വോട്ടവകാശമുള്ള, എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യുന്ന കുറേ മനുഷ്യർ ജില്ലയുടെ അതിരുകളിൽ വനങ്ങളോടു ചേർന്നും വനത്തിലുള്ളിലായും താമസിക്കുന്നുണ്ട്. പൊതുസമൂഹത്തിലും അരികുകളിലാണ് അവരുടെ സ്ഥാനമെന്നു തോന്നും അവരോടുള്ള മനോഭാവം കണ്ടാൽ.
അവർക്കായി പ്രത്യേക ഉദ്യോഗസ്ഥരും ഫണ്ടുമൊക്കെയുണ്ട്. എന്നാൽ, അതൊക്കെ എത്തേണ്ട
കൈകളിൽ എത്തുന്നുണ്ടോയെന്നു സംശയമാണ്. മറ്റൊരു തിരഞ്ഞെടുപ്പുകാലം കൂടിയെത്തുമ്പോൾ അവർ ചോദിക്കുകയാണ്, ഞങ്ങളും ഇവിടെയുണ്ട്… കാണുന്നുണ്ടോ?
ആനയ്ക്കു മനസ്സലിവുണ്ട്; ആൾക്കാർക്കതുണ്ടോ?
മണിയൻകിണർ ∙ ‘ഇന്നലെ രാത്രിയും അവൻ വന്നിരുന്നു.
ഒരു കൊമ്പൻ. ഞാൻ ടോർച്ചുമായി കയറിച്ചെന്നു.
നിലാവത്തു കരിമ്പാറ പോലെ നിക്കുകയാണ്. നീ എന്തിനാണു ഞങ്ങളെ ഉപദ്രവിക്കാൻ വരുന്നത് എന്നു ഞാനവനോടു ചോദിച്ചു.
നിനക്ക് എന്തെങ്കിലും ശല്യത്തിനു ഞങ്ങൾ വരുന്നുണ്ടോ എന്നും ചോദിച്ചു. പതുക്കെ ഒന്നു ചീറ്റിയിട്ട് അവനങ്ങു പോയി.
ഞാൻ പറഞ്ഞത് അവനു മനസ്സിലായിട്ടൊന്നുമല്ല, എങ്കിലും അവരോടു സഹജീവികളെന്ന പോലെ സംസാരിക്കുന്ന പൂർവികരെ കണ്ടുവളർന്നതാണു ഞങ്ങൾ.’ പറയുന്നതു മണിയൻകിണർ ആദിവാസി ഉന്നതിയിലെ കുട്ടൻ മൂപ്പനാണ്. എന്നത്തെയും പോലെ ഈ തിരഞ്ഞെടുപ്പുകാലത്തും ഉന്നതിയിലുള്ളവർ ഏറെ പറയുന്നത് വന്യജീവികളുടെ ആക്രമണത്തെക്കുറിച്ചാണ്.
പീച്ചി ഡാം റിസർവോയറിനോടു ചേർന്നാണു കുട്ടൻ മൂപ്പന്റെ വീട്. ‘പണ്ടു വള്ളം തുഴഞ്ഞു വേണമായിരുന്നു റേഷൻ വാങ്ങാൻ പോവാൻ.
ഇന്നു സ്ഥിതി മാറി. ഉന്നതികളിൽ റേഷൻ നേരിട്ട് എത്തിത്തുടങ്ങി.
വീടുകളും പുതുക്കിപ്പണിതു തുടങ്ങി. എല്ലാ വീട്ടിലും വൈദ്യുതി ഉണ്ട്.
കുട്ടികൾ പഠിക്കാൻ പോകുന്നു. ജോലിക്കു പോകുന്നു.
ഞങ്ങൾക്കു വനാവകാശ രേഖയുള്ള ഭൂമി ഉണ്ട്. ഒരാൾക്കു ചുരുങ്ങിയത് ഒരേക്കർ ഉണ്ട്.
ഞങ്ങൾക്കവിടെ കൃഷി ചെയ്യണം. സ്ഥലം കിട്ടി എന്നതു ശരിയാണ്.
