കൊരട്ടി ∙ ദേശീയപാതയിൽ ചിറങ്ങരയിലെ അടിപ്പാതയ്ക്കു മുകളിലൂടെ മാർച്ച് 31നു മുൻപായി വാഹനങ്ങൾ കടത്തി വിടാനാകുമെന്നു ദേശീയപാത അധികൃതർ കലക്ടർ ശിഖാ സുരേന്ദ്രന് ഉറപ്പു നൽകി. ഇനി ഈ വാക്കു മാറരുതെന്നു കലക്ടറുടെ മുന്നറിയിപ്പ്.
ദേശീയപാതയിലെ പ്രശ്നങ്ങൾ വിലയിരുത്താൻ സനീഷ്കുമാർ ജോസഫ് എംഎൽഎ, റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി–ഉദ്യോഗസ്ഥ സംഘത്തിനൊപ്പം ചിറങ്ങരയിലെത്തിയതായിരുന്നു കലക്ടർ.
ചിറങ്ങരയിൽ അടിപ്പാതയുടെ ഇരു വശത്തെയും അനുബന്ധ റോഡുകളിലെ പാർശ്വഭിത്തികളുടെ നിർമാണം പൂർത്തിയാക്കി മണ്ണു നിരത്തിയുറപ്പിച്ചു ബലപ്പെടുത്തൽ പൂർത്തിയാക്കിയതായും മെറ്റലിങ്, ടാറിങ് എന്നിവ 10 ദിവസത്തിനകം പൂർത്തിയാക്കാനാകുമെന്നും ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസൻ അറിയിച്ചു. ക്രാഷ് ബാരിയർ സ്ഥാപിക്കൽ, മീഡിയൻ നിർമാണം, പെയ്ന്റിങ് എന്നിവയും നടത്തണം.
ഇവയെല്ലാം പൂർത്തിയാക്കി മാർച്ച് 31ന് അകം ചിറങ്ങര മേൽപാത ഗതാഗതസജ്ജമാകും.
മുരിങ്ങൂരിൽ മണ്ണു ലഭിക്കാത്ത പ്രശ്നമാണു നിർമാണം വൈകാൻ കാരണമെന്നു കരാറുകാരനും ദേശീയപാത പ്രോജക്ട് ഡയറക്ടറും അറിയിച്ചു. എന്നാൽ മണ്ണു ലഭിക്കാൻ തടസ്സമില്ലെന്നും ആവശ്യമെങ്കിൽ മണ്ണുമായി പോകുന്ന ലോറികൾക്കു പൊലീസ് കാവൽ ഏർപ്പെടുത്താമെന്നു റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ അറിയിച്ചു.
ഇവിടേക്ക് എന്ന പേരിൽ കൊണ്ടുവരുന്ന മണ്ണ് മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്ന പ്രവർത്തനം തുടർന്നാൽ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
ഓടകൾ നിർമിച്ചതു കാര്യക്ഷമമായല്ലെന്നും മഴ പെയ്താൽ ദേശീയപാതയിൽ വെള്ളക്കെട്ടു പതിവാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടിയപ്പോൾ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നു കലക്ടർ നിർദേശിച്ചു. ഗതാഗതക്കുരുക്കു കാരണം കലക്ടർ മടങ്ങിയത് വഴിച്ചാൽ, പഞ്ചായത്ത് ഓഫിസ് വഴിയാണ്.
പാർശ്വഭിത്തിയുടെ നിർമാണം അടിയന്തരമായി പൂർത്തിയാക്കി ബദൽ റോഡിലൂടെ ഇരുവരി ഗതാഗതം സജ്ജമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ചാലക്കുടിപ്പാലം അറ്റകുറ്റ പണികൾക്കായി അടയ്ക്കുന്നതു ചിറങ്ങര, മുരിങ്ങൂർ, കൊരട്ടി എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കു പരിഹരിച്ച ശേഷം മാത്രമേ പാടുള്ളൂവെന്നു എംഎൽഎ നിർദേശിച്ചു.
അടിപ്പാതകളുടെയും മേൽപാലത്തിന്റെയും നിർമാണം മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാതെയാണെന്നും പരാതി ഉയർന്നു.
പാർശ്വഭിത്തികളുടെ നിർമാണത്തിനിടെ സ്ലാബുകൾ പലവട്ടം ഗതാഗതത്തിരക്കുള്ള ദേശീയപാത സർവീസ് റോഡിലേക്കു വീണ സംഭവം നാട്ടുകാർ കലക്ടറെ അറിയിച്ചു.
ഗുണനിലവാരക്കുറവുള്ള സ്ലാബുകൾ സ്ഥാപിക്കുന്നത് എന്തുകൊണ്ടാണെന്നു കലക്ടർ തിരക്കിയപ്പോൾ കരാറുകാരും ദേശീയപാത അധികൃതരും ഉത്തരം പറയാതെ കുഴങ്ങി. കൊരട്ടിയിൽ പൊലീസ് സ്റ്റേഷന് എതിർവശത്തായി സർവീസ് റോഡിലെ വൈദ്യുത പോസ്റ്റുകൾ മാറ്റാത്തതു പരാതിയായി ഉയർന്നു.
ദേശീയപാതയിൽ വഴിവിളക്കുകൾ ഇല്ലാത്തതിനാൽ പാത ഇരുട്ടിലാകുന്നത് അപകടങ്ങൾക്കു കാരണമാകുന്നതായി നാട്ടുകാർ പരാതിപ്പെട്ടതോടെ അക്കാര്യത്തിൽ അടിയന്തര പരിഹാരമുണ്ടാകണമെന്നു കലക്ടർ നിർദേശിച്ചു.
ഡിസിആർബി ഡിവൈഎസ്പി വർഗീസ് അലക്സ്, ഇൻസ്പെക്ടർമാരായ അമൃത്രംഗൻ, ടി.ശശികുമാർ, കൊരട്ടി പഞ്ചായത്ത് അംഗം ഫിൻസോ തങ്കച്ചൻ, പഞ്ചായത്ത് സെക്രട്ടറി കെ.എ.ശ്രീലത എന്നിവരും റവന്യു, മോട്ടർ വാഹന വകുപ്പ് അധികൃതരും എത്തിയിരുന്നു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

