തൃശൂർ ∙ പുലി വരുന്നേ, പുലി എന്ന പറച്ചിൽ ഇന്നത്തോടെ തീരും. തേക്കിൻകാടിനു ചുറ്റും പുലിയിറങ്ങുന്നതോടെ ഇന്ന് കളി കാര്യമാകും.
പിന്നെ തൃശൂര് എന്നാൽ പാട്ടിലെ വരി പോലെ നിറയും: ‘ഓണത്തിന് പുലിയിറങ്ങണൊരൂര് നമ്മുടെ ഊര്’. വരയനും പുള്ളിയും കരിമ്പനും ഉൾപ്പടെ സകല പുലികളും കൂടുംകുടുക്കയും കുട്ടിയുംവട്ടിയും സഹിതം സകുടുംബം ഊരുചുറ്റും.
9 സംഘങ്ങളാണ് ഇന്ന് കളിക്കിറങ്ങുന്നത്. ഒന്നിച്ചിറങ്ങും മുൻപേ മടകളിൽ പുലിയൊരുക്കം തകൃതിയാണ്.
കടുപ്പത്തിലൊരു ചായം!
ഉയരം കൂടുന്തോറും ചായയ്ക്കു രുചി കൂടും പോലെയാണ് പുലിച്ചായത്തിന്റെ കാര്യവും. നീട്ടി അരയ്ക്കും തോറും ചായത്തിനു പളപളപ്പു കൂടും.
അതും അമ്മിക്കല്ലിൽ നീട്ടിയരയ്ക്കണം. ചായപ്പൊടിയുടെ തരി ലവലേശം ഉണ്ടാകരുത്.
നീട്ടിവരച്ചാൽ മിനുമിനുത്ത് അവിടെ കിടക്കണം. അമ്മിയിൽ ചായം വിതറി, നടുവിലൊരു കുഴികുഴിച്ച് അതിലേക്കു വാർണിഷ് ഒഴിച്ചാണ് അരയ്ക്കൽ.
എട്ടും പത്തും മണിക്കൂർ എടുത്താണ് മടകളിലെ ചായമരയ്ക്കൽ. കറുപ്പ്, വെള്ള, മഞ്ഞ, ചുവപ്പ്, ഓറഞ്ച് നിറങ്ങളാണ് കുഴമ്പുരൂപത്തിൽ അരച്ചെടുക്കുന്നത്.
വെള്ളയും മഞ്ഞയും ആണ് പ്രധാനനിറക്കാർ. ഓരോ നിറവും കൂട്ടിക്കലർത്തി മറ്റു നിറങ്ങളും ഉണ്ടാക്കും.
പുലിവര തുടങ്ങും മുൻപേ ടർപന്റൈയ്നും തിന്നറും സമാസമം ചേർത്ത് ചായം പട്ടുപോലെയാക്കും. ഓരോ കോട്ട് ചായം അടിച്ച് അത് ഉണങ്ങിയ ശേഷമാണ് വര.
ഓരോ പുലിയുടെയും ശരീരപ്രകൃതം അനുസരിച്ചായിരിക്കും ചായം ഉണങ്ങൽ. ചൂടും വിയർപ്പും കൂടുംതോറും ചായം ഉണങ്ങാനും സമയമെടുക്കും.
അതുപോലെ വെയിലും കാറ്റും പ്രധാനമാണ്. 12 മണിക്കൂറിലധികം പിന്നിട്ട് പാതിരാത്രിയാകും ശരീരത്തിൽ നിന്ന് ചായമിറക്കാൻ.
‘ കുടവൈറൽ ’
കുടവയറുണ്ടോ? എന്നാൽ പുലി കൂടുതൽ വൈറലാകും.
വയറിട്ട് കുലുക്കിയാൽ പുലി തലയിട്ടു കുലുക്കുന്നതായി തോന്നണം. ചുവടുവച്ച് ആടിയുലഞ്ഞാൽ പുലി ഗർജിക്കുന്നതായി തോന്നണം.
