
ചേറൂർ∙ സ്കൂൾ മുറ്റത്തു കളിചിരികളുമായി ഒത്തുകൂടുന്ന ആ കുട്ടികളിൽ ചിലർക്കു തനിയെ നടക്കാനാവില്ല. പക്ഷേ അവർ നന്നായി നൃത്തം ചെയ്യും.
വ്യക്തമായി സംസാരിക്കില്ല ചിലർ. പക്ഷേ അവർ നന്നായി പാട്ട് പാടും.
അക്ഷരങ്ങൾ എഴുതാൻ അറിയാത്തവർ നന്നായി ചിത്രം വരയ്ക്കും. വായിക്കാനറിയാത്തവർ നന്നായി കഥ പറയും. കാഴ്ചപരിമിതിയുള്ളവർ മറ്റുള്ളവർ പറയുന്ന കഥകൾ കേട്ടിരിക്കും, എത്ര നേരം വേണമെങ്കിലും.
ചിലരുടെ കൈകൾ എപ്പോഴും വിറയ്ക്കുമെങ്കിലും അവർ ഭംഗിയുള്ള കരകൗശല വസ്തുക്കൾ നിർമിക്കും. ആരെന്നോ എന്തെന്നോ അറിയില്ലെങ്കിലും അവർ നമ്മളെ നോക്കി ഹൃദയം തുറന്നു ചിരിക്കും.
സാധാരണ കുട്ടികളെ പരിപാലിക്കുന്ന പോലെ ഇവരെ പരിപാലിച്ചാൽ പോരാ.
അവർ നൽകുന്നയത്രയും സ്നേഹം തിരിച്ചുനൽകണം. കണ്ണും കാതും മനസ്സും അർപ്പിച്ച് അവരുടെ ചെയ്തികൾ നോക്കിയിരിക്കണം.
അവർ ചെയ്യുന്ന ചെറിയ, വലിയ കാര്യങ്ങൾക്ക് എപ്പോഴും അഭിനന്ദിക്കണം.അല്ലെങ്കിൽ അവരുടെ കണ്ണു നിറയും. കാരണമില്ലാതെ അവർ വിതുമ്പിയാൽ ഒപ്പം നിൽക്കണം.
അവർക്കു പെട്ടെന്നു ദേഷ്യം വന്നാൽ സംയമനം പാലിക്കണം. കുഞ്ഞുവാശികൾ സമ്മതിച്ചുകൊടുക്കണം.
അങ്ങനെയങ്ങനെ കണ്ണിമ ചിമ്മാതെ നോക്കിയിരിക്കണം.
ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കാൻ ജില്ലയിൽ ആദ്യം തുടങ്ങിയ ചേറൂർ സെന്റ് ജോസഫ്സ് സ്പെഷൽ സ്കൂൾ സുവർണ ജൂബിലിയുടെ നിറവിലാണ്. ബുദ്ധി വളർച്ച ഒരു ഘട്ടത്തിലെത്തി, നിലച്ചുപോയ കുട്ടികളിൽ അറിവിന്റെയും പ്രതീക്ഷയുടെയും തിരി കൊളുത്തിയിട്ട് 50 വർഷം പൂർത്തിയാവുന്നു.
1931ൽ വിശുദ്ധ വെർജീനിയ ഇറ്റലിയിൽ സ്ഥാപിച്ച സിസ്റ്റേഴ്സ് ഓഫ് മൗണ്ട് കാൽവരി സന്യാസിനീ സമൂഹം കേരളത്തിലെത്തിയത് 1975ലാണ്. അതേ വർഷം തന്നെ മാർ ജോസഫ് കുണ്ടുകുളം സ്ഥാപനത്തിന്റെ ശിലാസ്ഥാപനം നടത്തി.
പുല്ലഴി സെന്റ് ജോസഫ് ഹോമിലെ അനാഥരായ ഭിന്നശേഷിയുള്ള 6 കുട്ടികളായിരുന്നു ആദ്യത്തെ വിദ്യാർഥികൾ.
1997 ആയപ്പോഴേക്കും കുട്ടികളുടെ എണ്ണം 35 ആയി. ചാരിറ്റബിൾ സൊസൈറ്റിയുടെ അംഗീകാരവും ലഭിച്ചു.
