
പടിഞ്ഞാറേ ചാലക്കുടി ∙ ദിവസങ്ങളോളം നീണ്ടുനിന്ന മഴ ശമിച്ചതോടെ മേഖലയിൽ ജാതിമരങ്ങൾ വ്യാപകമായി ഉണങ്ങി നശിക്കുന്നു. ഇരുന്നൂറോളം കർഷകരുടെ പറമ്പുകളിലായി ആയിരത്തിലേറെ ജാതിമരങ്ങളെയാണ് ഉണക്കു ബാധിച്ചത്.
മേഖലയിലെ കർഷകരുടെ പ്രധാന വരുമാന ശ്രോതസ്സ് ജാതിക്കൃഷി ആയതിനാൽ മരങ്ങളുടെ നാശം സാമ്പത്തികമായി വൻ ആഘാതമാകും. പടിഞ്ഞാറേ ചാലക്കുടി, കോട്ടാറ്റ്, തോട്ടവീഥി പ്രദേശങ്ങളിലായി നഗരസഭയുടെ 24, 25, 26, 27, 28, 29 വാർഡുകളിൽ നൂറു കണക്കിന് ഏക്കർ ജാതിത്തോട്ടങ്ങളിൽ രോഗബാധ കണ്ടെത്തി. കുമിൾ ആണു രോഗബാധയുടെ ഉറവിടമെന്നാണു കരുതുന്നത്.
2018ലെ പ്രളയത്തിനു ശേഷം മിക്കവാറും വർഷങ്ങളിൽ മേഖലയിൽ ജാതിത്തോട്ടങ്ങളിൽ ഇലപൊഴിച്ചിൽ വ്യാപകമായിരുന്നെങ്കിലും ഇത്രയധികം ജാതിമരങ്ങൾ പൂർണമായി ഉണങ്ങുന്നത് ആദ്യമായാണെന്നു കർഷകർ പറയുന്നു. ഇത്തവണയും ഇല പൊഴിച്ചിലാണ് ആദ്യം കണ്ടത്.
തുടർന്ന് മരം ഉണങ്ങാനും വേരു ചീയാനും തുടങ്ങി.
പ്രദേശത്തെ തോട്ടങ്ങളിൽ ശക്തമായ മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. വെയിൽ തെളിഞ്ഞതോടെ വെള്ളക്കെട്ട് അകന്നെങ്കിലും ഇല പൊഴിച്ചിൽ ആരംഭിക്കുകയായിരുന്നു.
അവശേഷിച്ചവയിൽ കായ്ഫലം വളരെ കുറഞ്ഞു.മഴ നീണ്ടു നിന്നതിനാൽ കുമിൾനാശിനി പ്രയോഗിക്കാൻ സാധിക്കാതെ വന്നതു പ്രശ്നം ഗുരുതരമാക്കുകയും ചെയ്തു. തുരിശും കുമ്മായവും കലർന്ന ബ്രോഡോ മിശ്രിതം പ്രയോഗിച്ചാൽ കീടബാധ നിയന്ത്രണവിധേയമാക്കാനാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
കൂറ്റൻ മരങ്ങൾക്കു മരുന്നു പ്രയോഗം നടത്തുന്നതു ശ്രമകരമാണ്.
മരുന്നു പ്രയോഗിച്ച് 5 മണിക്കൂറെങ്കിലും തുടർച്ചയായി വെയിൽ ലഭിച്ചാൽ മാത്രമേ ഇതിനു പൂർണമായി ഗുണം ലഭിക്കൂ. ജാതിമരങ്ങളുടെ ചുവട്ടിൽ പൊഴിഞ്ഞു കിടക്കുന്ന ഇലകൾ അടിയന്തരമായി നീക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ചുവടു വൃത്തിയാക്കിയാൽ കൂടുതൽ ഭാഗങ്ങളിലേക്കു രോഗബാധ വ്യാപിക്കുന്നതു തടയാനാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]