജില്ലയുടെ അതിർത്തിയായ കോട്ടപ്പുറം മുതൽ കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫിസ് വരെയുള്ള നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്.
കാപ്പിരിക്കാട്– തളിക്കുളം റീച്ച് മേയിൽ
കാപ്പിരിക്കാട്–തളിക്കുളം റീച്ചിൽ 80 ശതമാനവും തളിക്കുളം – കൊടുങ്ങല്ലൂർ റീച്ചിൽ 70 ശതമാനവും പണി പൂർത്തിയായെന്നാണ് നിർമാണ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷന്റെ മാനേജർ പറയുന്നത്. കാപ്പിരിക്കാട് – തളിക്കുളം റീച്ച് ഈ മാസം അവസാനത്തോടെ പൂർത്തിയാക്കുമെന്നും നിർമാണത്തിനുള്ള മണ്ണ് ലഭിക്കാത്തതു കൊണ്ടാണ് പണി വൈകുന്നതെന്നും അറിയിച്ചു.
500 ദിവസംപിന്നിട്ട് സമരം
കൊടുങ്ങല്ലൂർ ക്ഷേത്രത്തിലേക്കുള്ള പ്രധാന പ്രവേശന കവാടത്തിനു മുന്നിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ടു നടത്തുന്ന സമരം 500 ദിവസം പിന്നിട്ടു. 650 മീറ്റർ അകലെ ചന്തപ്പുരയിലും പടക്കുളത്തുമാണ് മേൽപാലങ്ങൾ ഉള്ളത്. റോഡിന് എതിർവശമുള്ള ബാങ്ക്, ആശുപത്രി, പൊലീസ് സ്റ്റേഷൻ സേവനങ്ങൾക്കായി കിലോമീറ്റർ സഞ്ചരിക്കേണ്ടി വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സമരസമിതി ചെയർമാൻ ആർ.എം.പവിത്രൻ പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ഇവിടെ നിർമാണം നിർത്തിവച്ചിരിക്കുകയാണ്.
നടപടിയാകാതെനഷ്ടപരിഹാരം
ഹൈവേയുടെ നിർമാണത്തിനായി പുന്നയൂർ പഞ്ചായത്തിലെ ഗവ. ആയുർവേദാശുപത്രി, വനിതാ കന്റീൻ, കുടിവെള്ള പദ്ധതിയുടെ സംഭരണി എന്നിവ പൊളിച്ചു മാറ്റേണ്ടി വന്നു. നഷ്ടപരിഹാരത്തുക ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ സർക്കാരിന്റെയോ പഞ്ചായത്തിന്റെയോ വീഴ്ചയല്ലെന്നും നിർമാണകാലത്തെ കൃത്യമായ രേഖകൾ ഇല്ലാത്തുകൊണ്ടാണ് തുക ലഭിക്കാത്തതെന്നും പ്രസിഡന്റ് പി.വി.സുരേന്ദ്രൻ പറഞ്ഞു. എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച തുകയിൽ നിന്ന് ആയുർവേദ ആശുപത്രി നിർമാണം പുരോഗമിക്കുകയാണ്. ആവശ്യമായ രേഖകൾ ശരിയാക്കാത്തതു പഞ്ചായത്തിന്റെ വീഴ്ചയാണെന്നാണ് പ്രതിപക്ഷ ആരോപണം.
രേഖകളില്ലാത്ത മറ്റ് സ്ഥാപനങ്ങൾ അതിനുള്ള നടപടിയെടുക്കുമ്പോൾ ഭരണപക്ഷം ഒന്നും ചെയ്യുന്നില്ലന്നും പ്രതിപക്ഷ അംഗം അസീഫ് മന്നലാംകുന്ന് പറഞ്ഞു.ഹൈവേക്കു വേണ്ടി പഞ്ചായത്ത് ഓഫിസ് പൊളിച്ചുമാറ്റിയ തളിക്കുളത്തും സമാനസ്ഥിതിയാണ്.
റീച്ച്1
കാപ്പിരിക്കാട്– തളിക്കുളം റീച്ച്
ബൈപാസ്: ചാവക്കാട്, വാടാനപ്പള്ളി
മേൽപാലം: വാടാനപ്പള്ളി–തൃശൂർ റോഡ്
പാലങ്ങൾ: കനോലി കനാൽ, ചേറ്റുവപ്പുഴ,ചാവക്കാട് ബൈപാസ്
പ്രധാന അടിപ്പാതകൾ
അണ്ടത്തോട്, പുന്നയൂർ ബദർപള്ളി, ഒറ്റയിനി, എടക്കഴിയൂർ, മണത്തല, ഒരുമനയൂർ വില്യംസ് ജംക്ഷൻ, ചാവക്കാട് മൂന്നാം കല്ല്, ഏങ്ങണ്ടിയൂർ അഞ്ചാംകല്ല് ജംക്ഷൻ, ഏങ്ങണ്ടിയൂർ തൃത്തല്ലൂർ, തളിക്കുളം സ്കൂൾ.
റീച്ച് 2
തളിക്കുളം – കൊടുങ്ങല്ലൂർ റീച്ച്
ബൈപാസ്: തൃപ്രയാർ, ചെന്ത്രാപ്പിന്നി, മൂന്നുപീടിക, മതിലകം
മേൽപാലം: മതിലകം ബൈപാസ്, കൊടുങ്ങല്ലൂർ ആല, കൊടുങ്ങല്ലൂർചന്തപ്പുര ജംക്ഷൻ,തൃപ്രയാർ അമ്പലം റോഡ്, ലോക മല്ലേശ്വരം ചേരമാൻ
അഴീക്കോട് പ്രധാന അടിപ്പാതകൾ:
വലപ്പാട്, ചെന്ത്രാപ്പിന്നി, മൂന്നുപീടിക ബീച്ച് റോഡ്, പാലപ്പെട്ടി, ചെന്ത്രാപ്പിന്നി എച്ച്എസ് റോഡ് ജംക്ഷൻ, കയ്പമംഗലം വഴിയമ്പലം ജംക്ഷൻ, പെരിഞ്ഞനം ബീച്ച് റോഡ്, പെരിഞ്ഞനം കൊറ്റാളം, പാപ്പിനിവട്ടം കുന്നകുരു ജംക്ഷൻ, പനങ്ങാട് ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡ് ക്രോസിങ്, പനങ്ങാട് മതിലകം പടിയൂർ റോഡ് ക്രോസിങ്, ലോകമാലേശ്വര കോതപറമ്പ് ജംക്ഷൻ.
ടോൾ പ്ലാസ: നാട്ടിക