കൊടുങ്ങല്ലൂർ ∙ ദേശീയപാത ബൈപാസിൽ ഡിവൈഎസ്പി ഓഫിസ് ജംക്ഷനിൽ വാഹനങ്ങൾ അമിത വേഗത്തിൽ പോകുന്നതിനാൽ വൻ അപകട സാധ്യത.
ഡിവൈഎസ്പി ഓഫിസ് സിഗ്നൽ ജംക്ഷനു തെക്കു ഭാഗത്തെ പടാകുളം, അഞ്ചപ്പാലം മേൽപാലങ്ങളിലൂടെ വാഹനങ്ങൾ കടത്തിവിട്ടതോടെ ആണ് ഡിവൈഎസ്പി ഓഫിസ് ജംക്ഷനിൽ അപകട സാധ്യതയേറിയത്. ഇവിടെ മേൽപാലമോ അടിപ്പാതയോ നിർമിക്കണമെന്ന ആവശ്യം നിലനിൽക്കെ ആണ് നിർമാണം പൂർത്തിയായ മേൽപാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത്.
ദേശീയപാതയിൽ വേഗ നിയന്ത്രണ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങൾ അമിത വേഗത്തിൽ ചീറിപ്പായുകയാണ്.
കൊടുങ്ങല്ലൂർ നഗരത്തിന്റെ പടിഞ്ഞാറേ ഭാഗത്തു താമസിക്കുന്നവർക്കു നഗരത്തിലേക്കും കുരുംബ ഭഗവതി ക്ഷേത്രത്തിലേക്കും എത്താനുള്ള മാർഗം ഇതാണ്. ആയിരക്കണക്കിനു യാത്രികരാണ് ഇതുവഴി സഞ്ചരിച്ചിരുന്നത്.
പടിഞ്ഞാറു നിന്നു വരുന്ന വാഹനങ്ങളും പട്ടണത്തിൽ നിന്നു പടിഞ്ഞാറൻ ഭാഗത്തേക്കുള്ള വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്. ഇതിനു പുറമേ രണ്ടു സർവീസ് റോഡുകളിലെ നാലു ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങളും ദേശീയപാതയിലേക്കു പ്രവേശിക്കുകയാണ്. ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങളും ചെറു റോഡുകളിലൂടെ എത്തുന്ന വാഹനങ്ങളും സംഗമിക്കുന്നതിനാൽ ഏതു സമയത്തും വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
നാട്ടുകാർ ഏറെ ഭീതിയോടെ ആണു റോഡ് കുറുകെ കടക്കുന്നത്.
എറണാകുളം ജില്ലയിൽ നിന്നു ഗുരുവായൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ റോഡിലെ നിയന്ത്രണം ഒന്നും കാര്യമാക്കാതെ വേഗത്തിൽ പോകുമ്പോൾ അപകട സാധ്യതയേറുകയാണ്.
ഏതു നിമിഷവും അപകടം സംഭവിക്കാമെന്ന സ്ഥിതിയിലാണ് ഡിവൈഎസ്പി ഓഫിസ് സിഗ്നൽ ജംക്ഷൻ. നേരത്തെ ബൈപാസിൽ ചെറുതും വലുതുമായി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ഒട്ടേറെ പ്രദേശവാസികളുടെ ജീവൻ നഷ്ടപ്പെട്ട ഇൗ പാതയിൽ ഇനിയെങ്കിലും അടിപ്പാതയോ മേൽപാലമോ യാഥാർഥ്യമായില്ലെങ്കിൽ വീണ്ടും ദുരന്തം തുടർക്കഥയാകുമെന്നു നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