പക്ഷേ, അതുകൊണ്ടു ജീവിതമാർഗം ഉണ്ടാവണമെങ്കിൽ കൃഷി ചെയ്യാൻ സാഹചര്യം ഉണ്ടാവണം. വന്യജീവി ശല്യമുണ്ടാവാതിരിക്കാൻ ഫെൻസിങ് സ്ഥാപിക്കണം.
കൃഷിഭവന്റെ സഹകരണവും വേണം’.
കാടു പിടിക്കാത്ത രാഷ്ട്രീയം
കാടിനോടു പൊരുതിയും പിണങ്ങിയും ഇണങ്ങിയും ജീവിച്ച മനുഷ്യർ. വാഗ്ദാനങ്ങൾ ചൊരിഞ്ഞു തോൽപിക്കാൻ കഴിയാത്ത കൂട്ടർ.
തിരഞ്ഞെടുപ്പു കാലത്തു സന്ദർശിക്കുന്നവരോടു പറയാൻ വാക്കുകൾ മൂർച്ചകൂട്ടി വച്ചിട്ടുണ്ട് അവർ. ആദിവാസികൾക്ക് എല്ലാം ചെയ്തു നൽകിയെന്നു പറഞ്ഞു നടക്കുന്നവരെ അവർ വാക്കുകൾ കൊണ്ടു നേരിടും.
ഞങ്ങൾക്ക് എവിടെയാണു സുരക്ഷ എന്നു ഷീറ്റ് മേഞ്ഞ ഷെഡ്ഡിലേക്ക് വിരൽചൂണ്ടി അവർ ചോദിക്കും. മരണം വരെ വീടിനായി ഞങ്ങൾ കാത്തിരിക്കണോ എന്ന് അവർ ചോദിക്കും.
‘‘കുട്ടികൾ സ്കൂൾ വിട്ടുവരുന്ന വഴികളിൽ ആനക്കൂട്ടം വരുന്നതു പതിവാണ്. ആ കുട്ടികൾക്കു സുരക്ഷയുണ്ടോ.
ഞങ്ങൾക്കു കാട്ടിൽ ജീവിക്കാൻ ഭയമില്ല. പക്ഷേ, പണ്ടത്തെ കാടല്ല ഇത്.
പണ്ടത്തേക്കാൾ ആനയും പുലിയും കരടിയും വർധിച്ചു. അവ കാടിറങ്ങുകയാണ്.
അപ്പോൾ ആദ്യം ആക്രമിക്കാൻ കിട്ടുക ഞങ്ങളുടെ സ്ഥലവും സ്വത്തുമാണ്. ഇതിനു പരിഹാരം വേണ്ടേ? വീടുകൾ സുരക്ഷിതമല്ല.
വീട് നിർമിക്കാനായി സർക്കാർ നൽകുന്ന 6 ലക്ഷം രൂപ ഇപ്പോൾ ഞങ്ങളുടെ കൈകളിൽ തരുന്നില്ല. സ്വകാര്യ കോൺട്രാക്ടർമാരാണു വീട് നിർമാണം ഏറ്റെടുത്തിരിക്കുന്നത്.
അവർ പാതി പണി പോലും പൂർത്തിയാക്കാതെ ഇട്ടുപോകുകയാണ്. ഇതിനെന്താണു പരിഹാരം’’? മണിയൻകിണർ ഉന്നതിയിലെ ഓമനകൃഷ്ണനും മാധവനും ചോദിക്കുന്നു.
കൃഷി ചെയ്യാൻ തയാറാണ്, പിന്തുണ വേണം
ദേശീയപാതയിൽ വാണിയമ്പാറയിൽ നിന്നു 9 കിലോമീറ്റർ സഞ്ചരിച്ചാൽ മണിയൻകിണർ ആദിവാസി ഉന്നതിയിൽ എത്താം.
മൂന്നു വശത്തു കാടും ഒരു വശത്തു പീച്ചി റിസർവോയറും. ഇവയുടെ നടുവിലായി 82 കുടുംബങ്ങളിലായി മണിയൻകിണറിലെ ആദിവാസികൾ.
