വടക്കാഞ്ചേരി ∙ വീടില്ലാത്തവർക്കു വീടും ഭൂമിയില്ലാത്തവർക്കു ഭൂമിയും വീടും നൽകി ഭവനരഹിതർ ഇല്ലാത്ത നഗരമായി വടക്കാഞ്ചേരിയെ മാറ്റുമെന്ന് നഗരസഭ അധ്യക്ഷ മിനി അരവിന്ദനും ഉപാധ്യക്ഷൻ പി.എൻ.സുരേന്ദ്രനും ‘മനോരമ’യ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. കൃഷിക്കു പരമാവധി പ്രോത്സാഹനം നൽകും.
തരിശുരഹിത നഗരസഭയാക്കി സമഗ്ര നെൽക്കൃഷി വികസനം നടപ്പാക്കും. ജൈവവളത്തിന് 100% സബ്സിഡിയും പാടശേഖരങ്ങൾക്ക് ഒരുലക്ഷം രൂപ സബ്സിഡിയും അനുവദിക്കും.
കൃഷിയെ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെടുത്തിയുള്ള പ്രോജക്ടുകൾ കൊണ്ടുവരും.
കൃഷി പാടശേഖരങ്ങളിൽ മെച്ചപ്പെട്ട ജലസേചന മാർഗങ്ങൾ ഏർപ്പെടുത്തും.
ജലക്ഷാമം നേരിടുന്ന കാർഷിക മേഖലകളിൽ ലിഫ്റ്റ് ഇറിഗേഷൻ നടപ്പാക്കും. പാടശേഖരങ്ങളിൽ വിത്തും വളവും ശേഖരിക്കുന്നതിനു ഗോഡൗൺ സ്ഥാപിക്കും.
പാടശേഖരങ്ങളിൽ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ചു വിത്തിടലും വളപ്രയോഗവും പ്രോത്സാഹിപ്പിക്കും. കാലിത്തീറ്റയ്ക്ക് സബ്സിഡിയും ഇൻഷുറൻസ് പദ്ധതികൾക്കു ധനസഹായവും നൽകുമെന്നു നഗരസഭ സാരഥികൾ വ്യക്തമാക്കി.
സുരക്ഷിത നടപ്പാത
പ്രഭാത സവാരി നടത്തുന്നവർക്കു സുരക്ഷിത നടപ്പാത വേണമെന്ന ആവശ്യം കുറേ കാലങ്ങളായി ഉയരുന്നുണ്ട്. വാഴാനി പുഴയുടെ ഇരുകരകളിലും ഈ രീതിയിൽ നടപ്പാത പണിയുന്ന കാര്യം സജീവമായി പരിഗണിക്കുമെന്നു മിനി അരവിന്ദനും സുരേന്ദ്രനും പറഞ്ഞു.
കുടിവെള്ളം
കുടിവെള്ളം ലഭിക്കാത്ത പ്രദേശങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ ജലപദ്ധതികൾ നടപ്പാക്കും.
നിലവിൽ നഗരസഭയിലെ 42 വാർഡുകളിലായി 140 ശുദ്ധജലപദ്ധതികളുണ്ട്. അത് 150ലേക്ക് എത്തിക്കും. അതോടെ നഗരസഭയിൽ എല്ലായിടത്തും കുടിവെള്ളം എത്തും.
ടൗൺ മേഖലകളിലെ വാർഡുകളിലാണു നിലവിൽ ശുദ്ധജല പദ്ധതികൾ ഇല്ലാത്തത്.
തെരുവുവിളക്ക്
നഗരസഭയുടെ ഭൂരിഭാഗം സ്ഥലങ്ങളിലും തെരുവു വിളക്കുകൾ ഉണ്ട്. മുണ്ടത്തിക്കോട് മേഖലയിലാണു ചിലയിടങ്ങളിൽ തെരുവുവിളക്കുകൾ ഇല്ലാത്തത്. കുടിവെള്ളം, തെരുവു വിളക്ക് എന്നിവ ഉൾപ്പെടെയുള്ള വാർഡുകളിലെ കാര്യങ്ങൾക്കു മുൻഗണന നിശ്ചയിക്കേണ്ടത് വാർഡ് കൗൺസിലർമാരാണ്.