അത്തരം കുടവയറന്മാരെ തേടിപ്പിടിച്ച് മടയിലെത്തിക്കാൻ ചില്ലറപാടല്ല. കാരണം കുടവയറിൽ ആരെങ്കിലും കണ്ണുവച്ചാൽ പുലിക്കു പിടിവിടും.
അങ്ങനെ കാശിറക്കാൻ സംഘങ്ങൾ തയാറായാൽ പുലി മട വിടും.
അതുകൊണ്ട് നേരത്തെ വയർ ബുക്ക് ചെയ്തിടണം. അതിനുള്ള ഉത്രാടപ്പാച്ചിൽ മാസങ്ങൾക്കു മുൻപേ തുടങ്ങണം. പരിചയസമ്പന്നതയും മെയ്വഴക്കവുമുള്ള പുലികൾക്ക് ഡിമാൻഡ് കൂടും.
ഓരോ ടീമിലും പരമാവധി 51 പുലിയെന്നാണു കണക്ക്.
അതിൽ കുറഞ്ഞത് 15 മുതൽ 20 വരെ വയറന്മാരുണ്ടാകണം. പെൺപുലികളും കുട്ടിപ്പുലികളും വേറെ.
അരോഗ്യദൃഢഗാത്രരായ ‘സിക്സ് പാക്ക്’ പുലികളും ഇക്കൂട്ടത്തിലുണ്ടാകും. പുലിവരയിലുമുണ്ട് കാര്യം. മെയ്യെഴുത്തു കലാകാരന്റെ കരവിരുതിലാണ് കാണിയുടെ കൗതുകം നിറയുന്നത്. ശരീരം കൊണ്ടു മാത്രമല്ല, വരയും വർണവും കൊണ്ടും ആണ് ഓരോ പുലികളും വ്യത്യസ്തരാകുന്നത്.
പുലിക്കൂട് തുറക്കുന്നവർ
9 ദേശക്കാരാണ് ഇത്തവണ നഗരത്തിൽ പുലിയെ മേയാൻ വിടുന്നത്.
ഒരു പുലിക്കളി സംഘത്തിൽ 35 മുതൽ 51 വരെ പുലികളും 2 നിശ്ചലദൃശ്യവും ഒരു പുലിവണ്ടിയും ഉണ്ടാകും. നിശ്ചലദൃശ്യങ്ങളിലൊന്ന് പരിസ്ഥിതിയും ലഹരിവിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ടതായിരിക്കും.
ഓരോസംഘങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെ അവസാനവട്ട ഒരുക്കങ്ങളും തുടരുകയാണ്.
∙അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതി
∙കുട്ടൻകുളങ്ങര പുലിക്കളി സംഘം
∙സീതാറാം മിൽ ദേശം പുലിക്കളി സംഘാടക സമിതി
∙ചക്കാമുക്ക് ദേശം
∙നായ്ക്കനാൽ പുലിക്കളി സമാജം
∙വിയ്യൂർ യുവജനസംഘം
∙ശങ്കരംകുളങ്ങര ദേശം പുലിക്കളി ആഘോഷ സമിതി
∙വെളിയന്നൂർ ദേശം പുലിക്കളി സംഘം
∙പാട്ടുരായ്ക്കൽ ദേശം കലാകായിക സാംസ്കാരിക സമിതി
കടിച്ചെടുക്കണം സമ്മാനം
നന്നായി ചുവടുവച്ച് കളിക്കണം, സമ്മാനം കടിച്ചെടുക്കണം.
നഗരത്തിലിറങ്ങിയാൽ ഇതാകും ഓരോ പുലിയുടെയും ഉള്ളിലിരുപ്പ്. അതിനാൽ പുലിക്കൊട്ടും ചുവടും ഒന്നിനോടൊന്ന് ഇന്ന് കസറും.
