തൃശൂർ: ശമ്പള വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അമല ആശുപത്രിയിലെ നഴ്സുമാർ നടത്തിവന്ന സമരം ഒത്തുതീർപ്പിലെത്തി. ജില്ലാ ലേബർ ഓഫിസർ എം.എം.ജോവിൻ മുൻകൈയെടുത്ത് മാനേജ്മെന്റ് പ്രതിനിധികളുമായും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) ഭാരവാഹികളുമായും നടത്തിയ ചർച്ചയിലാണ് പ്രശ്നപരിഹാരമുണ്ടായത്.
ഇതിനെത്തുടർന്ന് നഴ്സുമാർ ജോലിയിൽ പ്രവേശിച്ചു തുടങ്ങി. സമരത്തിന്റെ ഭാഗമായി അമല ആശുപത്രി മാനേജ്മെന്റ് നൽകിയ ഉറപ്പുകൾ പ്രകാരം, ഏപ്രിൽ മാസം മുതൽ നഴ്സ് ട്രെയിനികളുടെ സ്റ്റൈപ്പൻഡ് 15,100 രൂപയിൽ നിന്ന് 22,500 രൂപയായി വർധിപ്പിച്ചു.
കൂടാതെ, നഴ്സുമാർക്ക് അധിക അലവൻസ് ഇനത്തിൽ 4,000 രൂപ മുതൽ 6,000 രൂപ വരെയും വർധനവ് വരുത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രി മേഖലയിലെ മിനിമം വേതനം പരിഷ്കരിച്ചുകൊണ്ട് സർക്കാർ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറയ്ക്ക്, ആ തുക മുൻകാല പ്രാബല്യത്തോടെ നൽകുമെന്നും മാനേജ്മെന്റ് ഉറപ്പുനൽകി.
സമരത്തിൽ പങ്കെടുത്ത 600 നഴ്സുമാരെയും 45 ടെക്നീഷ്യന്മാരെയും ഘട്ടംഘട്ടമായി ജോലിയിൽ തിരികെ പ്രവേശിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനായുള്ള നടപടിക്രമങ്ങൾ ഇന്നലെ ഉച്ചയ്ക്ക് ശേഷം ആരംഭിച്ചു.
ജില്ലയിലെ മറ്റ് ആശുപത്രികളിൽ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിൻവലിച്ചതായി യുഎൻഎ ഭാരവാഹികൾ അറിയിച്ചു. അതേസമയം, ജൂബിലി ആശുപത്രിയിലെ നഴ്സുമാരുടെ സമരം തുടരുകയാണ്.
സമരം പരിഹരിക്കുന്നതിനായി മാനേജ്മെന്റുമായി ഉടൻ ചർച്ച നടത്തുമെന്ന് ജില്ലാ ലേബർ ഓഫിസർ അറിയിച്ചിട്ടുണ്ട്. എന്നാൽ, ജൂബിലി ആശുപത്രി മാനേജ്മെന്റ് നിലവിൽ ചർച്ചകൾക്ക് തയ്യാറായിട്ടില്ലാത്തതിനാൽ ആശുപത്രിക്ക് മുന്നിലെ സമരം തുടരുമെന്ന് സംഘടന വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

