തൃശൂർ ∙ ഒരു മാസത്തോളം നീണ്ട തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ആരവങ്ങൾക്കും ഇന്ന് കലാശക്കൊട്ട്.
നാളെ നിശ്ശബ്ദ പ്രചാരണത്തിന്റെ ദിനം. മറ്റന്നാൾ ജില്ല പോളിങ് സ്റ്റേഷനിലെത്തും.
ഇന്നു പകൽ സ്ഥാനാർഥികളുടെ അവസാനഘട്ട പര്യടനവും റോഡ് ഷോകളും നടക്കും.
തുടർന്നു വലിയ ആഘോഷത്തോടെ കലാശക്കൊട്ട്. വൈകിട്ട് തൃശൂർ നഗരത്തിലാണ് മൂന്നു മുന്നണികളുടെയും പ്രധാന പരസ്യപ്രചാരണ കലാശക്കൊട്ട്.
ഇതോടൊപ്പം പ്രാദേശിക കേന്ദ്രങ്ങളിലും ആഘോഷ പരിപാടികളുണ്ട്. കോർപറേഷൻ, ജില്ലാ പഞ്ചായത്ത്, 7 നഗരസഭകൾ, 16 ബ്ലോക്ക് പഞ്ചായത്തുകൾ, 86 ഗ്രാമപ്പഞ്ചായത്തുകൾ എന്നിവയുൾപ്പെടെ ജില്ലയിലെ 111 തദ്ദേശ സ്ഥാപനങ്ങളിലായി ആകെ 2204 സീറ്റുകളിലാണ് മത്സരം.എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കുമായി ആകെ 7284 സ്ഥാനാർഥികൾ ജില്ലയിൽ മത്സരരംഗത്തുണ്ട്.
ജില്ലയിലെ പോളിങ് ഒരുക്കങ്ങളും വോട്ടെണ്ണൽ സജ്ജീകരണങ്ങളും അവസാന ഘട്ടത്തിലാണ്. ആകെ 3282 പോളിങ് സ്റ്റേഷനുകളുണ്ടാകും.
പ്രാദേശിക വിഷയങ്ങളാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ പലയിടത്തും നിർണായകമാകുന്നത്. എന്നാൽ എൽഡിഎഫിനെ ശബരിമല സ്വർണക്കവർച്ചയും യുഡിഎഫിനെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗികാരോപണ കേസും എൻഡിഎയ്ക്കെതിരെ എൽഡിഎഫ് ആരോപിക്കുന്ന കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണന തുടങ്ങിയ പൊതുവായ വിഷയങ്ങളും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനിടയുള്ള വിഷയങ്ങളായി പലയിടത്തും ഉയർന്നിട്ടുണ്ട്.
പഞ്ചായത്തുകളിലും നഗരസഭകളിലെ വാർഡുകളിലും ഒന്നിലേറെ തവണ വോട്ടർമാരെ കണ്ട
സ്ഥാനാർഥികൾ സ്ലിപ് വിതരണമടക്കം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. മൂന്നു മുന്നണികൾക്കും വേണ്ടി ഒട്ടേറെ നേതാക്കൾ ജില്ലയിൽ പ്രചാരണത്തിനെത്തിയിരുന്നു.
നഗരത്തിൽ ആഘോഷം
തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ സമാപനം കുറിച്ച് മൂന്ന് മുന്നണികളുടെയും പ്രധാന കലാശക്കൊട്ട് ഇന്നു വൈകിട്ടു നഗരത്തിൽ നടക്കും. എംഒ റോഡിലെ കോർപറേഷൻ ഓഫിസിനു മുന്നിലാണ് എൽഡിഎഫിന്റെ പ്രചാരണ സമാപനം.
വിവിധ സ്ഥാനാർഥികളും സിപിഎമ്മിലെയും സിപിഐയിലെയും വിവിധ നേതാക്കളും പങ്കെടുക്കും. സ്വരാജ് റൗണ്ടിലെ ജോസ് തിയറ്ററിനു മുന്നിലാണ് യുഡിഎഫിന്റെ കലാശക്കൊട്ട്. ജില്ലാ നേതാക്കളും സ്ഥാനാർഥികളുമുണ്ടാകും. എൻഡിഎയുടെ ആഘോഷം സ്വരാജ് റൗണ്ടിൽ രാഗം തിയറ്ററിനു സമീപമാണ്.
ഗതാഗത നിയന്ത്രണം
കലാശക്കൊട്ട് നടക്കുന്നതിനാൽ ഇന്ന് വൈകിട്ടു 4 മുതൽ തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിങ് അനുവദിക്കില്ല. നഗരത്തിലൂടെയുള്ള കെഎസ്ആർടിസി, സ്വകാര്യ ബസുകളുടെ സർവീസുകൾക്കും നിയന്ത്രണമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

