കോടശേരി∙ കാട്ടാന ആക്രമണത്തിൽ ചായ്പൻകുഴി സ്വദേശി തെക്കൂടൻ സുബ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ജനക്കൂട്ടം ചായ്പൻകുഴി വനംവകുപ്പ് ഓഫിസ് ആക്രമിച്ചു.
ഓഫിസിന്റെ ജനൽച്ചില്ലുകളും വാഹനത്തിന്റെ ചില്ലും തല്ലിത്തകർത്തു. രാവിലെ 9 മുതൽ ആരംഭിച്ച പ്രതിഷേധം നാല് മണിക്കൂർ നീണ്ടു.
സംഭവത്തിൽ പ്രതിഷേധിച്ച് സമീപപ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയവും കടകളും അടച്ചിട്ടു. ആർഡിഒ പി.എം.ഷിബു, ബെന്നി ബഹനാൻ എംപി, സനീഷ്കുമാർ ജോസഫ് എംഎൽഎ, മറ്റു ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടത്തി.
തുടർന്ന് ഉപാധികളോടെ പ്രതിഷേധം അവസാനിപ്പിച്ചു. രാവിലെ 5 മണിയോടെ ആന ഇറങ്ങിയ വിവരം ചായ്പൻകുഴി വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ അറിയിച്ചെങ്കിലും സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഔദ്യോഗികമായി മുന്നറിയിപ്പ് നൽകിയില്ലെന്ന് ആരോപണമുണ്ട്.
ചാലക്കുടിപ്പുഴ കടന്നാണ് അതിരപ്പിള്ളി പഞ്ചായത്തിന്റെ അതിർത്തി പങ്കിടുന്ന കോടശേരി–പരിയാരം പഞ്ചായത്തുകളിൽ കാട്ടാനകൾ എത്തുന്നത്. ഇതു തടയുന്നതിനായി പുഴത്തീരത്ത് സ്ഥാപിക്കുന്ന സോളർ സംരക്ഷണവേലിയുടെ നിർമാണം ഇനിയും പൂർത്തിയായിട്ടില്ല.
ചായ്പൻകുഴി വനം വകുപ്പ് ഓഫിസിന്റെ 30 മീറ്റർ അടുത്താണ് സുബ്രൻആക്രമിക്കപ്പെട്ടത്.
പക്ഷേ ഈ പ്രദേശം പരിയാരം റേഞ്ചിന് കീഴിലുള്ള കൊന്നക്കുഴി സ്റ്റേഷന്റെ പരിധിയിലാണ്. ചായ്പൻകുഴി മേഖലയിൽ കാട്ടാന ഇറങ്ങിയാൽ കിലോമീറ്ററുകൾ അകലെയുള്ള കൊന്നക്കുഴി സ്റ്റേഷനിലെ വനപാലകർ എത്തിയാണ് കാട്ടാനകളെ തുരത്തുന്നത്.
സ്റ്റേഷനുകളുടെ അതിർത്തി പുനർനിർണയം നടത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വനം മന്ത്രിക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.മരിച്ച ആളുടെ കുടുംബത്തിന് നൽകുന്ന 10 ലക്ഷം രൂപ ധനസഹായത്തിന്റെ ആദ്യ ഗഡു 5 ലക്ഷം നൽകി.
കുടുംബത്തിലെ ഒരംഗത്തിനു വനം വകുപ്പിൽ താൽക്കാലിക ജോലി നൽകും. സ്ഥിരം ജോലി സംബന്ധിച്ച ആവശ്യം സർക്കാരിന് നൽകും.നാട്ടുകാരുടെ ആവശ്യപ്രകാരം ആനയെ വെടിവച്ച് കൊല്ലുന്നതിന് സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ആനക്കൂട്ടത്തെ റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ കാടുകയറ്റുന്നതിന് നിർദേശം നൽകിയെന്നും ആർഡിഒ പി.എം.ഷിബു പറഞ്ഞു.
‘25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം’
ചായ്പൻകുഴി ∙ ജനവാസ മേഖലയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച തെക്കൂടൻ സുബ്രന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു.
‘ദ്രുതകർമ സേനയെ നിയോഗിക്കണം’
ചായ്പൻകുഴി ∙ മേഖലയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ട
സാഹചര്യത്തിൽ അടിയന്തരമായി ദ്രുതകർമ സേനയെ നിയോഗിക്കണമെന്ന് ‘സിഎം വിത്ത് മി’ പരിപാടിയിൽ പൊതുപ്രവർത്തകൻ കെ.എം.ജോസ് ആവശ്യപ്പെട്ടു.
‘ഫോറസ്റ്റ് സ്റ്റേഷൻ ആക്രമിച്ച സാമൂഹിക വിരുദ്ധരെ അറസ്റ്റ് ചെയ്യണം’
തൃശൂർ ∙ കാട്ടാന ആക്രമണത്തിന്റെ പേരിൽ ചായ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷൻ ആക്രമിച്ച് വയർലസും കംപ്യൂട്ടറും തകർത്ത സംഭവത്തിലെ സാമൂഹികവിരുദ്ധരെ അറസ്റ്റ് ചെയ്യണമെന്ന് കേരള പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്റ്റേഷനിൽ ഭൂരിഭാഗം ജീവനക്കാരും കടുവ സെൻസസ് ഡ്യൂട്ടിക്കായി ഉൾക്കാട്ടിൽ ആയിരുന്നു. കാട്ടാന ആക്രമണത്തിൽ പരുക്കേറ്റയാളെ വനംവകുപ്പ് ജീവനക്കാർ തന്നെയാണ് സർക്കാർ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചത്.
മനുഷ്യ –വന്യജീവി സംഘർഷത്തിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ പേരിൽ വനംവകുപ്പ് ജീവനക്കാരെയും വനം ഓഫിസുകളെയും ആക്രമിക്കാം എന്ന നിലപാടിനെ നിയമപരമായും സംഘടനാപരമായും നേരിടുമെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.വി.ഷിജു, സെക്രട്ടറി രംജീഷ് എൻ.രാജൻ എന്നിവർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

