
നേരിടാൻ, സജ്ജരാകാൻ; തൃശൂരിൽ രണ്ടിടത്ത് മോക്ഡ്രിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ∙ എന്തു സംഭവിച്ചാലും രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്നുള്ള സന്ദേശത്തോടെ ജില്ലയിൽ 2 സ്ഥലങ്ങളിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു. രാജ്യം യുദ്ധസമാനമായ സാഹചര്യം നേരിടുന്നതിന് മുന്നോടിയായിട്ടാണ് നടത്തിയതെങ്കിലും ഏതൊരാൾക്കും അടിയന്തര ഘട്ടങ്ങളെ എങ്ങനെ നേരിടണമെന്ന് അറിവ് നൽകുന്നതായിരുന്നു മോക്ഡ്രിൽ.
പൂരമായതിനാലാണ് ടൗണിൽ നടത്തേണ്ട മോക്ഡ്രിൽ പുഴയ്ക്കൽ ശോഭാ സിറ്റി റസിഡൻസിലേക്ക് മാറ്റിയത്. ഗുരുവായൂരിൽ അമ്പല പരിസരത്തായിരുന്നു മോക്ഡ്രിൽ. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് ഫയർഫോഴ്സും സിവിൽ ഡിഫൻസും ചേർന്നായിരുന്നു സംഘടിപ്പിച്ചത്. ഡ്രിൽ ആരംഭിക്കുന്നതിന് മുന്നോടിയായും അവസാനിപ്പിക്കുമ്പോഴും സൂചന നൽകി സൈറൺ മുഴങ്ങി.
തകർന്ന കെട്ടിടങ്ങളിലും പ്രദേശങ്ങളിലും ആവശ്യമായ രക്ഷാപ്രവർത്തനം നടത്തുന്നത്, അവിടെ നിന്ന് പരുക്കേറ്റവരെ ഒഴിപ്പിക്കാനാവശ്യമായ സംവിധാനങ്ങൾ ഉറപ്പാക്കുന്നത്, സംഭവ സ്ഥലത്ത് തന്നെ താൽക്കാലിക ആശുപത്രി ഒരുക്കുന്നത്, തീപിടിച്ച കെട്ടിടത്തിൽ നിന്ന് ആളെ റോപ് വഴി താഴെയിറക്കുന്നത്.
പരുക്കേറ്റവരെ സ്ട്രെച്ചറിൽ കിടത്തി ആംബുലൻസിൽ കയറ്റുന്നത്, ജനക്കൂട്ടത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത്, തീയണയ്ക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ശോഭാ സിറ്റിയിലെ മോക്ഡ്രില്ലിൽ ഉൾപ്പെട്ടിരുന്നത്. സ്ഫോടനത്തിൽ പരുക്കേറ്റവരെ ആംബുലൻസിൽ കയറ്റുന്നതും തീയണയ്ക്കുന്നതും ആളുകളെ സുരക്ഷിതരാക്കുന്നതുമാണ് ഗുരുവായൂരിലെ മോക്ഡ്രില്ലിൽ ഉൾപ്പെടുത്തിയത്.
ശോഭാ സിറ്റി റസിഡൻസ് പരിസരത്ത് നടത്തിയ മോക് ഡ്രില്ലിനു സബ് കലക്ടർ അഖിൽ വി.മേനോൻ, പുഞ്ച സ്പെഷൽ ഓഫിസർ പ്രാൺ സിങ്, ജില്ലാ ഫയർ സ്റ്റേഷൻ ഓഫിസർ വിജയ് കൃഷ്ണ, എൻഡിആർഎഫ് ടീം കമാൻഡർ അലോക് കുമാർ ശുക്ല, 23 കേരള ബറ്റാലിയൻ ജിസിഐ കെ.ആർ.പ്രസന്ന, തോളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്റർ സൂപ്രണ്ട് ഡോ. ജോബ്, വിയ്യൂർ സിഐ മിഥുൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഗുരുവായൂരിൽ ഡപ്യൂട്ടി തഹസിൽദാർ കെ.സന്തോഷ്, ചാവക്കാട് തഹസിൽദാർ എം.കെ.കിഷോർ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, വില്ലേജ് ഓഫിസർ കെ.എ.അനിൽകുമാർ, റാപിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് ഓഫിസർ എസ്.ആർ.മഹേഷ്, ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫിസർ കൃഷ്ണ സാഗർ, ഗുരുവായൂർ ടെംപിൾ ഇൻസ്പെക്ടർ ഓഫ് പൊലീസ് ജി.അജയകുമാർ, ചാവക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.