
പാലിയേക്കര ടോൾ പിരിവ്: ആവശ്യത്തിന് ആയില്ലെ? നിർത്തിയാലോ ഈ പരിപാടി !
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലിയേക്കര ∙ മണ്ണുത്തി ഇടപ്പള്ളി ദേശീയപാത നിർമാണത്തിൽ ചെലവായ തുകയും ലാഭവും കിട്ടിയതിനാൽ 2026ൽ ടോൾ പിരിവ് കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കരാർ കമ്പനിയെ ന്യായീകരിക്കാനാണ് ദേശീയപാത അതോറിറ്റിക്ക് തിരക്കെന്ന് ആക്ഷേപം. 2028 വരെ ടോൾ പിരിക്കാൻ അനുവദിക്കരുതെന്നും നിരന്തരം കരാർ ലംഘനങ്ങൾ നടത്തുന്ന കമ്പനിയുടെ കരാർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത്, അഭിഭാഷകനായ കെ.സി.ഗംഗേഷ് മുഖാന്തരം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിലേക്ക് ദേശീയപാത അതോറിറ്റി കോടതിയിലേക്ക് നൽകിയിട്ടുള്ള മറുപടിയിലാണ് ടോൾ പിരിവ് നിർത്തിവയ്ക്കുന്നത് പ്രായോഗികമല്ലെന്നുള്ള സൂചനകൾ നൽകിയത്.
ചെലവായ സംഖ്യയും പിരിച്ചെടുത്ത തുകയുടെയും കണക്ക് അതോറിറ്റിയോട് ഹൈക്കോടതി ആരാഞ്ഞിരുന്നു. കാലാവധിയും ടോൾ നിരക്ക് വർധനയും കുറയ്ക്കാൻ പറ്റില്ലെന്നു മാത്രമല്ല, കരാർ റദ്ദാക്കിയാൽ ഭാവിയിൽ പൊതുമേഖലാ കരാറുകളിൽ സ്വകാര്യവ്യക്തികൾ പങ്കെടുക്കുന്നത് കുറയുമെന്ന ആശങ്കയും മറുപടിയിൽ പറയുന്നുണ്ട്. കേസ് വേനലവധിക്കു ശേഷം വാദം കേൾക്കുവാൻ മാറ്റിവച്ചു.
ടോൾ പിരിവ് നിർത്തൽ പ്രായോഗികമല്ലെന്ന് അതോറിറ്റി
പുതുക്കാട് ∙ പാലിയേക്കര ടോൾപ്ലാസയിലെ ടോൾ പിരിവ് നിർത്തൽ പ്രായോഗികമല്ലെന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിയിൽ. വ്യക്തമായ കരാറിലൂടെയാണ് നിർമാണവും പരിപാലനവും കൈമാറ്റവും (ബിഒടി) ടോൾ കമ്പനി നടത്തുന്നത്. 2028 വരെ ടോൾ പിരിക്കാൻ പാലിയേക്കരയിലെ ജിഐപിഎൽ കമ്പനിക്ക് അനുവാദം നൽകിയിട്ടുണ്ട്. നിർമാണ ചെലവ് മാത്രം പരിശോധിച്ച് കരാർ കമ്പനി മുതൽ മുടക്ക് തിരിച്ചുപിടിച്ചെന്ന് കണക്കാക്കാനാകില്ല.
മണ്ണുത്തി–ഇടപ്പള്ളി ദേശീയപാതയ്ക്ക് 723.15 കോടി രൂപയാണ് നിർമാണ ചെലവ്. അറ്റകുറ്റപ്പണികൾക്ക് 201.81 കോടി, ടോൾ റോഡ് പ്രവർത്തന ചെലവ് ഇനത്തിൽ 225.70 കോടി, മൂലധന പലിശ, മറ്റു ധനകാര്യ ചാർജുകളും സഹിതം 678.55 കോടി രൂപ എന്നിങ്ങനെയും ചെലവുകളുണ്ട്. ടോൾ കരാർ കമ്പനി നെഗറ്റീവ് ഗ്രാന്റ് ഇനത്തിൽ കേന്ദ്രസർക്കാരിന് 215 കോടി രൂപ നൽകണം.
2025 ഫെബ്രുവരി വരെയുള്ള കണക്കിൽ ആകെ 2,044.21 കോടി രൂപ കമ്പനിക്ക് ചെലവ് വരുമെന്നാണ് അതോറിറ്റി നൽകിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ടോൾ പിരിവ് കുറഞ്ഞാൽ നഷ്ടം നികത്താൻ കേന്ദ്രസർക്കാരിന് ബാധ്യതയില്ല. ടോൾ പിരിവ് കാലാവധി വരെ പരിപാലനം കരാർ കമ്പനി നടത്തുകയും വേണം. ഈ കമ്പനിക്കും എൻഎച്ച്എഐയോ കേന്ദ്രസർക്കാരോ ആനുകൂല്യങ്ങൾ നൽകിയിട്ടില്ലെന്നും എൻഎച്ച്എഐ ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം, 1,535 കോടി രൂപ 2025 ഫെബ്രുവരി വരെ ടോൾ കരാർ കമ്പനി പിരിച്ചെടുത്തതായി വിവരാവകാശ രേഖ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. കരാർ ലംഘനങ്ങളുടെ പേരിൽ മാത്രം 2,245 കോടി രൂപ പിഴ ചുമത്തിയ കമ്പനിയെ ടോൾ പിരിക്കാൻ അനുവദിക്കുന്നതിനെ കുറിച്ച് എൻഎച്ച്എഐ നിലപാട് വ്യക്തമാക്കുന്നില്ലെന്ന് ഹർജിക്കാരനായ ഷാജി കോടങ്കണ്ടത്ത് പറഞ്ഞു.