കാട്ടിലെ വിഭവം ശേഖരിക്കലാണു പരമ്പരാഗത തൊഴിൽ. എന്നാൽ ഇന്ന് വിഭവ ശേഖരണം കുറഞ്ഞു.
കൂടുതൽ പേരും വാണിയമ്പാറയിലെ റബർ എസ്റ്റേറ്റുകളിൽ പണിയെടുക്കുന്നവർ. ചിലർ തൊഴിലുറപ്പ് വഴി ജീവിക്കുന്നു.
വളരെ കുറച്ചു പേർ മാത്രമാണു കൃഷി ചെയ്യുന്നത്. കൃഷി ചെയ്യാനുളള വിമുഖതയുടെ കാരണം വന്യജീവി ആക്രമണം തന്നെ.
പുതിയ തലമുറയ്ക്കു കൃഷിയോടു താൽപര്യമില്ല എന്നു പറയുമ്പോഴും മൂപ്പന്റെ മകൻ ആകാശ് കൃഷിയിറക്കാനുള്ള ഒരുക്കത്തിലാണ്. പ്ലസ്ടു പൂർത്തിയാക്കിയ ആകാശ് കാർ വാഷ് കേന്ദ്രത്തിൽ കുറച്ചുനാൾ ജോലി ചെയ്തെങ്കിലും പിന്നീട് അതു നിർത്തി സ്വന്തം സ്ഥലത്തു നട്ട റബർ നോക്കിനടത്താൻ തുടങ്ങി. ഇനി കൃഷി ചെയ്യാനാണു തീരുമാനം.
വന്യജീവി ശല്യം തടസ്സമാണെങ്കിലും കൃഷിയിറക്കി നോക്കാൻ തന്നെയാണു തീരുമാനം. ഇത്തരം നിശ്ചയങ്ങൾക്കു പ്രചോദനമാവാൻ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്കു കഴിയുമോ എന്നാണു കണ്ടറിയേണ്ടത്.
ആകാശിന് 20 വയസ്സാണ്. പക്ഷേ, വോട്ടേഴ്സ് ലിസ്റ്റിൽ ഇത്തവണ പേരില്ല.
ഒളകര: പോരാട്ടം തുടർന്ന് മാധവി
ഒളകര ആദിവാസി ഉന്നതിയിലെ ആദിവാസികൾ ഭൂമിയുടെ അവകാശത്തിനായി പൊരുതിയ ആ മണ്ണിന്റെ സമരച്ചൂടിന് ഈ തിരഞ്ഞെടുപ്പുകാലത്തു വീണ്ടും പ്രസക്തിയേറുന്നു.
ആദിവാസികൾ ഭൂമിയുടെ അവകാശത്തിനായി കുടിൽകെട്ടി താമസിച്ചായിരുന്നു സമരം ചെയ്തത്. അന്നു സമരഭൂമിയിൽ കെട്ടിയ ഷെഡിലാണു ഊര് മൂപ്പത്തി മാധവി ഇപ്പോഴും താമസിക്കുന്നത്. വീട് നിർമിച്ചു നൽകാമെന്ന വാഗ്ദാനമുണ്ടെങ്കിലും വീട് നിർമാണം പൂർത്തിയായാലേ ഷെഡിൽ നിന്നു മാറൂ എന്നാണു മാധവി പറയുന്നത്.
മാത്രമല്ല വനാവകാശ രേഖ എന്നതു പട്ടയമാകണം. ‘ഞങ്ങളുടെ മക്കൾ വളർന്നുവരുന്നു. അവർക്കെങ്കിലും അടച്ചുറപ്പുള്ള വീട്ടിൽ കഴിയണം.
ഈ മുറ്റത്തെ പൈപ്പ് തകർത്തത് ആനയാണ്. ഈ കലം ചവിട്ടി തകർത്തത് ആനയാണ്.
നാളെ ഞങ്ങളെയും ആക്രമിച്ചേക്കാം’. മാധവി പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

