ശുദ്ധജല വിതരണം മുടങ്ങിയിട്ട് 3 മാസം; കെഎസ്ടിപിക്ക് എതിരെ ഭരണ- പ്രതിപക്ഷ അംഗങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
ഇരിങ്ങാലക്കുട ∙ മാപ്രാണം, പൊറത്തിശേരി, കരുവന്നൂർ മേഖലകളിൽ ശുദ്ധജല വിതരണം തടസ്സപ്പെട്ട് മൂന്നു മാസം പിന്നിട്ടിട്ടും പുനഃസ്ഥാപിക്കാത്ത കെഎസ്ടിപിക്ക് എതിരെ രൂക്ഷ വിമർശനവുമായി നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ രംഗത്ത്. ശുദ്ധജല വിതരണം നടത്താൻ നഗരസഭ നടപടി സ്വീകരിക്കണമെന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് അംഗങ്ങൾ കെഎസ്ടിപിക്കെതിരെ വിമർശനം ഉന്നയിച്ചത്. നിലവിലെ ശുദ്ധജല ക്ഷാമത്തിന് കാരണക്കാർ കെഎസ്ടിപി ആണെന്നും ജലവിതരണം തടസ്സപ്പെട്ട മേഖലകളിൽ വരൾച്ചയുമായി ബന്ധപ്പെട്ട്് പദ്ധതിയിൽ ശുദ്ധജല വിതരണം നടത്താനുള്ള നടപടി നഗരസഭ സ്വീകരിച്ചു വരുന്നതായും ചെയർപഴ്സൻ മേരിക്കുട്ടി ജോയ് പറഞ്ഞു.
തൃശൂർ കൊടുങ്ങല്ലൂർ റോഡിലെ നിർമാണ പ്രവൃത്തികളെ തുടർന്ന് പൈപ്പുകൾ പൊട്ടി ശുദ്ധജല വിതരണം തടസ്സപ്പെട്ട ഭാഗങ്ങളിലേക്ക് വെള്ളം എത്തിക്കാൻ പൈപ്പ് ലൈൻ നിർമാണം പൂർത്തീകരിച്ച് വെള്ളം എത്തിക്കാൻ നടപടി എടുക്കുമെന്ന് കെഎസ്ടിപിയും ജല അതോറിറ്റിയും ഒരുമാസം മുൻപ് ഉറപ്പ് നൽകിയിരുന്നു. പൈപ്പ് ലൈൻ നിർമാണം പൂർത്തീകരിച്ചുവെന്ന് കെഎസ്ടിപി അറിയിച്ചതിനെ തുടർന്ന് ജല അതോറിറ്റി വെള്ളം തുറന്നു വിട്ടെങ്കിലും പലസ്ഥലങ്ങളിലും വീണ്ടും പൈപ്പ് പൊട്ടി വെള്ളം പാഴാകുകയാണ്. മൂന്നു മാസമായി മാപ്രാണം മേഖലയിൽ ശുദ്ധജല വിതരണം തടസ്സപ്പെട്ട വിഷയം എൽഡിഎഫ് അംഗം കെ.ആർ.ലേഖയാണ് ആദ്യം ഉന്നയിച്ചത്.
സമാനമായ അവസ്ഥ തങ്ങളുടെ വാർഡിലും നേരിടുന്നതായി ചൂണ്ടിക്കാട്ടി അൽഫോൻസ തോമസ്, ബിജെപി അംഗങ്ങളായ ടി.കെ.ഷാജു, സരിത സുഭാഷ് എന്നിവരും രംഗത്ത് വന്നു. റോഡ് നിർമാണത്തിന്റെ ഭാഗമായി വിഛേദിച്ച പൂതംകുളം ഷോപ്പിങ് കോംപ്ലക്സിലെ വാട്ടർ കണക്ഷൻ പുനഃസ്ഥാപിക്കാൻ കെഎസ്ടിപി ഇനിയും തയാറായിട്ടില്ലെന്ന് കൗൺസിലർ പി.ടി.ജോർജ് പറഞ്ഞു. റോഡ് നിർമാണം പൂർത്തീകരിച്ച സ്ഥലങ്ങളിൽ കാന നിർമിക്കാത്തതിനാൽ വെള്ളക്കെട്ട് രൂക്ഷമാണെന്നും കെഎസ്ടിപി ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചു ചേർക്കണമെന്നു യുഡിഎഫ് അംഗം എം.ആർ.ഷാജു ആവശ്യപ്പെട്ടു.
മാപ്രാണം മുതൽ പുത്തൻതോട് വരെയുള്ള നിർമാണം പൂർത്തീകരിക്കുന്നതിനു മുൻപ് കരുവന്നൂർ വലിയപാലം വരെ റോഡ് പൊളിക്കുന്നതിനെ പറ്റി അറിയിപ്പ് നൽകാത്തത് ടി.കെ.ഷാജു ചോദ്യം ചെയ്തു. എന്നാൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ഒരു കാര്യവും കെഎസ്ടിപി നഗരസഭയെ അറിയിക്കാറില്ലെന്നും വിഷയം കെഎസ്ടിപിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും ചെയർപഴ്സൻ മേരിക്കുട്ടി ജോയ് പറഞ്ഞു. നഗരസഭ ജനകീയാസൂത്രണ വിഭാഗം 2025-2026 അന്തിമ വാർഷിക പദ്ധതി കൗൺസിൽ യോഗം അംഗീകരിച്ചു. ചെയർപഴ്സൻ മേരിക്കുട്ടി ജോയ് യോഗത്തിൽ അധ്യക്ഷത വഹിച്ചു