പുലിവരയ്ക്കും ചമയപ്രദർശനത്തിനും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് കോർപറേഷൻ ട്രോഫിയും കാഷ് പ്രൈസും നൽകും. പുലിക്കളി കലാകാരന്മാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്കായി 50 ലക്ഷം രൂപയുടെ ഇൻഷുറൻസും ഏർപ്പെടുത്തിയിട്ടുണ്ട്.
പുലിവാല് പിടിക്കണ്ടാ ട്ടൊ!
പുലിയെ കാണണമെന്ന് ഉണ്ടെങ്കിൽ നേരത്തെ ഇറങ്ങിക്കോളൂ. അല്ലെങ്കിൽ അവസാനം പുലിവാല് പിടിക്കും.
ഉച്ചയ്ക്കു 2 മുതൽ സ്വരാജ് റൗണ്ടിലും സമീപറോഡുകളിലും ഗതാഗതം നിയന്ത്രിച്ചു തുടങ്ങും.
വേണ്ടാത്തതിന് നിന്നാൽ അവസാനം പുലി പിടിച്ചില്ലെങ്കിലും പൊലീസ് പിടിക്കുമെന്ന് ഉറപ്പാണ്.
തേങ്ങയുടയ്ക്ക് സ്വാമി ..
ഓരോ സംഘങ്ങളും അവരവർക്ക് അനുവദിച്ച സമയത്ത് നഗരത്തിലേക്കു കയറും. നടുവിലാൽ ഗണപതിക്കു നാളികേരമുടച്ച് നഗരംചുറ്റിയുള്ള കളി തുടങ്ങും.
ബിനി ജംക്ഷൻ വഴി കുട്ടൻകുളങ്ങര ദേശവും കല്യാൺ ജ്വല്ലേഴ്സിനു സമീപത്തു നിന്ന് വിയ്യൂർ യുവജനസംഘവും നടുവിലാൽ ജംക്ഷൻ വഴി ശങ്കരംകുളങ്ങര, അയ്യന്തോൾ, ചക്കാമുക്ക്, സീതാറാം മിൽ ദേശക്കാരും നായ്ക്കനാൽ ജംക്ഷൻ നായ്ക്കനാൽ, പാട്ടുരായ്ക്കൽ ദേശങ്ങളും നഗരത്തിൽ പ്രവേശിക്കും. 4.30നു തെക്കെ ഗോപുരനടയിൽ വെളിയന്നൂർ പുലിക്കളി സംഘത്തിന് മന്ത്രിമാരും മേയറും ചേർന്ന് ഫ്ലാഗ് ഓഫ് നൽകുന്നതോടെ പുലിക്കളിക്ക് ഔദ്യോഗിക തുടക്കമാകും.
ചരിത്രത്തിലാദ്യമായി കേന്ദ്ര ധനസഹായം
∙ പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര ധനസഹായം അനുവദിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഓരോ സംഘത്തിനും 3 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്.
പുലിക്കളിയുടെ ചരിത്രത്തിലാദ്യമായാണ് കേന്ദ്ര സർക്കാരിന്റെ ധനസഹായം ലഭിക്കുന്നത്. ടൂറിസം മന്ത്രാലയത്തിന്റെ ഡിപിപിഎച്ച് സ്കീമിൽ ഉൾപ്പെടുത്തിയാണ് ഓരോ സംഘങ്ങൾക്കും 3 ലക്ഷം രൂപ വീതം അനുവദിച്ചതെന്ന് സുരേഷ് ഗോപി അറിയിച്ചു.
പ്രശസ്തമായ തൃശൂർ പുലിക്കളി സംഘങ്ങൾക്ക് തന്റെ വക ഓണസമ്മാനമാണ് ഇതെന്നും അദ്ദേഹം കുറിച്ചു. തഞ്ചാവൂർ സൗത്ത് സോൺ കൾചറൽ സെന്റർ പുലിക്കളി സംഘങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം സംഭാവന നൽകുമെന്നും അദ്ദേഹം അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]