ഇപ്പോൾ 200ലധികം കുട്ടികൾ ഇവിടെ ജീവിത പരിശീലനം നടത്തുന്നു.
അവരിൽ 80 പേർ സ്കൂളിനോടു ചേർന്ന ഹോസ്റ്റലിൽ താമസിച്ചാണു പഠിക്കുന്നത്. അനുദിന ജീവിതാവശ്യങ്ങൾക്ക് ഇത്തരം കുട്ടികളെ പ്രാപ്തരാക്കി, അവരുടെ നിസ്സഹായരായ മാതാപിതാക്കളുടെ നിറംമങ്ങിയ പ്രതീക്ഷകൾക്കു നിറം പകർന്ന്, അങ്ങനെ കുടുംബജീവിതം സാധാരണ ഗതിയിലാക്കുകയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ആശയം പ്രാവർത്തികമാക്കുകയുമാണു സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ.
സമൂഹത്തിൽ തങ്ങൾക്കും ഇടമുണ്ടെന്ന വിശ്വാസം കുട്ടികളിൽ വേരു പാകാനാണു പരിശീലനത്തിലൂടെ സ്കൂൾ ലക്ഷ്യമിടുന്നത്.
സ്റ്റേഷനറി സാധനങ്ങളും അലങ്കാര വസ്തുക്കളും കുട്ടികൾ തന്നെ നിർമിക്കുന്നുണ്ട്. സ്കൂളിൽ വിൽപനയ്ക്കും ഉണ്ട്.
അതിൽ നിന്നു ലഭിക്കുന്ന ചെറിയ വരുമാനം കുട്ടികൾക്കു വേണ്ടി തന്നെ ചെലവഴിക്കും. സ്കൂളിൽ ചേർക്കുമ്പോൾ എല്ലാ കാര്യങ്ങൾക്കും പരസഹായം വേണ്ടിയിരുന്ന പല കുട്ടികളും പരിശീലനത്തിലൂടെ കാര്യങ്ങൾ സ്വയം ചെയ്യുന്നതു കാണുമ്പോഴുള്ള മാതാപിതാക്കളുടെ സന്തോഷമാണു സ്കൂളിലെ ജീവനക്കാരുടെ മനസ്സ് നിറയ്ക്കുന്നത്.
സ്കൂൾ പ്രവർത്തനങ്ങൾ
∙ ഏർളി ഇന്റർവെൻഷൻ യൂണിറ്റ്, സ്പെഷൽ എജ്യുക്കേഷൻ, വൊക്കേഷനൽ ട്രെയ്നിങ് സെന്റർ എന്നിങ്ങനെ 3 വിഭാഗങ്ങളിലായാണു സ്കൂൾ പ്രവർത്തിക്കുന്നത്.
ഏർളി ഇന്റർവെൻഷൻ സെന്ററിൽ 2 വയസ്സ് മുതലുള്ള കുട്ടികളിലെ ഭിന്നശേഷി നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ തെറപ്പി ചെയ്തുവരുന്നു.
ഒക്യുപേഷനൽ തെറപ്പി, സെൻസറി ഇന്റഗ്രേഷൻ തെറപ്പി, ഫിസിയോ തെറപ്പി, സ്പീച്ച് തെറപ്പി, ബിഹേവിയറൽ തെറപ്പി എന്നിവയിലൂടെ വൈകല്യങ്ങളുടെ തീവ്രത കുറച്ചുകൊണ്ടുവരുന്നു. വൊക്കേഷനൽ ട്രെയ്നിങ് സെന്ററിൽ 18 വയസ്സിനു മുകളിലുള്ള കുട്ടികൾക്കു തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നുണ്ട്.
കരകൗശല വസ്തുക്കളുടെ നിർമാണം, ക്രാഫ്റ്റ് ഐറ്റംസ്, ടെയ്ലറിങ്, ബേക്കിങ് യൂണിറ്റ്, കോട്ടൺ വെയ്സ്റ്റ്, മെഴുകുതിരി നിർമാണം എന്നിവ ഉൾപ്പെടുന്നു. കുട്ടികളെ കലാ കായിക മത്സരങ്ങളിലും പങ്കെടുപ്പിക്കാറുണ്ട്.സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസിറ്റ അടക്കം 45 ജീവനക്കാരാണ് നിലവിൽ ആകെ ഉള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]