
ഗുരുവായൂർ – മധുര എക്സ്പ്രസിൽ ‘തിക്കും തിരക്കും കൂട്ടാൻ’ റെയിൽവേ തീരുമാനം; 4 കോച്ചുകൾ കൂടി സ്ലീപ്പർ ആക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ സ്ഥിരം യാത്രക്കാരുടെ ആശ്രയമായ ഗുരുവായൂർ – മധുര എക്സ്പ്രസിൽ ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം വ്യാപകമായിരിക്കെ നിലവിലുള്ള കോച്ചുകളിൽ നാലെണ്ണം കൂടി സ്ലീപ്പർ ആക്കി മാറ്റാൻ റെയിൽവേയുടെ തീരുമാനം. ദിവസവും രാവിലെ ഈ വണ്ടിയെ ആശ്രയിച്ചു തൃശൂരിൽ നിന്ന് എറണാകുളം, കോട്ടയം മേഖലകളിലേക്കു യാത്ര ചെയ്യുന്ന ജോലിക്കാരും വിദ്യാർഥികളുമടക്കം നൂറുകണക്കിനു പേർ ഇതോടെ ദുരിതത്തിലാകും. ജനറൽ കോച്ചുകളിൽ അനുഭവപ്പെടുന്ന തിരക്ക് അതിരൂക്ഷമാകാൻ ഇതോടെ സാധ്യതയേറി.
14 കോച്ചുകളാണു ഗുരുവായൂർ – മധുര എക്സ്പ്രസിൽ ഇപ്പോഴുള്ളത്. രാവിലെ 5.50നു ഗുരുവായൂരിൽ നിന്നു പുറപ്പെടുന്ന വണ്ടി 6.17ന് ആണു തൃശൂരിലെത്തുക. എട്ടിന് എറണാകുളം നോർത്തിലും 9.35നു കോട്ടയത്തും എത്തുന്ന വണ്ടി വിദ്യാർഥികൾക്കും ജോലിക്കാർക്കും സ്ഥിരാശ്രയമാണ്. 14 കോച്ചുകളിൽ ഒരെണ്ണം എസിയും രണ്ടെണ്ണം സ്ലീപ്പറും ബാക്കിയെല്ലാം ജനറലുമാണെങ്കിലും എറണാകുളം വരെ കനത്ത തിരക്ക് ജനറൽ കോച്ചുകളിൽ നിത്യ കാഴ്ചയാണ്. കോച്ചുകളുടെ എണ്ണം 18 ആക്കിയാൽ തിരക്കിന് ആശ്വാസമാകുമെന്നതിനാൽ ഈ ആവശ്യം കാലങ്ങളായി ഉയരുന്നുണ്ട്.
ഇതിനു പകരം ഇപ്പോഴുള്ള ജനറൽ കോച്ചുകളിൽ നാലെണ്ണം കൂടി സ്ലീപ്പറാക്കി മാറ്റാനാണു റെയിൽവേ തീരുമാനം. ചെങ്കോട്ട റൂട്ടിലൂടെയാണു യാത്രയെന്നതിനാലാണു കൂടുതൽ കോച്ചുകൾ അനുവദിക്കാത്തതെന്നു സൂചനയുണ്ട്. അങ്ങനെയെങ്കിൽ കൊല്ലം വരെയെങ്കിലും അധിക കോച്ചുകൾ അനുവദിക്കണമെന്നു തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.