ഗുരുവായൂർ ∙ ചൂൽപുറം കമ്പനിപ്പടി ജംക്ഷനിൽ ഇന്നലെ രാവിലെ 8.30ന് മണ്ണുമാന്തി യന്ത്രവും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് കാത്തുനിന്നിരുന്ന സ്ത്രീ മരിച്ചു. പുത്തമ്പല്ലി തേർളി പരേതനായ രഘുവിന്റെ ഭാര്യ ഗിരിജയാണ് (56) മരിച്ചത്.
സംഭവത്തിൽ ബൈക്ക് യാത്രികൻ പുത്തമ്പല്ലി വാഴപ്പിള്ളി ശരത്തിന് (34) പരുക്കേറ്റു. ഗിരിജയുടെ ഒപ്പമുണ്ടായിരുന്ന വിജയലക്ഷ്മി പരുക്കില്ലാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
പുത്തമ്പല്ലി ഭാഗത്തെ പോക്കറ്റ് റോഡിൽ നിന്നു ഗുരുവായൂർ –കുന്നംകുളം റോഡിലേക്ക് പ്രവേശിച്ച മണ്ണുമാന്തി യന്ത്രം കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിൽ ഇടിച്ച് വശം തിരിഞ്ഞതിനെ തുടർന്ന് യന്ത്രത്തിന്റെ കൈ ബസ് സ്റ്റോപ്പിൽ നിന്നിരുന്ന ഗിരിജയുടെ ദേഹത്തു തട്ടിയാണ് അപകടം.
ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. കാജ ചായ കമ്പനിയിൽ പാക്കിങ് ജോലിക്കാരും അയൽക്കാരുമായ ഗിരിജയും വിജയലക്ഷ്മിയും ജോലിക്ക് പോകാനായി ബസ് കാത്തു നിൽക്കുമ്പോഴാണ് അപകടം. സംഭവസമയം ബൈക്കിൽ വരികയായിരുന്ന കുന്നംകുളത്തെ ചുമട്ടുതൊഴിലാളിയായ വാഴപ്പുള്ളി ശരത്തിനും (34) മണ്ണുമാന്തി യന്ത്രത്തിന്റെ കൈ തട്ടി പരുക്കേറ്റു. പണിക്കവീട്ടിൽ ഗഫൂറിന്റെ മതിൽ തകർന്നു.
ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി റോഡിലാകെ ഡീസൽ പരന്നു. ഗുരുവായൂരിൽ നിന്ന് അഗ്നിരക്ഷാസേന എത്തി റോഡാകെ കഴുകി വൃത്തിയാക്കി. ഗുരുവായൂർ–കുന്നംകുളം റൂട്ടിൽ ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. കമ്പനിപ്പടി ഭാഗത്ത് റോഡിന് വീതി കുറവായതിനാൽ അപകടം പതിവാണ്.
ഗിരിജയുടെ സംസ്കാരം നടത്തി. മക്കൾ: രാഖി, രമ്യ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