അവരുടെ നിർദേശങ്ങൾ നടപ്പാക്കും. പുതിയ പദ്ധതി ആവശ്യമെങ്കിൽ ഉൾപ്പെടുത്തും.
തെരുവുനായ
തെരുവുനായ്ക്കളുടെ ശല്യം രാജ്യവ്യാപക പ്രശ്നമാണ്.
നഗരസഭ പ്രദേശത്ത് അലഞ്ഞു നടക്കുന്ന മുഴുവൻ നായ്ക്കളെയും പിടികൂടി പേവിഷബാധയ്ക്ക് എതിരായ കുത്തിവയ്പുകൾ നടത്തിയിട്ടുണ്ട്. രണ്ടിടത്ത് എബിസി കേന്ദ്രങ്ങൾ തുടങ്ങിയെങ്കിലും പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഈ കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാക്കുന്നതിനു നടപടി സ്വീകരിക്കും. അതോടെ തെരുവുനായ്ക്കളെ ഇവിടെ എത്തിച്ച് വന്ധ്യംകരണം ചെയ്യാനാകും.
റോഡ് നവീകരണം
കാട്ടിലങ്ങാടി– പാർളിക്കാട് റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
റോഡിന്റെ നിർമാണം ഉടൻ ആരംഭിക്കും. കുമ്പളങ്ങാട് എൽപി സ്കൂൾ മുതൽ കുറുമക്കാവ് ക്ഷേത്രം വരെയുള്ള റോഡ് അമൃത് പദ്ധതിയുടെ ഭാഗമായി ജലവിതരണത്തിനായി പൊളിച്ചിട്ടതാണ് ഇന്നത്തെ അവസ്ഥയ്ക്കു കാരണം. റോഡ് ശരിയാക്കേണ്ടത് ജല അതോറിറ്റിയാണ്. അതിനാവശ്യമായ സമ്മർദം ചെലുത്തും.
ആരോഗ്യരംഗം
പുതുരുത്തി കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കും.
കുമ്പളങ്ങാട് പടിഞ്ഞാറേക്കരയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു പുതിയ കെട്ടിടം നിർമിക്കുകയും കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുകയും ചെയ്യും.
നിർമാണനിരോധനം
പള്ളിമണ്ണയിലെ പുരാവസ്തു സംരക്ഷണ സ്മാരകത്തിന്റെ പേരിൽ അവിടെ നിലനിൽക്കുന്ന നിർമാണ നിരോധനങ്ങൾ മറികടക്കാൻ ഉത്തരവ് ഇറക്കേണ്ടത് കേന്ദ്ര സർക്കാരാണ്. അതിനാവശ്യമായ പ്രമേയം നഗരസഭ ചർച്ച ചെയ്തു പാസാക്കും.
മാർക്കറ്റ് നവീകരണം
ഓട്ടുപാറയിലെയും അത്താണിയിലെയും മാർക്കറ്റുകൾ അത്യാധുനിക രീതിയിൽ നവീകരിക്കും. ഇരട്ടക്കുളങ്ങര മേലേക്കുളം നവീകരണം ഉടൻ പൂർത്തിയാക്കും.
കരുതക്കാട് പുത്തൻകുളം നവീകരിക്കും. ഇരട്ടക്കുളങ്ങരയിൽ കളിമൺ പാത്ര നിർമാണ യൂണിറ്റ് ആരംഭിക്കും. കുമരനെല്ലൂരിലെ പരമ്പരാഗത കളിമൺ പാത്ര നിർമാണ മേഖലയെ നിലനിർത്താനും പുനരുദ്ധരിക്കാനും പദ്ധതികൾ നടപ്പാക്കും.
പകൽവീട്
നഗരസഭയിൽ രണ്ടിടങ്ങളിൽ വയോജനങ്ങൾക്കായി പകൽ വീടുകളുണ്ട്.
കൂടുതൽ വാർഡുകളിൽ പകൽ വീടുകൾ പരിഗണിക്കും. കുട്ടികളുടെ പാർക്കും അനുയോജ്യമായ സ്ഥലത്ത് ആരംഭിക്കും. അത്താണിയിൽ പിഡബ്ല്യുഡി റോഡ് കയ്യേറിയവരെ ഒഴിപ്പിച്ച ശേഷം ബസ് വെയ്റ്റിങ് ഷെഡുകൾ നിർമിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

